'പഴയ ഇടങ്ങൾ മാത്രം പോരല്ലോ, എല്ലാ "ഇടത്തും" പുതിയയിടങ്ങൾ കൂടി വരട്ടെ...'; ഗീവർഗീസ് കൂറിലോസ്
വിവാദങ്ങളെത്തുടർന്ന് അടുത്ത കലോത്സവം മുതൽ ഭക്ഷണം വിളമ്പാൻ താനുണ്ടാവില്ലെന്ന് പഴയിടം പ്രതികരിച്ചിരുന്നു
സ്കൂള്‍ കലോത്സവങ്ങളില്‍ ഇനി മുതൽ ഭക്ഷണം പാകം ചെയ്യാൻ താനുണ്ടാകില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി അറിയിച്ചതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച ഉയരുകയാണ്. പഴയിടത്തിന്‍റെ തീരുമാനം വന്നതിന് പിറകെ ഫേസ് ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് കൂറിലോസ്. 'പഴയ ഇടങ്ങൾ മാത്രം പോരല്ലോ, എല്ലാ "ഇടത്തും" പുതിയയിടങ്ങൾ കൂടി വരട്ടെ...' എന്നാണ് അദ്ദേഹം തന്‍റെ ഫേസ്ബുക്കിൽ കുറിച്ചത്.
16 വർഷമായി പാചക രംഗത്ത് പ്രവർത്തിക്കുന്ന ആളാണ് പഴയിടം മോഹനൻ നമ്പൂതിരി. സ്കൂള്‍ കലോത്സവത്തില്‍ നോണ്‍ വെജ് വിളമ്പാത്തതും സ്ഥിരമായി പഴയിടം മോഹനന്‍ നമ്പൂതിരി തന്നെ പാചകക്കാരനാകുന്നതുമായിരുന്നു കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയിലെ ചൂടേറിയ ചര്‍ച്ച. പഴയിടത്തിന്‍റെ ജാതി മൂലമാണ് ഈ പ്രിവിലേജ് ലഭിക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം, മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ കലോത്സവത്തില്‍ വെജ് മാത്രം വിളമ്പുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. വിവാദങ്ങളെത്തുടർന്ന് അടുത്ത കലോത്സവം മുതൽ ഭക്ഷണം വിളമ്പാൻ താനുണ്ടാവില്ലെന്ന് പഴയിടം പ്രതികരിച്ചിരുന്നു. അനാവശ്യമായി ജാതീയതയുടെയും വർഗീയതയുടെയും വിത്തുകൾ വാരിയെറിഞ്ഞ സാഹചര്യത്തിൽ ഇനി മുതൽ കലോത്സവ വേദികളെ നിയന്ത്രിക്കുന്നത് ഭയമുള്ള കാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേ സമയം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അടുത്ത വർഷം മുതൽ നോൺവെജ് ഭക്ഷണമുൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. അടുത്തവർഷം നോൺവെജ് വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചിരുന്നു. സസ്യാഹാരവുമായി ബന്ധപ്പെട്ട് വാവാദങ്ങളുയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം.