തുണി സഞ്ചി അടക്കം 14 ഇനങ്ങൾ; ഓണക്കിറ്റ് വിതരണം ഇന്നുമുതൽ
ഏഴാം തീയതിയോടെ ഭക്ഷ്യക്കിറ്റ് വിതരണം പൂർത്തിയാക്കും. ഓണം കഴിഞ്ഞ് കിറ്റ് വിതരണമുണ്ടാകില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ. തുണി സഞ്ചി അടക്കം 14 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്. വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കും.
ആഗസ്റ്റ് 23, 24 തീയതികളിൽ എ.എ.വൈ കാർഡുകാർക്ക് കിറ്റ് വിതരണം ചെയ്യും. 25, 26, 27 തീയതികളിൽ പിങ്ക് കാർഡുടമകൾക്കും 29, 30 31 തിയതികളിൽ നീല കാർഡുകാർക്കും സെപ്റ്റംബർ 1,2,3 തീയതികളിൽ വെള്ള കാർഡുകാർക്കും കിറ്റ് വിതരണം ചെയ്യും. പ്രസ്തുത തീയതികളിൽ കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് സെപ്തംബർ 4 മുതൽ 7 വരെ അവസരം നൽകും.
ഏഴാം തീയതിയോടെ ഭക്ഷ്യക്കിറ്റ് വിതരണം പൂർത്തിയാക്കും. ഓണം കഴിഞ്ഞ് കിറ്റ് വിതരണമുണ്ടാകില്ല. കാർഡ് ഉടമകൾ അവരുടെ കടകളിൽ നിന്നു തന്നെ കിറ്റ് വാങ്ങണം. ആദിവാസി ഊരുകളിൽ ഭക്ഷ്യക്കിറ്റ് വാതിൽപ്പടിയായിട്ടാകും വിതരണം ചെയ്യുക.