മറന്നോ സഹ്യപുത്രാ നിന്നെ; അരിക്കൊമ്പനെ നാട് കടത്തിയിട്ട് ഒരു വർഷം
തിരുനെൽവേലി കളക്കാട് മുണ്ടൻ തുറൈ കടുവ സങ്കേതത്തിലാണ് അരിക്കൊമ്പൻ ഉള്ളത്.
ഇടുക്കി: ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തിയിരുന്ന അരിക്കൊമ്പനെ നാട് കടത്തിയിട്ട് ഇന്നേക്ക് ഒരു വർഷം. കഴിഞ്ഞ ഏപ്രിൽ 29 ന് ചിന്നക്കനാലിൽ വെച്ചും ജൂൺ 5 ന് തമിഴ്നാട് കമ്പത്തു വെച്ചും ആനയെ മയക്ക് വെടിവെച്ചു. കേരളത്തിൽ ഒട്ടേറെ ഫാൻസുള്ള അരിക്കൊമ്പനെന്ന ഒറ്റയാൻ തമിഴ് നാട്ടുകാർക്ക് അരസിക്കൊമ്പനാണ്. അരി തേടിയെത്തി അക്രമം കാണിക്കുന്ന ആനക്ക് നാട്ടുകാരിട്ട പേരാണ് അരിക്കൊമ്പൻ. തിരുനെൽവേലി കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിലാണ് അരിക്കൊമ്പൻ ഉള്ളത്.
അരിക്കൊമ്പൻ, ചക്ക കൊമ്പൻ മൊട്ടവാലൻ മൂന്ന് ഒറ്റയാൻമാർ ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളിലുള്ളവരുടെ ഉറക്കം കെടുത്തിയതോടെയാണ് വനം വകുപ്പ് ഇടപ്പെട്ടത്. നൂറിലധികം വീടുകളും റേഷൻ കടകളും തകർത്ത, നിരവധി പേരെ കൊലപ്പെടുത്തിയ അരിക്കൊമ്പനെ നാട് കടത്താനായിരുന്നു തീരുമാനം. കോടതി നിർദേശ പ്രകാരം വനം വകുപ്പ് അത് നടപ്പാക്കുകയും ചെയ്തു.
ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘത്തെ പല തവണ വട്ടം ചുറ്റിച്ച അരിക്കൊമ്പനെ ചിന്നക്കനാൽ സിമൻ്റ് പാലത്ത് വെച്ചാണ് തളച്ചത്. കോന്നി സുരേന്ദ്രൻ, വിക്രം, സൂര്യൻ, കുഞ്ചു എന്നീ താപ്പാനകളുടെ സംരക്ഷിത വലയത്തിൽ ജന്മനാട്ടിൽ നിന്നുള്ള പറിച്ച് നടൽ. കനത്ത മഴയെ സാക്ഷിയാക്കി ചിലരുടെയെങ്കിലും കണ്ണ് നനയിച്ച് പെരിയാർ വന്യജീവി സങ്കേതത്തിലെ മേദകാനത്തേക്ക്.
പിന്നീടങ്ങോട് നടന്നത് നാടകീയ സംഭവങ്ങൾ. ചിന്നക്കനാലിലേക്ക് മടങ്ങിയെത്തുമെന്ന് തോന്നിപ്പിക്കും വിധം തമിഴ്നാട് മേഘമലയിലും കമ്പം ടൗണിലും അരിക്കൊമ്പനെത്തി. കമ്പം ടൗണിലൂടെ തലങ്ങും വിലങ്ങും ഓടിയ അരിക്കൊമ്പൻ കൂത്തനാച്ചി വനമേഖലയിലെത്തി. വീണ്ടും കാടിറങ്ങിയതോടെ രണ്ടാം ദൗത്യം. തമിഴ്നാട് സർക്കാർ മയക്ക് വെടിവെച്ച് പിടികൂടിയ അരിക്കൊമ്പൻ തിരുനെൽവേലിയിലേക്ക്. കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്ന് വിട്ട അരിക്കൊമ്പൻ സുഖമായി കഴിയുന്നുവെന്നാണ് വനം വകുപ്പിൻ്റെ വാദം. അരിക്കൊമ്പനെ പിടിച്ച് മാറ്റിയത് കൊണ്ട് മാത്രം പ്രശ്നങ്ങൾ തീർന്നോ എന്നതിന് ഉത്തരം ഇല്ല എന്ന് തന്നെയാണ്.
വനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും ഇല്ലാത്തത് കൊണ്ടാണ് ആനകൾ കാടിറങ്ങുന്നത്. അരിക്കൊമ്പനെ പിടിച്ച് മാറ്റിയെങ്കിലും പിന്നീടും ആക്രമണമുണ്ടായി എന്നും ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകുമാർ പറഞ്ഞു. വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കാനുള്ള ഏക പോംവഴി അവയെ കാട്ടിനുള്ളിൽ തന്നെ നിലനിർത്തുക എന്നതാണ്. അതിനുള്ള ദീർഘ ഹൃസ്വകാല പദ്ധതികളാണ് ഉണ്ടാകേണ്ടത്. അതാണ് അരിക്കൊമ്പൻ ദൗത്യം നമ്മെ പഠിപ്പിക്കുന്ന പാഠം.