ഗവർണറുടെ വാർത്താസമ്മേളനത്തിന് ഒരു വിഭാഗം മാധ്യമങ്ങള്‍ മാത്രം
മീഡിയവണ്‍, കൈരളി, റിപ്പോര്‍ട്ടര്‍, ജയ്ഹിന്ദ് ചാനലുകള്‍ക്ക് വിലക്ക്
തിരുവനന്തപുരം: ഗവർണറുടെ വാർത്താസമ്മേളനത്തിന് ഒരു വിഭാഗം മാധ്യമങ്ങള്‍ മാത്രം. മീഡിയവണ്‍,കൈരളി,റിപ്പോര്‍ട്ടര്‍, ജയ്ഹിന്ദ് ചാനലുകളെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കി. കേഡർ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഗവർണർ രാവിലെ പറഞ്ഞിരുന്നു. രാജ്ഭവനിലേക്ക് അപേക്ഷ അയച്ചാല്‍ പരിശോധിച്ച് തീരുമാനിക്കാമെന്നും അറിയിച്ചു. അതനുസരിച്ച് എല്ലാ മാധ്യമങ്ങളും രാജ്ഭവനെ സമീപിച്ചു. മീഡിയവണ്‍ അടക്കമുള്ള ചാനലുകള്‍ക്ക് അനുമതി ലഭിച്ചില്ല.
വിസിമാരുടെ വിഷയത്തിൽ പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകരെ ഇന്ന് ഗവർണർ അധിക്ഷേപിച്ചിരുന്നു. കേരളത്തിലേത് കേഡർ മാധ്യമപ്രവർത്തകരാണെന്നായിരുന്നു ഗവർണറുടെ ആക്ഷേപം. കേഡര്‍മാരോട് പ്രതികരിക്കില്ല. യഥാർഥ മാധ്യമപ്രവർത്തകർക്ക് രാജ്ഭവനിലേക്ക് അപേക്ഷ അയക്കാമെന്നും പരിശോധിച്ച് അവരോട് പ്രതികരിക്കാമെന്നും ഗവർണർ പറഞ്ഞു. വി.സിമാരുടെ രാജിയാവശ്യപ്പെട്ടുള്ള നീക്കത്തെ മുഖ്യമന്ത്രി അതിരൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകർ ഗവർണറുടെ പ്രതികരണം തേടിയത്.
നിങ്ങളുടെ കൂട്ടത്തിൽ ആരാണ് ശരിയായ മാധ്യമപ്രവർത്തകൻ എന്ന് തിരിച്ചറിയാൻ കഴിയില്ലെന്നും ഗവർണർ പറഞ്ഞു. രാജ്ഭവനു മുന്നിൽ കഴിഞ്ഞ മാസം നടത്തിയ വാർത്താസമ്മേളനത്തിന് ശേഷം കേരളത്തിലെ മാധ്യമങ്ങളോട് ഗവർണർ ഇതുവരെ കാര്യമായ പ്രതികരണങ്ങളൊന്നും പങ്കുവെച്ചിട്ടില്ല. അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ചാൻസലർ പദവി എടുത്തു മാറ്റുന്നതിൽ എൽ.ഡി.എഫിൽ സജീവ ചർച്ച നടക്കുകയാണ്. വി.സിമാരോട് രാജിയാവശ്യപ്പെട്ട് ഗവർണർ നടത്തിയ അസാധാരണ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് ചാൻസലർ പദവി എടുത്തു കളയാനുള്ള ചർച്ച എൽ.ഡി.എഫിൽ നടക്കുന്നത്. ഗവർണറിൽ നിന്ന് ചാൻസലർ പദവി മാറ്റുന്നത് പരിഗണിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ ഗവർണറുടെ ചാൻസലർ പദവി എടുത്തു കളയേണ്ടി വരുമെന്ന് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കുന്നത്.