വോട്ടെടുപ്പിന് അഞ്ച് ദിവസം മാത്രം; തൃക്കാക്കരയിൽ അവസാന വട്ട പ്രചാരണത്തിൽ സ്ഥാനാർത്ഥികൾ
29ന് പരസ്യപ്രചാരണവും അവസാനിക്കും
തൃക്കാക്കര: വോട്ടെടുപ്പിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ തൃക്കാക്കരയിൽ അവസാന വട്ട പ്രചാരണത്തിലാണ് സ്ഥാനാർഥികൾ. പരസ്യപ്രചാരണം അവസാനിക്കാറായതോടെ വളരെ വേഗത്തിലാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഈ മാസം 31നാണ് കേരളം ഉറ്റുനോക്കുന്ന തൃക്കാക്കരപ്പോരിന്റെ പോളിങ് ദിനം.
29ന് പരസ്യപ്രചാരണവും അവസാനിക്കും. അതിന് മുന്നോടിയായി പര്യടനം പൂർത്തിയാക്കേണ്ടതിനാൽ അതിവേഗത്തിലാണ് സ്ഥാനാർഥികളുടെയും അണികളുടെയും പ്രവർത്തനം. വേഗം കൂടുന്നുണ്ടെങ്കിലും അതൊരിക്കലും പ്രചാരണത്തെ ബാധിക്കുന്നില്ലെന്ന് സ്ഥാനാർഥികൾ തന്നെ പറയുന്നുണ്ട്. പരമാവധി പേരെ നേരിൽ കാണാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റെ പര്യടനം ചളിക്കവട്ടം, വൈറ്റില വെസ്റ്റ് എന്നിവടങ്ങളിലാണ് ഇന്ന് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുയോഗവും ഇന്നുണ്ട്. കാക്കനാട് എൻജിഒ ക്വാർട്ടേഴ്‌സിലാണ് പൊതുയോഗത്തിൽ മുഖ്യമന്ത്രി സംസാരിക്കുക. യുഡിഎഫും ശക്തമായി പ്രചാരണം മുന്നോട്ടുകൊണ്ടുപോകുന്നു. നേതാക്കളുടെ നീണ്ട നിരയെ തന്നെ ഇറക്കിയാണ് യുഡിഎഫ് ഇന്ന് പ്രചാരണം നടത്തുന്നത്.
തൃക്കാക്കര ഈസ്റ്റിലാണ് സ്ഥാനാർഥി ഉമ തോമസ് ഇന്ന് പൂർണമായും പര്യടനം നടത്തുന്നത്. ബിജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണന്റെ പ്രചാരണം ചമ്പക്കര, കടവന്ത്ര എന്നിവടങ്ങൾ കേന്ദ്രീകരിച്ചാണ്. നിരവധി ബിജെപി നേതാക്കളും മണ്ഡലത്തിലുണ്ട്. ബിജെപിയുടെ പ്രകടന പത്രികയും ഇന്ന് ഉച്ചക്ക് പ്രകാശനം ചെയ്യും.