ഉത്തരവുണ്ടെങ്കിൽ രാത്രിയിലും സംസ്കാര ചടങ്ങുകൾ നടത്തും: പുതുപ്പള്ളി പള്ളി വികാരി
പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്നും വർഗീസ് വർഗീസ് പറഞ്ഞു.
കോട്ടയം: ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുണ്ടെങ്കിൽ ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ രാത്രിയിലും നടത്തുമെന്ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി വർഗീസ് വർഗീസ്. നിലവിൽ കൃത്യസമയത്ത് തന്നെ സംസ്കാര ചടങ്ങുകൾ നടത്താനാകും എന്നാണ് പ്രതീക്ഷ. പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്നും വർഗീസ് വർഗീസ് പറഞ്ഞു.
തിരുവനന്തപുരത്ത് നിന്ന് രാവിലെ ഏഴു മണിക്ക് തുടങ്ങിയ വിലാപയാത്ര പത്തനംതിട്ടജില്ലയിലേക്ക് കടക്കുകയാണ്. കോട്ടയം തിരുനക്കര മൈതാനിയിലാണ് അടുത്ത പൊതുദർശനം. തിരുനക്കരയിൽ വിലാപയാത്ര എത്താൻ അർധരാത്രിയായേക്കും.
പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് സംസ്കാരചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്. സംസ്‌കാര ശുശ്രൂഷയ്ക്ക് ഓർത്തഡോക്‌സ് അധ്യക്ഷൻ ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ കതോലിക്ക നേതൃത്വം നൽകും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവർ പങ്കെടുക്കും.