'ചര്‍ച്ച നടന്നിട്ടില്ല...' പരസ്യമായി അതൃപ്തി പ്രകടമാക്കി ഉമ്മന്‍ചാണ്ടി
അഭിപ്രായം തുറന്നുപറയുന്നവര്‍ക്കെതിരെ വിശദീകരണം പോലും കേള്‍ക്കാന്‍ അവസരം കൊടുക്കാതെ നടപടിയെടുക്കുന്ന സംഭവത്തെയും ഉമ്മന്‍ചാണ്ടി അപലപിച്ചു.
ഡി.സി.സി പ്രസിഡന്‍റ് പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തെത്തിയതോടെയാണ് പാര്‍ട്ടിയിലെ അതൃപ്തി രൂക്ഷമായത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇക്കാര്യത്തില്‍ പരസ്യപ്രതികരണവുമായി രംഗത്തെത്തി.
അഭിപ്രായം തുറന്നുപറയുന്നവര്‍ക്കെതിരെ വിശദീകരണം പോലും കേള്‍ക്കാന്‍ അവസരം കൊടുക്കാതെ നടപടിയെടുക്കുന്ന സംഭവത്തെയും ഉമ്മന്‍ചാണ്ടി അപലപിച്ചു. ജനാധിപത്യപരമായ രീതിയില്‍ നടപടി എടുക്കുന്നതിന് മുമ്പ് തന്നെ വിശദീകരണം ചോദിക്കേണ്ട മര്യാദ ഉണ്ടായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയ ഉമ്മന്‍ചാണ്ടി ചര്‍ച്ചകള്‍ നടക്കാതെ അത് നടത്തിയെന്ന കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ച കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കില്‍ പ്രതിഷേധം ഒഴിവാക്കാമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടിയുടെ വാക്കുകളില്‍ നിന്ന്
ഫലപ്രദമായ ചർച്ച നടന്നിരുന്നെങ്കിൽ ഇതിനേക്കാൾ മെച്ചപ്പെട്ട ലിസ്റ്റ് ഉണ്ടാക്കാമായിരുന്നു. അനാവശ്യമായാണ് തൻറെ പേര് പലയിടങ്ങളിലും വലിച്ചിഴച്ചത്. പട്ടിക ആവശ്യപ്പെട്ടതുകൊണ്ടാണ് മൂന്ന് പേരുടെ പേരുകൾ നൽകിയത്. എന്നാൽ എവിടെയും ചർച്ച ഉണ്ടായില്ല. ഇല്ലാത്ത ചർച്ച നടന്നു എന്ന തരത്തില്‍ കാര്യങ്ങള്‍ പ്രചരിപ്പിച്ചു. ഇക്കാര്യങ്ങളെല്ലാം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. അഭിപ്രായ പ്രകടനം നടത്തിയവരോട് വിശദീകരണം ചോദിക്കാമായിരുന്നു. അല്ലാതെയുള്ള അച്ചടക്ക നടപടികളൊന്നും തന്നെ ജനാധിപത്യ രീതിയിൽ ഉള്ളതല്ല