'കോൺഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കൻഡ്.. ചർച്ചയോട് സഹകരിക്കും' ഉമ്മന്‍ചാണ്ടി
കോണ്‍ഗ്രസില്‍ തുടരുന്ന പൊട്ടിത്തെറിയില്‍ അനുനയ നീക്കവുമായാണ് പ്രതിപക്ഷ നേതാവ് പുതുപ്പള്ളിയിലെ വീട്ടിലെത്തി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചത്.
ഡി.സി.സി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പ്രശ്നങ്ങള്‍ ബുദ്ധിമുട്ടേറിയ കാര്യങ്ങളാണെന്നും അതിൽ വേദനയുണ്ടെന്നും ഉമ്മന്‍ചാണ്ടി. ചർച്ച ചെയ്ത് പരിഹരിക്കണമെന്ന സതീശന്‍റെ അഭിപ്രായത്തോട് യോജിപ്പാണെന്നും ചർച്ചയോട് സഹകരിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കോൺഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കൻഡ് എന്നതാണ് പുതിയ മുദ്രാവാക്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വി.ഡി സതീശന്‍റെ സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസില്‍ തുടരുന്ന പൊട്ടിത്തെറിയില്‍ അനുനയ നീക്കവുമായാണ് പ്രതിപക്ഷ നേതാവ് പുതുപ്പള്ളിയിലെ വീട്ടിലെത്തി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചത്.
അതേമയം കോണ്‍ഗ്രസിലെ എല്ലാ പ്രശ്നങ്ങളും ഉടന്‍ പരിഹരിക്കുമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയിലെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുതിർന്ന നേതാക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അതിന്‍റെ ചുമതല തനിക്കും കെ.പി.സി.സി അധ്യക്ഷനുമുണ്ട്. ഏത് സമയത്തും വന്ന് കാണാവുന്ന ആളാണ് ഉമ്മൻ ചാണ്ടി. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. ചർച്ചകൾ തുടരും. വിഡി സതീശന്‍ വ്യക്തമാക്കി. ചെന്നിത്തലയെ എപ്പോള്‍ കാണുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന് സമയമുണ്ടല്ലോ ഉടന്‍ കാണുമെന്നായിരുന്നു സതീശന്‍റെ മറുപടി.
പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കുക തന്നെ വേണം. കോണ്‍ഗ്രസില്‍ പ്രശ്നമുണ്ടെന്നത് സത്യം തന്നെയാണ്. കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയില്ലല്ലോ. അത് പരിഹരിക്കുക തന്നെ വേണം. എല്ലാ മുതിർന്ന നേതാക്കളെയും കാണും. ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയേണ്ടത് എൽ.ഡി.എഫിനോടും ബി.ജെ.പിയോടുമാണ്. എല്ലാ കാര്യങ്ങൾക്കും മറുപടി പറഞ്ഞ് പ്രശ്നം വളഷാക്കണ്ട ആളല്ല താനെന്നും വിഡി സതീശന്‍ പറഞ്ഞു.
ഡി.സി.സി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ തുടരുന്ന പൊട്ടിത്തെറിയില്‍ അനുനയ നീക്കവുമായാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉമ്മന്‍ചാണ്ടിയെ കാണാനെത്തിയത്. ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയെ നേരിട്ടുകണ്ടാണ് സതീശന്‍ മഞ്ഞുരുക്കത്തിനുള്ള ശ്രമം ആരംഭിച്ചത്. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിലെത്തിയാണ് സതീശന്‍ സമവായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. കോണ്‍ഗ്രസില്‍ ഇതേ സ്ഥിതി തുടര്‍ന്നാല്‍ അത് വലിയ പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്ന നേതൃത്വത്തിന്‍റെ ആശങ്കയാണ് സതീശനെ ഉമ്മന്‍ചാണ്ടിയെ നേരിട്ട് കാണാന്‍ പ്രേരിപ്പിച്ചത്. തിങ്കളാഴ്ച തിരുവനന്തപുരത്തുവെച്ച് ഉമ്മന്‍ചാണ്ടിയുമായി സതീശന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് നേരത്തെ പുറത്തുവന്നിരുന്ന വിവരം. എന്നാല്‍ അപ്രതീക്ഷിതമായി പെട്ടെന്നുള്ള സന്ദര്‍ശനമാണ് സതീശന്‍റെ ഭാഗത്തുനിന്നുണ്ടായത്.
ഉമ്മന്‍ ചാണ്ടിയെപ്പോലെ ഒരു നേതാവിനെ പിണക്കിക്കൊണ്ട് അദ്ദേഹത്തിനെതിരെ ഒരു നീക്കം നടത്തിയാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്ക് വഴിവെക്കും. ഇത് അണികളിലും വലിയ രീതിയില്‍ ആശങ്ക സൃഷ്ടിക്കുമെന്നും നേതൃത്വം കരുതുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷനേതാവ് തന്നെ മുന്‍കൈ എടുത്ത് ഉമ്മന്‍ചാണ്ടിയെ കാണാന്‍ എത്തിയത്. ചെന്നിത്തലയെ അനുനയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തില്‍ നേതൃത്വം ഇടപെടാനുള്ള നീക്കത്തെയും തള്ളിക്കളയാനാകില്ല.കൂടുതലൊന്നും ഇപ്പോൾ പ്രതികരിക്കാനില്ല എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം പരമാവധി ഒഴിഞ്ഞു മാറാനാണ് ഉമ്മൻചാണ്ടി കഴിഞ്ഞ ദിവസം ശ്രമിച്ചത്. എന്നാൽ മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് മറുപടിയായി പ്രശ്നങ്ങളിൽ ചർച്ചകൾ നടത്താൻ തയ്യാറാണെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു. ചർച്ചകൾക്ക് ആരെങ്കിലും മുൻകൈ എടുത്താൽ മാത്രമാണ് സഹകരിക്കുക എന്നും ഉമ്മൻചാണ്ടി കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് വി.ഡി സതീശന്‍ ഉമ്മന്‍ചാണ്ടിയെ നേരിട്ട് കാണാനെത്തി സമവായത്തിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.