എൻ.സി.പിയിൽ ശശീന്ദ്രനെതിരെ പടയൊരുക്കം; എതിർവിഭാഗം രാജി ആവശ്യപ്പെട്ടേക്കും
ഇന്നുമുതൽ ചേരുന്ന ജില്ലാ കമ്മിറ്റികളിൽ വിഷയം ചർച്ചയാകും.
ഫോൺവിളി വിവാദത്തോടെ മന്ത്രി എ.കെ ശശീന്ദ്രനെതിരെ നീക്കം കടുപ്പിച്ച് എൻ.സി.പിയിൽ ഒരു വിഭാഗം. മന്ത്രിയുടെ രാജി ആവശ്യപ്പെടാനാണ് തീരുമാനം. ഇന്നുമുതൽ ചേരുന്ന ജില്ലാ കമ്മിറ്റികളിൽ ഈ വിഷയം ചർച്ചയാകും.
എ.കെ ശശീന്ദ്രൻ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും മന്ത്രിയാകാൻ ഒരുങ്ങിയപ്പോഴും എൻ.സി.പിയിൽ എതിരഭിപ്രായം ഉയർന്നിരുന്നു. എൻ.സി.പി യുവജന സംഘടനയായ എൻ.വൈ.സി പ്രമേയം പാസാക്കുക പോലും ചെയ്തു.
കുണ്ടറ വിഷയത്തിൽ മന്ത്രിയുടെ ഇടപെടൽ യുക്തിക്ക് നിരക്കാത്തതാണന്ന് എൻ.വൈ.സി പരസ്യമായി പറഞ്ഞു കഴിഞ്ഞു. എൻ.സി.പിയിലെ ചില മുതിർന്ന നേതാക്കൾക്കും ഇതേ അഭിപ്രായമാണ്. പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നം പരിഹരിക്കാനുള്ള ഇടപെടലെന്ന് പരസ്യമായി പറയുമ്പോഴും മന്ത്രിയുടെ ഫോൺ സംഭാഷണം തെറ്റായ സന്ദേശം നൽകുന്നതാണെന്നും ഈ നേതാക്കൾ പറയുന്നു.
അതേസമയം, പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നം പരിഹരിക്കാനുള്ള ഇടപെടൽ മാത്രമാണ് മന്ത്രി നടത്തിയത് എന്നാണ് ശശീന്ദ്രൻ പക്ഷത്തിന്റെ വാദം. ഈ വാദം ഉയർത്തി എതിർപക്ഷത്തെ നേരിടാനാണ് നീക്കം. ഇതിനിടെ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ എൻ.സി.പി നിയോഗിച്ച സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ് ഇന്ന് കൊല്ലത്തെത്തി പരാതിക്കാരുമായി സംസാരിക്കും.