ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം; ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകാൻ ഉത്തരവ്

എരുമേലി, മണിമല വില്ലേജുകളിലായാണ് ഭൂമി ഏറ്റെടുക്കുക.

Update: 2023-12-20 16:32 GMT
Advertising

തിരുവനന്തപുരം: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകാൻ സർക്കാർ ഉത്തരവ്. 2570 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ തുടരാനുള്ള ഉത്തരവാണ് റവന്യൂ വകുപ്പിൽ നിന്നും ഇറങ്ങിയിരിക്കുന്നത്. എരുമേലി, മണിമല വില്ലേജുകളിലായാണ് ഭൂമി ഏറ്റെടുക്കുക.

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം എന്നത് സംസ്ഥാനത്തിന്റെ പൊതു ആവശ്യമാണെന്ന് കണക്കിലെടുത്തും പദ്ധതിക്കാവശ്യമായത് ചുരുങ്ങിയ അളവിലുള്ള ഭൂമിയാണെന്നതുകൊണ്ടും അനുയോജ്യമായ മറ്റു ഭൂമികൾ ലഭ്യമല്ലാത്തതിനാലും കണ്ടെത്തിയ ഭൂമി വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്ഥിരീകരണമുള്ളതിന്റേയും അടിസ്ഥാനത്തിലാണ് നടപടികളിലേക്ക് കടന്നിരിക്കുന്നത്.

സാമൂഹികാഘാത പഠനം സംബന്ധിച്ച റിപ്പോർട്ട് വിദഗ്ധ സമിതി പരിശോധിച്ചിരുന്നു. തുടർന്ന് ചില നിർദേശങ്ങളോടുകൂടി ഇതിന് അംഗീകാരം നൽകി. ഇതുകൂടി പരിഗണിച്ചുള്ള ഉത്തരവാണ് ഇപ്പോൾ ഇറക്കിയിരിക്കുന്നത്. 2013ലെ ഭൂമിയേറ്റെടുക്കൽ- പുനരധിവാസ നിയമപ്രകാരമായിരിക്കും നടപടികൾ മുന്നോട്ടുകൊണ്ടുപോവുകയെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്.

അതേസമയം, പാരിസ്ഥിതികാനുമതി ഉള്‍പ്പെടെ കേന്ദ്ര അനുമതികള്‍ ഇനിയും ലഭിക്കാനുണ്ട്. ഭൂമിയുടെ അതിര്‍ത്തി നിര്‍ണയം അംഗീകരിച്ചാല്‍ പ്രതിരോധ മന്ത്രാലയം, വ്യോമയാന മന്ത്രാലയം എന്നിവയുടെ അനുമതിയും ആവശ്യമാണ്. അതിനുശേഷമാണ് വിശദ പദ്ധതിരേഖ തയാറാക്കുക.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News