ഓർത്തഡോക്‌സ് - യാക്കോബായ പള്ളിത്തർക്കം; സമയം നീട്ടിച്ചോദിച്ച് സർക്കാർ
സംഘർഷമൊഴിവാക്കി പരിഹാരം കാണാനാണ് ശ്രമമെന്ന് സർക്കാർ
ഡൽഹി: ഓർത്തഡോക്‌സ് - യാക്കോബായ പള്ളിത്തർക്ക പരിഹാരത്തിന് സമയം നീട്ടിച്ചോദിച്ച് സർക്കാർ. സംഘർഷമൊഴിവാക്കി പരിഹാരം കാണാനാണ് ശ്രമമെന്ന് സർക്കാർ സുപ്രിം കോടതിയിൽ പറഞ്ഞു. പരിഹാരത്തിന് ആറുമാസം സമയം നൽകണമെന്ന് സർക്കാരിൻറെ സത്യവാങ്മൂലം. ഇരു വിഭാഗങ്ങളുമായി ചർച്ച തുടരാനാണ് സർക്കാർ തീരുമാനം. സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ ശ്രമം തുടരുകയാണ്. പള്ളികൾ സമാധാനപരമായി കൈമാറാൻ ഇരുവിഭാഗങ്ങളുമായുള്ള ചർച്ചയ്ക്ക് ശ്രമം തുടരുന്നുവെന്നും സർക്കാർ കൂട്ടിച്ചേർത്തു. സർക്കാർ പള്ളികൾ ഏറ്റെടുത്ത ശേഷം കൈമാറുന്നത് ശാശ്വത പരിഹാരമല്ല എന്നും സർക്കാർ സുപ്രിം കോടതിക്കുമുന്നിൽ അവതരിപ്പിച്ചു.
ഓർത്തഡോക്‌സ് - യാക്കോബായ പള്ളിത്തർക്കത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി രംഗത്തുവന്നിരുന്നു. ആറ് പള്ളികൾ ഏറ്റെടുക്കാനുള്ള ഉത്തരവ് നടപ്പാക്കാൻ ഉദ്യോഗസ്ഥർ ഒന്നും ചെയ്തില്ലെന്ന് കോടതി പറഞ്ഞു. മറുപടി നൽകാൻ ഉദ്യോഗസ്ഥർക്ക് മതിയായ സമയം നൽകിയെന്ന് പറഞ്ഞ കോടതി ഉത്തരവ് നടപ്പാക്കാൻ നിരന്തരം സാവകാശം നൽകാനാവില്ലെന്നും വിമർശനമുന്നയിച്ചു.ഉത്തരവ് വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തുന്നതിൽ സിംഗിൾ ബെഞ്ച് നടപടി തുടങ്ങി. കോടതിയലക്ഷ്യക്കുറ്റം ചുമത്താതിരിക്കാൻ മറുപടിയുണ്ടെങ്കിൽ ഉദ്യോഗസ്ഥർ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.