‘മറ്റു രാജ്യങ്ങൾ കുഴിക്കുമ്പോൾ ക്രൂഡോയിലും സ്വർണവും ലഭിക്കുന്നു, ഇവിടെ വിഗ്രഹങ്ങൾ മാത്രം’
ലോകാത്ഭുതമായ താജ്മഹൽ ശരിക്കും ശിവക്ഷേത്രമായിരുന്നുവെന്നാണ് ചില ഹിന്ദുത്വ സംഘടനകൾ അവകാശപ്പെടുന്നത്
മറ്റു രാജ്യങ്ങൾ കുഴിക്കുമ്പോൾ ക്രൂഡോയിലും സ്വർണവും കിട്ടുമ്പോൾ ഇന്ത്യയിൽ കുഴിക്കുമ്പോൾ വിഗ്രഹങ്ങൾ മാത്രമാണ് ലഭിക്കുന്നതെന്ന് പരിഹസിച്ച് സംവിധായിക ഐഷ സുൽത്താന.
‘മറ്റ് രാജ്യങ്ങൾ കുഴിക്കുമ്പോൾ അവർക്ക് ക്രൂഡോയിലും സ്വർണ്ണവും കിട്ടുമ്പോൾ, ഇവിടെ കുഴിക്കുമ്പോൾ നമ്മൾക്ക് വിഗ്രഹങ്ങൾ മാത്രമേ കിട്ടുന്നുള്ളു... 🤣
വികസനമെന്ന പേരിൽ ആസനം താങ്ങികളുടെ തട്ടിപ്പ്, കണ്ട് കണ്ട് മടുത്തു 😜
ഇതൊന്നും എവിടെയും വരുന്നില്ലല്ലല്ലല്ലോ അല്ലെ’ എന്നാണ് ഐഷ ഫേസ്ബുക്കിൽ കുറിച്ചത്.
‘താജ്മഹൽ കണ്ടിട്ടില്ലെങ്കിൽ പെട്ടെന്ന് ചെന്നുകണ്ടോ’ എന്ന ട്രോളും ഇവർ പങ്കുവെച്ചിട്ടുണ്ട്. വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിന്റെ താഴെനിന്ന് വിഗ്രഹങ്ങൾ കണ്ടെത്തിയെന്ന എ.എസ്.ഐ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അവിടെ പൂജ നടത്താൻ കോടതി അനുമതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇറങ്ങിയ ട്രോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ഇത് പങ്കുവെച്ചത്.
ലോകാത്ഭുതമായ താജ്മഹൽ ശരിക്കും ഒരു ശിവക്ഷേത്രമായിരുന്നുവെന്നാണ് ചില ഹിന്ദുത്വ സംഘടനകൾ അവകാശപ്പെടുന്നത്. ക്ഷേത്രത്തിന്റെ പേര് തേജോ മഹാലയ എന്നായിരുന്നുവെന്നും ഈ പേരാണ് പിന്നീട് താജ്മഹൽ ആയതെന്നുമാണ് ഇവരുടെ വാദം. ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും ലിഖിതങ്ങളും മറ്റും അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്നറിയാൻ പലരും കോടതിയെ സമീപിച്ചിരുന്നു.