'പണിയുള്ളതുകൊണ്ട് ട്രോളുകള്‍ ശ്രദ്ധിക്കാന്‍ സമയമില്ല'; വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെയെന്ന് മുഹമ്മദ് റിയാസ്

"പ്രഖ്യാപനങ്ങള്‍ നടത്തിയിട്ട് മന്ത്രി ഓഫീസില്‍ കയ്യുംകെട്ടിയിരുന്നാല്‍ മതിയോ, വിമര്‍ശനങ്ങളുണ്ടെന്ന് കരുതി ഇനി പുറത്തേക്കിറങ്ങുന്നില്ലെന്ന് കരുതിയിരുന്നാല്‍ നാളെ അതിനും വരില്ലേ വിമര്‍ശനം"

Update: 2021-11-29 13:06 GMT
Advertising

മിന്നൽ പരിശോധനയെ വിമർശിച്ചുള്ള ട്രോളുകൾക്ക് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ മറുപടി. സർക്കാർ നയമാണ് നടപ്പാക്കുന്നതെന്നും വിമർശിക്കുന്നവർ വിമർശിക്കട്ടെയെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിയായിരിക്കുന്നിടത്തോളം മിന്നൽ സന്ദർശനം തുടരുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.  

രാവിലെ മുതൽ വൈകുന്നേരം വരെ പണിയുള്ളതിനാൽ ട്രോളുകള്‍ ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ല, എന്ത് വിമര്‍ശനമുണ്ടായാലും ജനം ഒപ്പമുണ്ടെന്നുള്ള വിശ്വാസമുണ്ട്. സർക്കാർ നയമാണ് നടപ്പാക്കുന്നത്. പ്രഖ്യാപനങ്ങള്‍ നടത്തിയിട്ട് മന്ത്രി ഓഫീസില്‍ കയ്യുംകെട്ടിയിരുന്നാല്‍ മതിയോ, വിമര്‍ശനങ്ങള്‍ വരുന്നതിനാല്‍ ഇനി പുറത്തേക്കിറങ്ങുന്നില്ലെന്ന് കരുതിയിരുന്നാല്‍ നാളെ അതിനും വരില്ലേ വിമര്‍ശനമെന്നും മന്ത്രി ചോദിച്ചു. കഴിഞ്ഞ ആറുമാസത്തിനിടെ എല്ലാ ജില്ലകളിലും ഒട്ടുമിക്ക താലൂക്കുകളിലും സന്ദര്‍ശനം നടത്തിയെന്നും ഇനിയും സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു.   

ജനങ്ങളെ എന്തിന് കാണിക്കണം എന്നാണ് ചിലർ ചോദിക്കുന്നത്. ജനങ്ങളെ കാണിച്ചുള്ള പരിപാടി മതി ഇവിടെ. കാര്യങ്ങള്‍ എല്ലാം സുതാര്യമാകണമെന്നും മന്ത്രി പറഞ്ഞു. മുഹമ്മദ് റിയാസ് തന്റെ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തുന്നത് ഇപ്പോൾ പതിവാണ്. ഇതിനു പിന്നാലെയാണ് മന്ത്രിക്കെതിരെ ട്രോളുകള്‍ പൊട്ടിപ്പുറപ്പെട്ടത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News