ഏത് പ്രശ്‌നത്തിലും സിപിഎം ഉപയോഗിക്കുന്ന ക്യാപ്‌സൂളാണ് ജമാഅത്തെ ഇസ്‌ലാമി; യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് വഴി തിരിച്ചുവിടാൻ ശ്രമം: പി. മുജീബുറഹ്മാൻ
തങ്ങളോട് വിയോജിക്കുന്നവരെ വർഗീയ ചാപ്പ കുത്തുന്നത് രാഷ്ട്രീയ സദാചാരമില്ലായ്മയാണെന്നും മുജീബുറഹ്മാൻ പറഞ്ഞു.
മലപ്പുറം: കേരളത്തിൽ എന്ത് പ്രശ്‌നം വന്നാലും സിപിഎം ഉപയോഗിക്കുന്ന ക്യാപ്‌സൂളാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന് പി. മുജീബുറഹ്മാൻ. എന്നാൽ എല്ലാ അസുഖങ്ങൾക്കും ആ ക്യാപ്‌സൂൾ മതിയാകില്ല. ജമാഅത്തെ ഇസ്‌ലാമിയെ പഴിചാരി യഥാർഥ പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്ത് അടക്കമുള്ള പ്രശ്‌നങ്ങൾ മറികടക്കാനാണ് സിപിഎം ജമാഅത്തിനെ പറയുന്നത്. സംഘ്പരിവാറിന് ആയുധം കൊടുക്കാനാണ് മുഖ്യമന്ത്രി ദ ഹിന്ദുവിന് അഭിമുഖം നൽകിയത്. മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ നാളെ സംഘ്പരിവാർ ഉപയോഗിക്കും. അഭിമുഖത്തിൽ പിആർ ഏജൻസിയുടെ ഇടപെടൽ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് മറുപടിയില്ല. പിആർ ഏജൻസികൾക്ക് പിന്നിൽ ആരാണെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും മുജീബുറഹ്മാൻ പറഞ്ഞു.
സംഘ്പരിവാർ കാലങ്ങളായി ഉയർത്തിയ ആശയങ്ങളാണ് സിപിഎം ബോധപൂർവം മലപ്പുറത്തെക്കുറിച്ച് പ്രചരിപ്പിക്കുന്നത്. മലപ്പുറത്തെ വിമാനത്താവളം എന്ന് തന്നെ പറയുന്നത് ആസൂത്രിതമാണ്. തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയതിനെ സ്ഥലം ചേർത്ത് പറഞ്ഞിട്ടില്ല. സിപിഎം നേതാക്കൾ നേരത്തെയും മുസ്‌ലിം സമുദായത്തെ അപരവത്കരിക്കുന്ന രീതിയിൽ സംസാരിച്ചിട്ടുണ്ട്. ഗെയിൽ സമരം നടത്തിയത് തീവ്രവാദികളെന്ന് പറഞ്ഞു. ടി.പി ചന്ദ്രശേഖരന്റെ കൊലയാളികൾ സഞ്ചരിച്ച ഇന്നോവക്ക് പിന്നിൽ 'മാശാ അല്ലാഹ്' സ്റ്റിക്കർ പതിച്ചു. കാഫിർ സ്‌ക്രീൻഷോട്ട് ഉണ്ടാക്കി. ഇതെല്ലാം ഇസ്‌ലാമോഫിയ സൃഷ്ടിച്ച് മുസ്‌ലിം സമുദായത്തെ അപരവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മുജീബുറഹ്മാൻ ആരോപിച്ചു.
എട്ട് വർഷം കൂടെ നിന്ന് പി.വി അൻവർ പുറത്തുപോയപ്പോൾ തീവ്രവാദിയാക്കി. കൊടിഞ്ഞി ഫൈസൽ വധക്കേസിൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ല. പൊലീസിൽ ആർഎസ്എസിന്റെ പണിയെടുക്കുന്ന എം.ആർ അജിത്കുമാറിനെ മാറ്റാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. ആർഎസ്എസിന്റെ പ്രധാന നേതാക്കളുമായി എഡിജിപി ചർച്ച നടത്തിയത് എന്തിനാണെന്ന് വെളിപ്പെടുത്തണം. എം.ആർ അജിത്കുമാറിനെ മാറ്റാൻ തയ്യാറാവണം. മന്ത്രി റിയാസ് ഓവർ ടൈം പണിയെടുക്കുകയാണ്. രക്തസാക്ഷികളെ കുറിച്ച് റിയാസ് ക്ലാസ് എടുക്കേണ്ടത് ക്ലിഫ് ഹൗസിലാണെന്നും മുജീബുറഹ്മാൻ പറഞ്ഞു.