'ഫീസായി ഒരു ലക്ഷം നൽകി'; സൈബി ജോസ് കേസിൽ കൈക്കൂലി നൽകിയിട്ടില്ലെന്ന് കക്ഷി
കേസിന്റെ ആദ്യ ഘട്ടത്തിൽ തന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് സൈബി ജോസ് ഫീസ് വാങ്ങാൻ പോലും കൂട്ടാക്കിയിരുന്നില്ലെന്ന് ബൈജു സെബാസ്റ്റ്യൻ
എറണാകുളം: സൈബി ജോസ് കേസിൽ കൈക്കൂലി നൽകിയിട്ടില്ലെന്ന വാദവുമായി കക്ഷി. ഫീസായി ഒരു ലക്ഷം രൂപ നൽകി. നാലുതവണയായി ബാങ്ക് വഴിയാണ് പണം നൽകിയതെന്നും മുൻകൂർ ജാമ്യം നേടിയ ബൈജു സെബാസ്റ്റ്യൻ മീഡിയവണിനോട് പറഞ്ഞു. കേസിൽ മുൻകൂർ ജാമ്യത്തിനായി ജഡ്ജിക്ക് നൽകാൻ 50 ലക്ഷം രൂപ സൈബി ജോസ് കൈപ്പറ്റി എന്നായിരുന്നു ആരോപണം.
കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വഴി തർക്കവുമായി ബന്ധപ്പെട്ട് ബൈജു സെബാസ്റ്റ്യൻ അയൽവാസിയെ ജാതി അധിക്ഷേപം നടത്തിയെന്നാണ് കേസ്. ഈ കേസിൽ കഴിഞ്ഞ വർഷം ഏപിൽ 29 ന് ഹൈക്കാടതി പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. അന്ന് ഇരയുടെ വാദം കേൾക്കാതെയാണ് പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യം നേടിയെടുക്കുന്നതിന് ജസ്റ്റിസ് സിയാദ് റഹ്മാന്റെ പേരിൽ സൈബി 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം നിലനിൽക്കെയാണ് ഹരജിയിലെ മുൻകൂർ ജാമ്യ ഉത്തരവ് ഹൈക്കോടതി തിരിച്ചു വിളിച്ചത്.
കൈക്കൂലി നൽകിയിട്ടില്ലെന്നാണ് കക്ഷി വെളിപ്പെടുത്തിയത്. എന്നാൽ സൈബി ജോസ് കിടങ്ങൂർ കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേസിൽ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം നടക്കുന്ന തെളിവെടുപ്പിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തിൽ കൂടുതൽ വസ്തുതകൾ പുറത്തുവരിക.
കേസിന്റെ ആദ്യ ഘട്ടത്തിൽ തന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് സൈബി ജോസ് ഫീസ് വാങ്ങാൻ പോലും കൂട്ടാക്കിയിരുന്നില്ലെന്ന് ബൈജു സെബാസ്റ്റ്യൻ വ്യക്തമാക്കി. മുൻകൂർ ജാമ്യ ഉത്തരവ് തിരിച്ചു വിളിച്ചതിന് ശേഷം അടുത്ത ആഴ്ചയാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ വാദം കേൾക്കുക. അന്നും ബൈജു സെബാസ്റ്റ്യനും കൂട്ടുപ്രതിക്കും വേണ്ടി ഹാജരാവുന്നത് സൈബി ജോസ് തന്നെയാണ്.