'എല്ലാം മുകളിലൊരാൾ കാണുന്നുണ്ടായിരുന്നു'; ക്ഷേത്രം കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നയാൾ പിടിയിൽ
സ്റ്റോർ റൂമിനകത്തെ ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ നിർണായക തെളിവായി
തിരുവനന്തപുരം: പാലോട് ക്ഷേത്രം കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിലെ പ്രതി പിടിയിൽ. പാങ്ങോട് സ്വദേശി ബാഹുലേയൻ ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നന്ദിയോട് ആയിരവില്ലി - ഭദ്രകാളി ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. പിക്കാസ് ഉപയോഗിച്ച് കമ്മിറ്റി ഓഫിസും കാണിക്കവഞ്ചികളും കുത്തിത്തുറന്ന കള്ളൻ സ്വർണവും പണവും കവർന്നു. കാണിക്ക വഞ്ചിയിൽ ഉണ്ടായിരുന്ന നാണയങ്ങളും ക്ഷേത്രത്തിലെ സ്വർണ്ണ പൊട്ടുകളും ബാഹുലേയൻ മോഷ്ടിച്ചു. ക്ഷേത്രത്തിന്റെ പരിസരത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിലൊന്നും മുഖം നൽകാതെ വിദഗ്ദമായാണ് പ്രതി കവർച്ച നടത്തിയത്. എന്നാൽ സ്റ്റോർ റൂമിനകത്തെ ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ നിർണായക തെളിവായി.
പിടിയിലായ ബാഹുലേയൻ നിരവധി മോഷണ കേസിലെ പ്രതിയാണ്. പല തവണ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പാലോട് മേഖലയിൽ ക്ഷേത്രങ്ങളും കച്ചവട സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള മോഷണം വർദ്ധിച്ചു വരികയാണ്. ഈ കവർച്ചകളിലും ബാഹുലേയന് പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്.
Thiruvananthapuram Palod Temple theft case suspect arrested.