പ്രണയം... പക... അന്ധവിശ്വാസം, ഒടുവിൽ തൂക്കുകയർ വിധി; ഗ്രീഷ്‌മയുടെ ക്രൂരതയുടെ നാൾവഴി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയാണ് ഗ്രീഷ്മ. കേരളത്തില്‍ വധശിക്ഷ ലഭിച്ച രണ്ടാമത്തെ വനിതയും...

Update: 2025-01-20 12:15 GMT
Editor : banuisahak | By : Web Desk

ബ്രില്യൻഡ് ആൻഡ് ബ്രൂട്ടൽ മർഡർ... ഷാരോണിന്റെ ആന്തരിക അവയവങ്ങളെല്ലാം അഴുകിയ നിലയിലായിരുന്നു, സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് സമൂഹത്തിന് നൽകിയത്.. നെയ്യാറ്റിൻകര അഡിഷനൽ സെഷൻസ് കോടതി വിധി പ്രഖ്യാപിക്കുമ്പോൾ യാതൊരു ഭാവവ്യത്യാസവുമില്ലാതെ കോടതിമുറിയിൽ നിൽക്കുകയായിരുന്നു ഗ്രീഷ്‌മ. കേസിന്റെ വിചാരണക്കിടയിലും തെളിവെടുപ്പിനിടയിലും കുറ്റബോധത്തിന്റെ നിഴൽ പോലുമില്ലാത്ത അതേഭാവത്തിൽ തന്നെ...

കേരളത്തിന് ഇന്നേവരെ പരിചിതമല്ലാത്ത രീതിയിലുള്ള ഒരു കൊലപാതകം. പ്രണയത്തിൽ വിഷം ചാലിച്ച് ഷാരോൺ എന്ന 23കാരനെ കൊന്നുകളയാൻ ഒരുക്കിയത് സസ്പെൻസ് ത്രില്ലറുകളെ പോലും വെല്ലുന്ന തിരക്കഥ. ഒടുവിൽ തൂക്കുകയർ വിധിച്ചിരിക്കുന്നു കോടതി. പ്രണയവും പകയും ഒപ്പം അന്ധവിശ്വാസവും കെട്ടുപിണഞ്ഞു കിടക്കുന്ന ഷാരോൺ വധക്കേസിന്റെ നാൾവഴികളിലേക്ക്... 

Advertising
Advertising

പ്രണയം.. 

വർഷം 2021... കേരള അതിർത്തിക്കപ്പുറത്ത് അടുത്തടുത്തായുള്ള കോളേജുകളിലായിരുന്നു പഠനം. ഒരേ ബസിൽ തുടങ്ങിയ യാത്ര ജീവിതത്തിലും തുടരാൻ അധികനാൾ വേണ്ടിവന്നില്ല. മുസ്‌ലിം ആർട്സ് ആൻഡ് സയൻസ് കോളേജിലേക്ക് പോകാൻ അഴകിയമണ്ഡപത്ത് ഗ്രീഷ്‌മയുടെ ബസ് എത്തുമ്പോൾ ഷാരോണും കൂടെയിറങ്ങും. ബസ് സ്റ്റാൻഡിൽ ഗ്രീഷ്‌മക്കൊപ്പം സമയം ചെലവിട്ട ശേഷം ഷാരോൺ നെയ്യൂർ ക്രിസ്ത്യൻ കോളേജിലേക്കുള്ള ബസ് കയറും. ആദ്യം സൗഹൃദത്തിൽ ഒതുങ്ങിയ ആ പ്രണയം അങ്ങനെ വളർന്നു... എല്ലാ കമിതാക്കളെയും പോലെ പലയിടങ്ങളിലും യാത്ര ചെയ്‌തു. രാവുറങ്ങുവോളം സംസാരങ്ങൾ നീണ്ടു.. ചുരുങ്ങിയ കാലംകൊണ്ട് തന്നെ ഷാരോണിന് ജീവനേക്കാൾ പ്രിയപ്പെട്ടവളായി മാറിയിരുന്നു ഗ്രീഷ്‌മ.

ഗ്രീഷ്‌മ എന്ന പേര് ഷാരോണിന്റെ വീട്ടിലും സുപരിചിതമായി തുടങ്ങി. മകന്റെ സ്നേഹം എതിർപ്പുകളൊന്നുമില്ലാതെ സ്വീകരിക്കാൻ ആ മാതാപിതാക്കൾ തയ്യാറായിരുന്നു. അച്ഛനും അമ്മയും ജ്യേഷ്ഠനും മാത്രമുള്ള ഷാരോണിന്റെ വീട്ടിൽ ഗ്രീഷ്‌മയെയും അവർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഗ്രീഷ്‌മയുടെ വീട്ടിലും വിവരം അറിഞ്ഞു. എന്നാൽ, മറ്റൊരു മതത്തിലുള്ള ആൾ എന്ന അസ്വാരസ്യങ്ങൾ അവിടെ ഉയർന്നിരുന്നു. ഇതിനിടെ ആ പ്രണയം മുന്നോട്ട് പോയി... യാത്രകൾ തുടർന്നു, ഒരുമിച്ചുള്ള വീഡിയോകളിലും ഫോട്ടോകളിലുമെല്ലാം അതിന്റെ ആഴം വ്യക്തമായിരുന്നു. ഒരു വർഷം കഴിഞ്ഞു.

പക... 

ഷാരോണിനോടുള്ള ഗ്രീഷ്‌മയുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ വ്യത്യാസങ്ങൾ... പ്രണയത്തിൽ നിന്ന് പിന്മാറണമെന്ന് അവൾ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പക്ഷേ, ഷാരോണതിന് തയ്യാറായിരുന്നില്ല. പലവഴികളും നോക്കിയിട്ടും അവന്റെ മനസിന് ഒരു മാറ്റവുമുണ്ടായില്ല. 2022 മാർച്ച് നാലിന് ഗ്രീഷ്‌മയും സൈനികനുമായുള്ള വിവാഹനിശ്ചയം നടന്നു. ഇതിന്റെ പേരിൽ ഷാരോണുമായി വാക്കുതർക്കം ഉണ്ടാവുകയും ഇരുവരും പിണങ്ങുകയും ചെയ്‌തു. ആ പിണക്കവും അധികം നീണ്ടില്ല. 2022 മെയ് മുതല്‍ ഗ്രീഷ്‍മ വീണ്ടും ഷാരോണുമായി അടുപ്പത്തിലായി.

നവംബറില്‍ ഷാരോണിന്റെ വീട്ടിൽവച്ച് താലികെട്ടി, അവളുടെ നെറ്റിയിൽ കുങ്കുമം ചാർത്തി. രണ്ടുമതാചാരപ്രകാരവും കല്യാണം വേണമെന്ന തീരുമാനത്തിൽ വെട്ടുകാട് പള്ളിയില്‍വച്ചും താലികെട്ട് നടന്നു. ശേഷം തൃപ്പരപ്പിലുള്ള റിസോർട്ടിൽ മധുവിധുവും ആഘോഷിച്ചു. പ്രണയിനിയെ ജീവിതപങ്കാളിയായി കിട്ടിയ സന്തോഷത്തിലും ആനന്ദത്തിന്റെ പരകോടിയിലുമായിരുന്നു ഷാരോൺ ആ നാളുകളിൽ. എന്നാൽ, ഒപ്പം നിന്നയാളുടെ ഉള്ളിലെ വിഷം അവന്റെ കണ്ണിലെ സ്നേഹത്തിൽ മങ്ങിയിരുന്നു. കണക്കുകൂട്ടി ഓരോ കരുക്കളും നീക്കുകയായിരുന്നു ഗ്രീഷ്‌മ.

അഞ്ചുതവണയാണ് ഷാരോണിന്റെ ജീവനെടുക്കാൻ അവൾ ശ്രമിച്ചത്. ഒടുവിലത് ലക്ഷ്യം കാണുകയും ചെയ്‌തു. അസ്വാഭാവിക മരണം എന്നുപറഞ്ഞ് പൊലീസ് എഴുതിത്തള്ളുമായിരുന്ന കേസിന്റെ ചുരുളഴിഞ്ഞപ്പോൾ കേരളത്തെ നടുക്കിയ കൊലപാതകമായി അത് മാറി. വെറും 22 വയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി... യൂണിവേഴ്‌സിറ്റി റാങ്ക് ഹോൾഡർ... പഠ്യേതര വിഷയത്തിലും കഴിവുതെളിയിച്ചവൾ... കൊടുംക്രിമിനലുകൾ ആസൂത്രണം ചെയ്യുന്നതിനേക്കാൾ മികച്ച രീതിയിൽ ഒരു യുവാവിനെ കൊന്നുതള്ളിയിരിക്കുന്നു...

മരണം..

2022 ഒക്ടോബർ 25, മുര്യങ്കര ജെ.പി ഹൗസിൽ ജയരാജിന്റെ മകൻ, നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥിയായ ഷാരോൺ രാജ് ദുരൂഹ സാഹചര്യത്തിൽ മരിച്ചിരിക്കുന്നു. ജ്യൂസ് കുടിച്ചതിനെ തുടർന്ന് അവശനിലയിലായി തിരുവനന്തപുരം മെഡിക്കൽ കോളജില്‍ ചികിത്സയിലായിരുന്ന മകന്റെ മരണത്തിൽ കുടുംബത്തിനുണ്ടായ സംശയം സ്വാഭാവിക മരണമെന്ന രീതിയിലേക്ക് ഒതുങ്ങുമായിരുന്ന ഷാരോണിന്റെ മരണത്തെ മറ്റൊരു വഴിയിലേക്ക് തിരിച്ചുവിടുന്നു. ആ കുടുംബത്തിന്റെ ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു മരിച്ചത്... അത് വെറുമൊരു മരണമല്ല എന്ന് അവർ അന്നേ ഉറപ്പിച്ചിരുന്നു... അതിന് കാരണങ്ങളും ഉണ്ടായിരുന്നു. അസ്വാഭാവിക മരണമെന്നു മാത്രം പൊലീസ് കേസെടുത്തൊരു മരണം പിന്നീട് നാടിനെ നടുക്കുന്ന കൊലപാതകമായി മാറിയതും ഇതേ കാരണങ്ങളാൽ തന്നെ.

കുടുംബത്തിന്റെ സംശയമുന ആദ്യം നീണ്ടത് ഗ്രീഷ്‌മയിലേക്ക് തന്നെയായിരുന്നു. കാരണം, ഷാരോൺ അവസാനം പോയത് അവളുടെ അടുത്തേക്കാണ്.. അവിടുന്ന് എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഒരു ജ്യൂസ് അറിയാതെ കുടിച്ചെന്നായിരുന്നു അവൻ പറഞ്ഞത്. ഒരിക്കൽ പോലും അവളെ കുറിച്ച് സംശയം തോന്നുന്ന ഒന്നും അവൻ പറഞ്ഞിരുന്നില്ല.. എന്നിട്ടും ഷാരോൺ അവശനിലയിൽ കിടക്കുമ്പോൾ കുടുംബത്തിന്റെ ചോദ്യങ്ങളും അതിന് ഗ്രീഷ്‌മ നൽകിയ മറുപടിയും അവളെ സംശയത്തിന്റെ നിഴലിലാക്കി.

പൊലീസ് നടത്തിയ അന്വേഷണത്തിൽ നിരപരാധിയെന്ന് ആവർത്തിച്ചും കരഞ്ഞും നെറ്റിയിലെ കുങ്കുമം കാട്ടിയും ഗ്രീഷ്‌മ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ആ ശ്രമം അധികം നീണ്ടില്ല. ഗ്രീഷ്‌മയുടേതായി പൊലീസ് രേഖപ്പെടുത്തിയ ഓരോ മൊഴിയും പുറത്തുവന്നതോടെ ആ കൊടുംക്രൂരത പുറത്തുവന്നു. ഒഴിവാക്കാൻ ഒരുപാട് ശ്രമിച്ചു, അവൻ പോയില്ല.. . പിന്നെ കൊല്ലുകയല്ലാതെ മാർഗമില്ലായിരുന്നു.. ഗ്രീഷ്‌മ സമ്മതിച്ചുകഴിഞ്ഞു, കൊന്നത് തന്നെ.

കൊലപാതകം

സൈനികനുമായുള്ള വിവാഹം അടുത്തുവരുന്നു... ഷാരോണിനെ എങ്ങനെയെങ്കിലും ഒഴിവാക്കാനുള്ള ആലോചനകൾ ഗ്രീഷ്‌മയുടെ തലയിൽ മുറുകിക്കൊണ്ടേയിരുന്നു. ആദ്യഭർത്താവ് മരിച്ചുപോകുമെന്ന് ജ്യോൽസ്യൻ പ്രവചിച്ചതായി ഷാരോണിനെ അറിയിച്ചിട്ടും കാര്യമുണ്ടായില്ല. എത്ര ശ്രമിച്ചിട്ടും പ്രണയം ഉപേക്ഷിക്കാൻ ഷാരോൺ തയ്യാറാകുന്നില്ല എന്ന് കണ്ടതോടെ കൊന്നുകളയാൻ തീരുമാനിക്കുകയായിരുന്നു. പക്ഷേ, എങ്ങനെ? ഗ്രീഷ്‌മയുടെ ഗൂഗിൾ സർച്ചുകൾ പാരസെറ്റാമോൾ ഗുളികയുടെ അമിത ഉപയോഗത്തെ കുറിച്ചും സ്‌ലോ പോയ്സണുകളെ കുറിച്ചും നീണ്ടു. പാരസെറ്റമോള്‍, ഡോളോ ഗുളികകള്‍ പൊടിച്ച് വീട്ടില്‍വച്ചു വെള്ളത്തില്‍ കലർത്തി ബാഗിൽ സൂക്ഷിച്ചു. രണ്ടു ജൂസുകള്‍ വാങ്ങിയ ഷാരോണിന്റെ കോളേജിലെത്തി, റിസപ്ഷന്‍ ഏരിയയിലെ ശുചിമുറിയില്‍വച്ച് ഗുളികകള്‍ ചേര്‍ത്ത ലായനി ജൂസ് കുപ്പിയിലേക്ക് ചേർത്തു. ജ്യൂസ് ചലഞ്ച് ചെയ്യാമെന്ന പേരിൽ മരുന്ന് നിറച്ച കുപ്പി അവനുനൽകി. എന്നാൽ, കയ്‌പ്‌ കാരണം ഷാരോണത് തുപ്പിക്കളഞ്ഞു.

ആ പദ്ധതി പാളി...എന്നാൽ പിന്മാറിയില്ല. 2022 ഒക്ടോബർ 13ന് വാട്സാപ്പ് ചാറ്റ് വഴി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഒരു മണിക്കൂറിലേറെ നേരം ഗ്രീഷ്മ സംസാരിച്ചത് ലൈംഗികകാര്യങ്ങൾ മാത്രമായിരുന്നു. ശാരീരികബന്ധം ആവശ്യപ്പെട്ടാണ് ഷാരോണിനോട് വരാൻ പറഞ്ഞത്. പിറ്റേദിവസം ഷാരോൺ ഗ്രീഷ്‌മയുടെ വീട്ടിലെത്തി. ഇവിടെ വെച്ച് വീണ്ടും ഒരു ചലഞ്ച്, കഷായം കുടിക്കണം... കയ്‌പ്‌ മാറാൻ ജ്യൂസും നൽകി. ഇത് കുടിച്ച് അവശനിലയിൽ പുറത്തേക്കിറങ്ങിയ ഷാരോൺ നിർത്താതെ ഛർദിക്കാൻ തുടങ്ങി. പച്ചനിറത്തിലൊരു ദ്രാവകം അവന്റെ വായിൽനിന്ന് പുറത്തേക്ക് വന്നു. പുറത്ത് കാത്ത് നിൽക്കുകയായിരുന്ന കൂട്ടുകാരൻ റെജിനോടൊപ്പം ബൈക്കിൽ പോകവേ 'അവൾ ചതിച്ചു...' എന്ന് ഷാരോൺ പറഞ്ഞു.

പല ആശുപത്രികളിലും ചികിത്സ തേടിയശേഷം 19ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഷാരോണിനെ മാറ്റി. വ്യക്കകളുടെയും മറ്റ് ആന്തരികാവയവങ്ങളുടെയും പ്രവർത്തനം മോശമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു ഷാരോൺ. പത്ത് ദിവസത്തോളം വെള്ളം പോലും കുടിച്ചിറക്കാൻ അവനായില്ല. ഒക്ടോബർ 25ന് ഷാരോൺ മരിച്ചു. പാറശാല പോലീസിൽ നിന്ന് കേസന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. തെളിവുകൾ നിരത്തിയുള്ള ചോദ്യമുനകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ഗ്രീഷ്‌മ ഒക്ടോബർ 30ന് കുറ്റസമ്മതം നടത്തി. കഷായത്തിൽ പാരാക്വിറ്റ് എന്ന കീടനാശിനി കലർത്തി കൊന്നതാണ്. ഗ്രീഷ്‌മ കുടുങ്ങാൻ കാരണം പ്രധാനമായും രണ്ടുപേരാണ്.

ഒന്ന് ഷാരോണിന്റെ സഹോദരനും ആയുർവേദ ഡോക്‌ടറുമായ ഷിമോൺ, രണ്ട് ഷാരോണിന്റെ സുഹൃത്ത് റെജിൻ. വിഷം ഉള്ളിൽ ചെന്നാൽ പരിശോധനയിൽ പിടിക്കപ്പെടുമെന്ന് മനസിലായ ഗ്രീഷ്‌മ ഗൂഗിൾ സെർച്ചിലൂടെയാണ് കീടനാശിനിയിലേക്ക് എത്തിപ്പെടുന്നത്. പാരക്വിറ്റ് അകത്തുചെന്നാല്‍ 24 മണിക്കൂറിനുള്ളില്‍ അതിന്റെ അംശം ശരീരത്തില്‍നിന്ന് ഇല്ലാതാവുമെന്നും സാവധാനമുള്ള മരണമായിരിക്കും സംഭവിക്കുക എന്നും മനസിലായതോടെ അത് തന്നെ ഉറപ്പിച്ചു. എന്നാൽ, ആന്തരികാവയവങ്ങളെ ബാധിക്കുമെന്ന കാര്യത്തിൽ അറിവുണ്ടായിരുന്നില്ല ഗ്രീഷ്മയ്ക്ക്. ഇവിടെയാണ് ഷിമോൺ ഗ്രീഷ്‌മക്ക് വില്ലനായെത്തിയത്.

കഷായം കുടിച്ച കാര്യം ഷാരോൺ സുഹൃത്ത് റെജിനോട് പറഞ്ഞിരുന്നു. വിവരമറിഞ്ഞ് ഏത് കഷായമാണെന്നറിയാൻ ഗ്രീഷ്മയെ വിളിച്ചെങ്കിലും ഉരുണ്ടുകളിച്ചു. സ്റ്റിക്കർ ഇളക്കിമാറ്റിയെന്നും എഴുതിത്തന്ന ഡോക്ടർ സ്ഥലം മാറിപ്പോയെന്നുമൊക്കെ മറുപടി. കഷായം അമിത അളവിൽ കുടിച്ചാൽ പോലും മരണം സംഭവിക്കില്ലെന്ന് ഉറപ്പായിരുന്ന ഷിമോൺ കോൾ റെക്കോർഡിഗ്‌സുകൾ അടക്കം പൊലീസിന് നൽകിയതോടെ കുരുക്ക് മുറുകി.

ഷാരോണിനെ കാത്ത് റെജിൻ പുറത്ത് നിൽക്കുന്നുണ്ടെന്ന് അന്ന് അറിയാതെ പോയതും ഗ്രീഷ്മയ്ക്ക് തിരിച്ചടിയായി. പച്ചനിറത്തിൽ ഷാരോൺ ഛർദിക്കുന്നതിനും അവശനാകുന്നതും ഈ കൂട്ടുകാരന്റെ മുന്നിൽ വെച്ചാണ്. റെജിനോട് ഷാരോൺ കഷായം കുടിച്ച കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.

അന്വേഷണം.. 

2022 ഒക്ടോബർ 31ന് ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലിരിക്കെ പൊലീസ് സ്റ്റേഷൻ ശുചിമുറിയിൽനിന്ന് ലൈസോൾ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മയെ ചികിത്സയിലിരിക്കെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. കൊലപതകത്തിലേക്ക് നയിച്ചതിന്റെ കാരണങ്ങൾ പലതുണ്ടായിരുന്നു ഗ്രീഷ്മയ്ക്ക് പറയാൻ... തന്റെ സ്വകാര്യദൃശ്യങ്ങൾ പലതവണ ആവശ്യപ്പെട്ടിട്ടും ഷാരോൺ തിരികെ നൽകാതിരുന്നതിന്റെ വൈരാഗ്യമാണ് കൊലചെയ്യാൻ കാരണമെന്ന വാദം പക്ഷേ തെളിവുകളുടെ അടിസ്ഥാനത്തിൽ, പോലീസ് തള്ളിക്കളയുകയാണുണ്ടായത്.

കാരണം, ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ നരകയാതന അനുഭവിക്കുമ്പോഴും ഗ്രീഷ്‌മയുടെ പേര് ഒരിക്കൽ പോലും ഷാരോൺ പറഞ്ഞിരുന്നില്ല. തൊണ്ടമുതല്‍ താഴോട്ട് പൂര്‍ണമായും കരിഞ്ഞപോലെയുള്ള അവസ്ഥയിലായിരുന്നു ഷാരോൺ, ആന്തരികാവയങ്ങൾ അഴുകിയ നിലയിലും... താൻ മരിച്ചുപോകുമെന്ന് ഉറപ്പിച്ച സമയം മാത്രമാണ് അവൻ ഗ്രീഷ്‌മയുടെ പേര് പറഞ്ഞത്... അപ്പോഴും വാവേ എന്ന് തന്നെയായിരുന്നു അവളെ വിളിച്ചതും. മജിസ്‌ട്രേറ്റിന് മുന്നിലും അച്ഛനോടും അവൻ ഗ്രീഷ്‌മ കഷായം നൽകിയ കാര്യം വെളിപ്പെടുത്തി.

താൻ മരിച്ചുപോകുമെന്ന് അച്ഛൻ ജയരാജിനോട് ഐസിയുവിൽ കഴിയവേ ഷാരോൺ കരഞ്ഞുപറഞ്ഞിരുന്നു. എന്നാൽ, ഈ കൃത്യം നടത്തിയത് ഗ്രീഷ്‌മ ഒറ്റക്കായിരുന്നോ... അല്ല, അമ്മയും അമ്മാവനും പ്രതിപ്പട്ടികയിൽ ചേർന്നു... ഷാരോണിനേക്കാൾ ഗ്രീഷ്‌മയുടെ കുടുംബം സാമ്പത്തികമായി ഉന്നത നിലയിലുള്ളവരാണ്. ഷാരോണിനെ വിവാഹം കഴിച്ചാൽ കുടുംബം കൂട്ടത്തോടെ ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഷാരോണിനെ എങ്ങനെയെങ്കിലും ഒഴിവാക്കാൻ കുടുംബം കൂട്ടുനിന്നതായാണ് ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം. ഷാരോൺ വന്ന സമയം ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് അമ്മയും അമ്മാവനും പുറത്തേക്ക് പോകുന്നത് സുഹൃത്ത് റെജിൻ കണ്ടതും വഴിത്തിരിവായി.

ഗ്രീഷ്മയുടെ അമ്മ സിന്ധു രണ്ടാം പ്രതിയും അമ്മാവൻ നിർമലകുമാരൻ നായർ മൂന്നാം പ്രതിയും. 2023 ജൂൺ 2 ഗ്രീഷ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുറ്റപത്രം റദ്ദാക്കണമെന്ന ഗ്രീഷമയുടെ ഹരജി സുപ്രിംകോടതിയും തള്ളിയതോടെ രക്ഷപെടാനുള്ള വഴികൾ ഓരോന്നായി അടഞ്ഞുതുടങ്ങി. കഴിഞ്ഞ ഒക്ടോബർ 15നു തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. ഗ്രീഷ്മയും അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തിൽ 'അമ്മ സിന്ധുവിനെ വെറുതെവിട്ടു. തെളിവു നശിപ്പിക്കലാണു നിർമലകുമാരൻ നായർക്കു മേലുള്ള കുറ്റം. കഷായ കുപ്പി ഒളിപ്പിക്കാൻ അമ്മ സിന്ധുവും കൂട്ടുനിന്നെന്ന വാദം തെളിയിക്കാനായില്ല.

ഷാരോണിനെ എന്തിനാണ് കൊന്നതെന്ന ചോദ്യത്തിന് ഗ്രീഷ്മ പറഞ്ഞ വാക്കുകൾ അന്വേഷണ ഉദ്യോഗസ്ഥർ ഓർത്തെടുക്കുന്നുണ്ട്... ഒഴിവാകാൻ പറഞ്ഞിട്ട് പോകുന്നില്ല, പിന്നെ കൊല്ലുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ശിക്ഷ കിട്ടുമെന്ന് അറിയാം... കൂടിപ്പോയാൽ ജീവപര്യന്തം അതായത് 14 വർഷം. അപ്പോൾ 38 വയസൊക്കെയാകുമ്പോൾ ജയിലിൽ നിന്നിറങ്ങും. ഞാൻ അതു കഴിഞ്ഞ് ജീവിച്ചോളാം എന്ന മറുപടി ഒരു കറകളഞ്ഞ കുറ്റവാളിയെ പോലെ വ്യക്തമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ഷാരോണിനെ കൊന്നതാണെന്ന് തെളിഞ്ഞതോടെ ഗ്രീഷ്മയ്ക്ക് നിയമം കരുതി വെച്ചിരിക്കുന്ന ശിക്ഷ എന്താണെന്ന് കേരളം ഉറ്റുനോക്കിയിരുന്നു... ഞങ്ങൾ ആഗ്രഹിക്കുന്ന ശിക്ഷ അവൾക്കു കിട്ടിയില്ലങ്കിൽ പിന്നെ എന്തിനാണ് ജീവിക്കുന്നതെന്നു പോലും എനിക്കറിയില്ല എന്ന ഷാരോണിന്റെ പിതാവിന്റെ വാക്കുകൾ നീതിപീഠത്തിലേക്ക് എത്തി. മലയാളികളുടെ നിത്യവർത്തമാനത്തിൽ വരെ നിറഞ്ഞ ആ കേസിൽ വിധി വന്നു... ഒടുവിൽ തൂക്കുകയർ...

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയാണ് ഗ്രീഷ്മ. കേരളത്തില്‍ വധശിക്ഷ ലഭിച്ച രണ്ടാമത്തെ വനിതയും. വളരെ വ്യക്തവും ശക്തവുമായിരുന്നു നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ ജഡ്ജി എ.എം.ബഷീറിന്റെ വിധിന്യായം. ഷാരോണിന്റെ കുടുംബത്തെയും കോടതിക്കുള്ളിൽ വിളിച്ചുവരുത്തിയായിരുന്നു വിധി പ്രസ്‌താവം. വിവാഹമുറപ്പിച്ച ശേഷം ഗ്രീഷ്മക്ക് മറ്റു ബന്ധങ്ങൾ ഉണ്ടായിരുന്നു.. ഗ്രീഷ്മക്കും ഷാരോണിനും ഒരേ പ്രായമായതിനാൽ പ്രായത്തിന്റെ ഒരു ഇളവും പ്രതിക്ക് നൽകാനാകില്ല. ഷാരോൺ പ്രണയത്തിൻറെ അടിമയായിരുന്നു.. മരണ കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ സ്നേഹിച്ചു.. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല... സ്നേഹബന്ധം തുടരുമ്പോഴും കൊലപാതകത്തിന് ശ്രമിച്ചു... സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് സമൂഹത്തിന് നൽകിയത്... ഷാരോൺ അന്ധമായി ഗ്രീഷ്‌മയെ വിശ്വസിച്ചിരുന്നു.. ഷാരോൺ അനുഭവിച്ച വേദന ചെറുതായിരുന്നില്ല... ബ്രൂട്ടൽ ആൻഡ് ബ്രില്യൻഡ് മർഡർ...

വിധികേട്ട് യാതൊരു കൂസലുമില്ലാതെ ഗ്രീഷ്‌മ കോടതിവളപ്പിൽ നിന്ന് പുറത്തേക്കിറങ്ങി... പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഷാരോണിന്റെ മാതാപിതാക്കളും... വാക്കുകൾക്കായി പൊതിഞ്ഞ മാധ്യമപ്രവർത്തകരോട് അവർ വിളിച്ചുപറഞ്ഞു... ദൈവം ന്യായാധിപന്റെ രൂപത്തിൽ വന്നു... എന്റെ മകന് നീതി കിട്ടി... 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News