ചട്ടവിരുദ്ധം; തിരുവനന്തപുരത്ത് സ്വകാര്യഹോട്ടലിന് റോഡിൽ അനുവദിച്ച പാർക്കിങ് റദ്ദാക്കി
കോർപറേഷന്റെ നടപടി വിവാദങ്ങൾക്ക് പിന്നാലെ
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലിന് റോഡിൽ പാർക്കിങ് അനുവദിച്ച കരാർ നഗരസഭ റദ്ദാക്കി. പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിവാദ തീരുമാനം റദ്ദാക്കിയത്.റോഡ് വാടകയ്ക്ക് നൽകാൻ ആർക്കും അനുമതിയില്ലെന്ന് റിപ്പോർട്ടിൽപറയുന്നു.എംജി റോഡിലാണ് നഗരസഭ 5,000 രൂപ പ്രതിമാസ വാടകയ്ക്ക് സ്വകാര്യ ഹോട്ടലിന് പാർക്കിംഗ് അനുവദിച്ചത്.എം ജി റോഡിലെ പാർക്കിംഗ് ഏര്യ വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു കഴിഞ്ഞദിവസം നഗരസഭ വിശദീകരണം നല്‍കിയത്.
അതേസമയം, സ്വകാര്യ ഹോട്ടലിന് റോഡിൽ പാർക്കിങ് അനുവദിച്ചത് വിവിധ വകുപ്പുകൾ അറിഞ്ഞായിരുന്നു. ഇതുമായി ബന്ധപ്പെട്ട ട്രാഫിക് ഉപദേശക സമിതിയുടെ യോഗത്തിൽ പൊതുമരാമത്ത് വകുപ്പും ട്രാൻസ്‌പോർട്ട് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
സി.ഐ.ടി.യു,എ.ഐ.ടി.യു.സി,ബി.എം.എസ് ഉൾപ്പടെയുള്ള തൊഴിലാളി യൂണിയന്റെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു.ട്രാഫിക് ഉപദേശക സമിതി യോഗത്തിന്റെ മിനുട്‌സിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. പൊതുമരാമത്ത് വകുപ്പ് പോലും അറിയാതെയാണ് കോർപ്പറേഷൻ അനുമതി നൽകിയതെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവാദം. എന്നാൽ ഇതെല്ലാം തെറ്റാണെന്നാണ് യോഗത്തിന്റെ മിനുട്‌സ് തെളിയിക്കുന്നത്.
എംജി റോഡിൽ സ്വകാര്യ ഹോട്ടലിന് പാർക്കിങ് അനുവദിച്ച കോർപറേഷൻ നടപടിയിൽ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടിയിരുന്നു. റോഡ്സ് വിഭാഗം ചീഫ് എൻജിനീയറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.