പത്തനംതിട്ടയിൽ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച വാർത്ത ഞെട്ടിക്കുന്നത്; കുറ്റവാളികൾ രക്ഷപ്പെടരുത്: രമേശ് ചെന്നിത്തല

ഒരു സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും സമൂഹമധ്യത്തിൽ അവഹേളിക്കുന്ന ഇത്തരം സംഭവങ്ങൾക്ക് കാരണക്കാരായാവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

Update: 2025-01-11 09:44 GMT
Advertising

തിരുവനന്തപുരം: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ 60ൽ കുടുതൽ ആളുകൾ പീഡ്ിപ്പിച്ചുവെന്ന വാർത്ത ഞെട്ടിക്കുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. നമ്മുടെ സാംസ്‌കാരിക കേരളത്തിൽ നടക്കാൻ പാടില്ലാത്ത സംഭവമാണ് പത്തനംതിട്ടയിൽ നടന്നത്. ഒരു സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും സമൂഹമധ്യത്തിൽ അവഹേളിക്കുന്ന ഇത്തരം സംഭവങ്ങൾക്ക് കാരണക്കാരായാവർക്കെതിരെ കർശന നടപടിയെടുക്കണം.

ഈ കേസിൽ അറുപതോളം പ്രതികൾ ഉണ്ടെന്നാണ് അറിയുന്നത്. അതുകൊണ്ടു തന്നെ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യത ഏറെയാണ്. അതിന് അവസരമുണ്ടാകാത്ത രീതിയിൽ സത്യസന്ധരായ ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണം. സാംസ്‌കാരിക കേരളത്തിന് അങ്ങേയറ്റം ഞെട്ടലുണ്ടാക്കുന്ന സംഭവമായിട്ടും സർക്കാർ ഉണർന്നു പ്രവർത്തിക്കാത്തത് നിരാശാജനകമാണ്. നമ്മുടെ നാട്ടിൽ ഒരു പെൺകുട്ടിക്കും ഭാവിയിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടാകാതിരിക്കാനായി കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിച്ചു മാതൃകാപരമായി ശിക്ഷ ഉറപ്പാക്കണം. എത്ര ഉന്നതനായാലും ഒരു പ്രതി പോലും രക്ഷപ്പെടാൻ അനുവദിക്കരുത്. ഏതു രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവരായാലും അവരെയൊന്നും രക്ഷപ്പെടുത്താൻ ആരും കൂട്ടു നിൽക്കരുത്.

ഇത്തരം സംഭവങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിനായി സ്‌കൂളുകളിൽ ബോധവൽക്കരണം നടത്തണം. കൗൺസിലർമാരുടെയും ചൈൽഡ് ഹെൽപ് ലൈനിന്റെയും സേവനം കൂടുതൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണം. മാതാപിതാക്കൾ കുട്ടികളുമായി തുറന്ന സംഭാഷണം നടത്താനുള്ള അവസരം എല്ലായിപ്പോഴും ഉണ്ടാകണം. കുട്ടികൾക്ക് മാത്രമല്ല, മാതാപിതാക്കൾക്കും കൂടി നൽകുന്ന ബോധവത്കരണം ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ വളരെ അത്യാവശ്യമാണ്. ഇക്കാര്യത്തിൽ സർക്കാർ മുൻകയ്യെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News