പി സി ജോര്‍ജിന്‍റെ വെണ്ണലയിലെ പ്രസംഗം മതസ്പര്‍ധയുണ്ടാക്കുന്നതെന്ന് കോടതി
53എ , 295 എ വകുപ്പുകള്‍ ചുമത്തിയത് അനാവശ്യമെന്ന് പറയാനാവില്ലെന്ന് എറണാകുളം അഡിഷണൽ സെഷന്‍സ് കോടതി
എറണാകുളം: പി സി ജോര്‍ജിന്‍റെ വെണ്ണലയിലെ പ്രസംഗം പ്രകോപനപരമെന്ന് കോടതി. പ്രസംഗം മതസ്പര്‍ധയുണ്ടാക്കാനും സാമുദായിക ഐക്യംതര്‍ക്കാനും കാരണമാകും. 153എ , 295 എ വകുപ്പുകള്‍ ചുമത്തിയത് അനാവശ്യമെന്ന് പറയാനാവില്ലെന്നും എറണാകുളം അഡിഷണൽ സെഷന്‍സ് കോടതി വിലയിരുത്തി. ജോർജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് പരാമര്‍ശം.
വെണ്ണലയിൽ വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോർജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ പി സി ജോര്‍ജ് ഹരജി നല്‍കും. മുൻകൂർ ജാമ്യം തള്ളിയെങ്കിലും പി.സി.ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്നും തിരുവനന്തപുരം കോടതിയുടെ ഉത്തരവ്കൂടി അറിഞ്ഞശേഷമായിരിക്കും നടപടി എന്നും കൊച്ചി പൊലീസ് കമ്മീഷ്ണർ സി.എച് നാഗരാജു പറഞ്ഞു. വെണ്ണലയിലെ ഒരു ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന്‍റെ ഭാഗമായി നടന്ന പ്രഭാഷണത്തിലാണ് പി.സി ജോർജ് വിദ്വേഷപ്രസംഗം നടത്തിയത്.
പൊലീസ് സമർപ്പിച്ച റിപ്പോർട്ട് പി.സി ജോർജിന് എതിരായിരുന്നു. പിസി ജോർജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ നടത്തിയ ഇത്തരത്തിലൊരു പ്രസംഗം മതവിദ്വേഷം ഉണ്ടാക്കാൻ കാരണമായി എന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.