അവസാന ജനസമ്പർക്കത്തിനായി കുഞ്ഞൂഞ്ഞ് പുതുപ്പള്ളിയിലേക്ക്... തിരുനക്കരയിലെ പൊതുദർശനം അവസാനിപ്പിച്ചു

പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്ന് പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളി അധികൃതർ

Update: 2023-07-20 10:16 GMT
Advertising

കോട്ടയം: ഇന്നലെ വൈകിയും തിരുനക്കരയിൽ നിന്ന് ആളുകൾ മടങ്ങിയിരുന്നില്ല... പ്രിയ നേതാവ് ഉമ്മൻ ചാണ്ടിയെ ഒരു നോക്ക് അവസാനമായി കാണാൻ ദൂരവും നേരവും താണ്ടി വന്നവരിൽ കൈക്കുഞ്ഞുങ്ങൾ മുതൽ ഊന്നു വടിയിൽ ദേഹം താങ്ങിയവർ വരെയുണ്ടായിരുന്നു. ഏതൊരു കരച്ചിലും പരിഭവവും അക്ഷമയോടെ കേട്ടിരുന്ന, അതിനൊക്കെയും പരിഹാരം കണ്ടിരുന്ന തങ്ങളുടെ കുഞ്ഞൂഞ്ഞിനെ എത്ര വൈകിയാലും കാണുമെന്ന വാശിയിൽ അവർ നോക്കിയിരുന്നു.

ഒടുവിൽ പുലർച്ചെ കുഞ്ഞൂഞ്ഞിനെയും വഹിച്ച് വിലാപയാത്ര തിരുനക്കര കവാടം കടന്നെത്തി. ആർത്തിരമ്പുന്ന ജനസാഗരം പുതിയ കാഴ്ചയല്ലല്ലോ ഉമ്മൻ ചാണ്ടിക്ക്. പക്ഷേ ഇത്തവണ ആ ജനസാഗരത്തെ നോക്കി കൈവീശാനോ അവരുടെ സങ്കടം കേൾക്കാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നു മാത്രം.

മൂന്നോ നാലോ മണിക്കൂറാണ് തിരുനക്കരയിൽ പൊതുദർശനം തീരുമാനിച്ചിരുന്നത്. എന്നാൽ ഇവിടെയുള്ള ജനക്കൂട്ടത്തിന് ഈ സമയം മതിയായില്ല. പറഞ്ഞ സമയത്തിനുമപ്പുറം വൈകിയതും അവസാനനിമിഷവും ഓടിയെത്തിയ ജനങ്ങളുമെല്ലാം കണക്കുകൂട്ടലുകൾ തെറ്റിച്ചു എന്നു തന്നെ പറയാം. തിരുനക്കരയിലെ പൊതുദർശനം അവസാനിപ്പിച്ചു നിലവിൽ ഭൗതികശരീരം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകുന്ന നടപടികളാണ് നടക്കുന്നത്. 

നിലവിലെ ഷെഡ്യൂൾ പ്രകാരം പുതുപ്പള്ളിയിലെ തറവാട്ടു വീട്ടിൽ നിന്ന് 4.30ന് പുതിയ വീട്ടിലേക്ക് ഭൗതികശരീരം കൊണ്ടുപോകും. 6.30ന് ഇവിടെ വെച്ച് പ്രാർഥന. പിന്നീട് 7 മണിക്ക് പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര. പിന്നീട് 7.30ന് പള്ളിയിൽ പ്രാർഥന ആരംഭിക്കും.

രാത്രി വൈകിയാലും ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം ഇന്ന് തന്നെ നടത്തുന്നതിന് ജില്ലാ കലക്ടർ അനുമതി നൽകിയിട്ടുണ്ട്. പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്ന് പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളി അധികൃതരും അറിയിച്ചു. 

Full View

സംസ്‌കാര ശുശ്രൂഷകളിൽ സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പ്രമുഖരും ചടങ്ങിലുണ്ടാകും. 

ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാൻ സിനിമാരംഗത്തെ പ്രമുഖരും കോട്ടയം തിരുനക്കര മൈതാനിയിലെത്തിയിരുന്നു. ജനനായകനെ കാണാൻ സിനിമ നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി എംപി, ദിലീപ്, രമേശ് പിഷാരടി തുടങ്ങിയവരാണ് എത്തിയത്. വയലാർ രവി, എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളും തിരുനക്കരയിലെത്തിയിരുന്നു. 

Full View

ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം നേരത്തേ തന്നെ അറിയിച്ചിരുന്നു. ഇതുപ്രകാരം ഔദ്യോഗിക ബഹുമതി സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News