പ്ലസ് വൺ വിദ്യാർഥിയെ കാണാതായെന്ന് പരാതി; ലാപ്‌ടോപ് വിറ്റ കാശുമായി കോഴിക്കോട്ടേക്ക് ബസ് കയറിയെന്ന് വിവരം
കഴിഞ്ഞ വ്യാഴാഴ്ച സ്‌കളിലേക്ക് പോകാനായി വീട്ടിൽനിന്ന് ഇറങ്ങിയതാണ് മിഹ്‌റാസ്. അങ്ങാടിപ്പുറം ഐഎച്ച്ആർഡി സ്‌കൂളിലെ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് മിഹ്‌റാസ്.
മലപ്പുറം: പ്ലസ് വൺ വിദ്യാർഥിയായ പതിനേഴുകാരനെ കാണാതായെന്ന് പരാതി. പെരിന്തൽമണ്ണ തൂത സ്വദേശി അബ്ദുന്നാസർ ഫൈസിയുടെ മകൻ മുഹമ്മദ് മിഹ്‌റാസിനെയാണ് കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച സ്‌കളിലേക്ക് പോകാനായി വീട്ടിൽനിന്ന് ഇറങ്ങിയതാണ് മിഹ്‌റാസ്. അങ്ങാടിപ്പുറം ഐഎച്ച്ആർഡി സ്‌കൂളിലെ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് മിഹ്‌റാസ്.
സ്‌കൂൾ വിട്ട് വരേണ്ട സമയമായിട്ടും കാണാതയതോടെയാണ് വീട്ടുകാർ അന്വേഷണം തുടങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെ കോഴിക്കോട് സ്‌റ്റേഡിയം ജങ്ഷന് സമീപത്താണ് മിഹ്‌റാസിനെ അവസാനമായി കണ്ടത്. വീട്ടിലെ ലാപ്‌ടോപ് പെരിന്തൽമണ്ണയിലെ കടയിൽ 14,000 രൂപക്ക് വിറ്റാണ് മിഹ്‌റാസ് കെഎസ്ആർടിസി ബസിൽ കോഴിക്കോട്ടേക്ക് തിരിച്ചത്. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് വീട്ടുകാർ വിവരം ശേഖരിച്ചത്.
ഇലക്ട്രോണിക്‌സ് തൽപരനായ മിഹ്‌റാസ് എൽഇഡി ലൈറ്റ് ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് മാതാവിനോട് സംസാരിച്ചിരുന്നു. ഇതിനായി വയനാട്ടിലേക്ക് പോയി എന്നാണ് കുടുംബം സംശയിക്കുന്നത്.