ഇന്ധന വില വർധന; മത്സ്യബന്ധന മേഖല കടുത്ത പ്രതിസന്ധിയിൽ
ഡീസല്‍ അടിക്കാന്‍ മാത്രമായി 30,000 രൂപയോളമാണ് ബോട്ടുടമകള്‍ക്ക് അധിക ചെലവ് വരുന്നത്.
ഇന്ധന വില വര്‍ധന മൂലം മത്സ്യ ബന്ധന മേഖല കടുത്ത പ്രതിസന്ധിയില്‍ .ഇന്ധന സബ്സിഡി ഏര്‍പ്പെടുത്തിയില്ലെങ്കില്‍ മത്സ്യബന്ധനം നിര്‍ത്തി വെക്കേണ്ടി വരുമെന്ന് ബോട്ടുടമകള്‍ പറഞ്ഞു .മണ്ണെണ്ണ വിലയിലുണ്ടായ വര്‍ധന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും തിരിച്ചടിയായി. ഡീസല്‍ അടിക്കാന്‍ മാത്രമായി 30000 രൂപയോളമാണ് ബോട്ടുടമകള്‍ക്ക് അധിക ചെലവ് വരുന്നത്. മത്സ്യം ലഭിക്കുന്ന സീസണായിട്ടും കനത്ത നഷ്ടം നേരിടാന്‍ കാരണം ഉയര്‍ന്ന ഡീസല്‍ വില തന്നെ. കുത്തനെയുയര്‍ത്തിയ ഡീസല്‍ വില ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും അത് അപര്യാപ്തമാണെന്ന് ബോട്ടുടമകള്‍ പറയുന്നു.
മറ്റു സംസ്ഥാനങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഡീസലിന് സബ്സിഡി നല്‍കുമ്പോള്‍ കേരളം ഇക്കാര്യം പരിഗണിക്കുന്നു പോലുമില്ലെന്നാണ് ആക്ഷേപം.സബ്സിഡി ഇനത്തില്‍ ലഭിക്കുന്ന മണ്ണെണ്ണ രണ്ടു ദിവസത്തേക്ക് പോലും തികയാത്തതിനാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കരിഞ്ചന്തയെയാണ് കൂടുതലും ആശ്രയിക്കുന്നത്. മണ്ണെണ്ണ വിലയില്‍ റെക്കോര്‍ഡ് വര്‍ധന കൂടിയുണ്ടായതോടെ വള്ളങ്ങള്‍ കടലില്‍ ഇറക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്കാണ് നീങ്ങുന്നത്.