പിഎഫ്‌ഐ ചാപ്പ, മാഷാ അല്ലാഹ്, താനൂർ സ്‌ഫോടനം... കേസുകൾ ഒറ്റപ്പെട്ടതല്ല

പ്രത്യേക സമുദായത്തെ പ്രതിസ്ഥാനത്തു നിര്‍ത്തി സാമുദായിക ധ്രുവീകരണവും കലാപവുമുണ്ടാക്കാനുള്ള ശ്രമങ്ങൾ ആദ്യത്തേതല്ല. 1993ലെ താനൂർ ബോംബ് സ്‌ഫോടനം മുതൽ ടിപി വധക്കേസിലെ മാഷാ അല്ലാഹ് സ്റ്റിക്കർ വരെ ഒരുപാട് സംഭവങ്ങൾക്ക് കേരളം മുമ്പും സാക്ഷ്യം വഹിച്ചിട്ടുണ്ട്.

Update: 2023-09-27 12:52 GMT
Advertising

കൊല്ലം കടയ്ക്കലിൽ സൈനികന്റെ മുതുകിൽ 'പിഎഫ്‌ഐ ചാപ്പ' കുത്തിയ സംഭവത്തിന് വലിയ വാർത്താപ്രാധാന്യമാണ് ദേശീയ മാധ്യമങ്ങളിലടക്കം ലഭിച്ചത്. സംഭവം കഴിഞ്ഞ് മണിക്കൂറുകൾക്കകം അത് വ്യാജമാണെന്ന് തെളിയുകയും പരാതി നൽകിയ സൈനികൻ ഷൈൻകുമാറും സുഹൃത്ത് ജോഷിയും അറസ്റ്റിലാകുകയും ചെയ്തു. ദേശീയശ്രദ്ധ നേടി ജോലിയിൽ മെച്ചപ്പെട്ട തസ്തിക കിട്ടാനുള്ള ശ്രമമായിരുന്നു സൈനികന്റേത് എന്നാണ് പൊലീസ് പറയുന്നത്.

മുമ്പും പിമ്പും നോക്കാതെ ബിജെപി അടക്കമുള്ള സംഘ്പരിവാർ സംഘടനകൾ ഏറ്റെടുത്ത വിഷയമാണ് തൊട്ടടുത്ത ദിവസം തന്നെ നാടകമാണെന്ന് തെളിഞ്ഞത്. ഇതോടെ, പ്രത്യേക ന്യൂനപക്ഷ മതവിഭാഗത്തെയോ ന്യൂനപക്ഷ-ദളിത് ബന്ധമുള്ള സംഘടനകളെയോ ഉന്നംവച്ച് സംഘ് പരിവാറോ ഇതര ഗ്രൂപ്പുകളോ നടത്തിയ മറ്റൊരു കള്ളക്കഥ കൂടിയാണ് ഇല്ലാതായത്.


പിഎഫ്ഐ ചാപ്പ സംഭവത്തിലെ എന്‍ഡിടിവി വാര്‍ത്ത


വ്യാജ ന്യൂനപക്ഷ ബന്ധമുണ്ടാക്കി സാമുദായിക ധ്രുവീകരണവും കലാപവുമുണ്ടാക്കാനുള്ള ശ്രമങ്ങൾ ഇതാദ്യത്തേതല്ല. 1993ലെ താനൂർ ബോംബ് സ്‌ഫോടനം മുതൽ ടിപി വധക്കേസ് പ്രതികൾ സഞ്ചരിച്ച കാറിലെ മാഷാ അല്ലാഹ് സ്റ്റിക്കർ വരെ ഒരുപാട് സംഭവങ്ങൾക്ക് കേരളം മുമ്പും സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവയിൽ ചിലത്;

താനൂർ ബോംബ് സ്‌ഫോടനം

1993 സെപ്തംബർ ആറ്. മലപ്പുറം ജില്ലയിലെ താനൂരിൽ പ്രശസ്തമായ ശ്രീകൃഷ്ണ ജയന്തി ആഘോഷം നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് സമീപപ്രദേശമായ കെ പുരത്ത് (കേരളാധീശ്വപുരം) ഉച്ചയ്ക്ക് മൂന്നു മണിയോടെ ഉഗ്രസ്‌ഫോടനമുണ്ടായി. കെ പുരത്തെ പറമ്പാട്ട് സുകുവിന്റെ ഇരുനില വീട്ടിലായിരുന്നു സ്‌ഫോടനം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടു പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. വീടിന്റെ മുകൾനില മുഴുവൻ സ്‌ഫോടനത്തിൽ തകർന്നു. സുകുവിന്റെ മകൻ ബാബു, വടക്കമ്പാട്ട് കോരന്റെ മകൻ വേലായുധൻ എന്നീ ആർഎസ്എസ് പ്രവർത്തകർക്കാണ് പരിക്കേറ്റത്.

മരിച്ചത് ആരാണ് എന്നതിൽ ആദ്യം വ്യക്തതയുണ്ടായിരുന്നില്ല. തൃക്കണ്ടിയൂർ സ്വദേശി സുനിൽ, തിരൂർ സ്വദേശി മധു, തിരുവനന്തപുരം കോട്ടക്കകത്തെ സുനിൽ എന്നിങ്ങനെയൊക്കെയാണ് ആദ്യം പറഞ്ഞു കേട്ട പേരുകൾ. പിന്നീട് തിരുവനന്തപുരം ശ്രീകാര്യം സ്വദേശി വട്ടച്ചിറ ശ്രീകാന്ത് ആണ് മരിച്ചത് എന്ന് തിരിച്ചറിഞ്ഞു. 1992 ജനുവരി 12ന് സിപിഐ പ്രവർത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി കേസിലെ രണ്ടാംപ്രതിയായിരുന്നു ശ്രീകാന്ത്. ആ സംഭവത്തിന് ശേഷം പല ആർഎസ്എസ് കേന്ദ്രങ്ങളിൽ മാറിമാറിത്താമസിച്ചു വരികയായിരുന്നു ഇയാൾ.

അന്നത്തെ ജില്ലാ പൊലീസ് സൂപ്രണ്ട് ഉമ്മൻ കോശി 93 സെപ്തംബർ 19ന് നടത്തിയ പത്ര സമ്മേളനത്തിനാണ് സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് വെളിപ്പെടുത്തിയത്. 'താനൂരിലെ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ രഹസ്യമായി ബോംബുണ്ടാക്കിയത് ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ചുള്ള ഘോഷയാത്രയിൽ ഉപയോഗിക്കാനായിരുന്നു എന്ന് അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകൻ ബാബു സമ്മതിച്ചു.' എന്നായിരുന്നു പൊലീസ് സൂപ്രണ്ടിന്റെ പ്രസ്താവന. 'മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചു. അല്ലെങ്കിൽ ജില്ല വർഗീയ കലാപത്തിൽ കത്തിയെരിയുമായിരുന്നു' എന്ന അദ്ദേഹത്തിന്റെ പ്രസ്താവന പിന്നീട് ഏറെ ചർച്ച ചെയ്യപ്പെട്ടു.

ടിപി വധക്കേസിലെ മാഷാ അല്ലാഹ്

2012 മെയ് നാല്. വടകരയ്ക്കടുത്തുള്ള വള്ളിക്കാട്ട് റവല്യൂഷണറി മാർക്‌സിസ്റ്റ് നേതാവ് ടിപി ചന്ദ്രശേഖരൻ ക്രൂരമായി കൊല ചെയ്യപ്പെട്ടു. കൊലയ്ക്ക് പിന്നിൽ ആരാണ് എന്ന ചോദ്യം ഉയർന്നുവരുന്നതിനിടെയാണ് സിപിഎം നിയന്ത്രണത്തിലുള്ള ചാനൽ പ്രതികൾ സഞ്ചരിച്ചുവെന്ന് കരുതുന്ന കാറിനു പിന്നിലെ മാഷാ അല്ലാഹ് എന്ന അറബി സ്റ്റിക്കർ വാർത്തയാക്കുന്നത്. കൃത്യത്തിന് പിന്നിൽ തീവ്രവാദികളാണെന്ന് സൂചന എന്നായിരുന്നു റിപ്പോർട്ട്.

എന്നാൽ പിന്നീട് നടത്തിയ വിശദ അന്വേഷണത്തിൽ സിപിഎം ബന്ധമുള്ള പ്രതികൾ കാറിന് പിറകിൽ സ്റ്റിക്കർ ബോധപൂർവ്വം ഒട്ടിച്ചതാണെന്ന് തെളിഞ്ഞു. മുസ്‌ലിം അല്ലാത്ത ഒരാളുടെ ഉടമസ്ഥതയിൽ നിന്നാണ് പ്രതികൾ കാർ വാടകയ്‌ക്കെടുത്തത്. പിന്നീട് മാഷാ അല്ലാഹ് (ദൈവം ഇച്ഛിച്ചാൽ) എന്ന അറബി വാചകം ഒട്ടിക്കുകയായിരുന്നു. ചന്ദ്രശേഖരനെ വധിച്ചത് മുസ്‌ലിം തീവ്രവാദ ഗ്രൂപ്പുകളാണ് എന്നു വരുത്തിത്തീർക്കുകയായിരുന്നു ലക്ഷ്യം.

കേരളത്തെ പിടിച്ചുലച്ച രാഷ്രട്രീയ കൊലപാതകത്തിൽ സിപിഎം ബന്ധമുള്ള എം.സി അനൂപ്, മനോജ് കുമാർ എന്ന കിർമാണി മനോജ്, എൻകെ സുനിൽ കുമാർ എന്ന കൊടി സുനി, ടി.കെ രജീഷ്, കെകെ മുഹമ്മദ് ഷാഫി, എസ് സിജിത്ത് എന്ന അണ്ണൻ സിജിത്ത്, കെ ഷിനോജ് എന്നിവരാണ് നേരിട്ടു പങ്കെടുത്തത്.


മാഷാ അല്ലാഹ് സ്റ്റിക്കര്‍ പതിച്ച, ടിപി വധക്കേസ് പ്രതികള്‍ സഞ്ചരിച്ച വാഹനം 


വധഗൂഢാലോചനയിൽ സിപിഎം കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗം കെ.സി രാമചന്ദ്രൻ, സിപിഎം കടുങ്ങോൻപൊയിൽ ബ്രാഞ്ച് സെക്രട്ടറി മനോജ്, പാർട്ടി പാനൂർ ഏരിയാ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തൻ എന്നിവരും ശിക്ഷിക്കപ്പെട്ടു.

നിലമ്പൂരിലെ ക്ഷേത്ര പ്രതിഷ്ഠ തകർത്ത മോഹൻദാസ്

2017 മെയ് 26ന് നിലമ്പൂർ പൂക്കോട്ടുംപാടം വില്ല്വത്ത് മഹാക്ഷേത്രത്തിലെ പ്രതിഷ്ഠ തകർക്കപ്പെട്ടത് വലിയ ബഹളങ്ങൾക്കു വഴിവച്ചു. സംഭവത്തിൽ തിരുവനന്തപുരം കവടിയാർ സ്വദേശി മോഹൻദാസ് എന്നയാളാണ് അറസ്റ്റിലായത്. ഒമ്പതു വർഷമായി മമ്പാട് പൊങ്ങല്ലൂരിലായിരുന്നു ഇയാളുടെ താമസം. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങൾ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു.

ശിവനും വിഷ്ണുവിനും തുല്യപ്രാധാന്യമുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് വില്ല്വത്തേത്. രാവിലെ ശാന്തിക്കാരൻ ക്ഷേത്രത്തിലെത്തിയപ്പോഴാണ് കോവിലുകൾ തുറന്ന നിലയിൽ കണ്ടെത്തിയത്. ശിവന്റെ ശ്രീകോവിലിന്റെ പൂട്ട് മുറിച്ചാണ് അക്രമി അകത്തുകടന്നിരുന്നത്. വിഷ്ണുവിന്റെ ശ്രീകോവിൽ കുത്തിത്തുറന്നിരുന്നു.


വില്ല്വത്ത് ക്ഷേത്രത്തിലെ പ്രവേശന കവാടം തകർത്ത നിലയിൽ


നെയ്തല്ലൂർ അയ്യപ്പക്ഷേത്രത്തിൽ വിസർജ്യമെറിഞ്ഞ് കലാപനീക്കം

2019 ആഗസ്ത് 27നാണ് എടയൂർ പഞ്ചായത്തിലെ നെയ്തല്ലൂർ അയ്യപ്പക്ഷേത്രം ആക്രമിക്കപ്പെട്ടത്. ചുറ്റമ്പലത്തിനകത്തേക്ക് വിസർജ്യം എറിഞ്ഞ സംഭവത്തിൽ പിടിയിലായത് രാമകൃഷ്ണൻ എന്നയാൾ. ജില്ലയിൽ മതസ്പർദ്ധയുണ്ടാക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

ഈ സംഭവത്തിന് പിന്നാലെ ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ പ്രകോപന മുദ്രാവാക്യങ്ങൾ വിളിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ പ്രകടനം നടന്നിരുന്നു. പൊലീസിന്റെ ഫലപ്രദമായ ഇടപെടൽ മൂലം കാര്യമായ പ്രശ്‌നങ്ങളുണ്ടായില്ല. 

Tags:    

Writer - abs

contributor

Editor - abs

contributor

By - അഭിമന്യു എം

contributor

Similar News