പി.എഫ്.ഐ ചാപ്പ; വ്യാജ പ്രചാരണം നടത്തിയ അനില്‍ ആന്‍റണിക്കെതിരെ കേസെടുക്കണമെന്ന് സത്താര്‍ പന്തല്ലൂര്‍

മലയാളിയുടെ അഭിമാനം കാക്കാൻ അനില്‍ ആന്‍റണിക്കെതിരെ കേസെടുക്കണമെന്നും സത്താര്‍ പന്തല്ലൂര്‍

Update: 2023-09-28 06:04 GMT
Advertising

കൊല്ലത്ത് സൈനികനെ ആക്രമിച്ച് പുറത്ത് പി.എഫ്.ഐ ചാപ്പ കുത്തിയെന്ന് വ്യാജപ്രചാരണം നടത്തിയ അനില്‍ ആന്‍റണിക്കെതിരെ നടപടിയെടുക്കണമെന്ന് സമസ്ത വിദ്യാര്‍ത്ഥി വിഭാഗം നേതാവ് സത്താര്‍ പന്തല്ലൂര്‍.

ഇത്തരം വിഷവിത്തുകളെ മുളയിലേ നുള്ളിക്കളഞ്ഞില്ലെങ്കിൽ വലിയ അപകടമുണ്ടാക്കുമെന്നും മലയാളിയുടെ അഭിമാനം കാക്കാൻ അനില്‍ ആന്‍റണിക്കെതിരെ കേസെടുക്കണമെന്നും സത്താര്‍ പന്തല്ലൂര്‍ ആവശ്യപ്പെട്ടു.

സൈനികൻ്റെ മുതുകിൽ പി.എഫ്.ഐ എന്ന് പച്ച മഷിയിൽ ചാപ്പ കുത്തിയ നാടകം എട്ട് നിലയിൽ പൊട്ടിയിട്ടും സംഭവം ദേശീയ തലത്തിൽ പ്രചരിപ്പിച്ച് വിദ്വേഷ പ്രചാരണം നടത്തി മുതലെടുക്കാൻ ശ്രമിക്കുകയാണ് അനിൽ ആൻ്റണിയെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. സംഭവത്തിൻ്റെ നിജസ്ഥിതി പുറത്ത് വന്നിട്ടും അനില്‍ ആന്‍റണിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും സത്താര്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Full View

സത്താര്‍ പന്തല്ലൂരിന്‍റെ ഫേസ്ബുക് കുറിപ്പിന്‍റെ പൂര്‍ണരൂപം

കൊല്ലത്ത് സൈനികൻ്റെ മുതുകിൽ പി എഫ് ഐ എന്ന് പച്ച മഷിയിൽ ചാപ്പ കുത്തിയ നാടകം എട്ട് നിലയിൽ പൊട്ടി, പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ഈ സംഭവം ദേശീയ തലത്തിൽ പ്രചരിപ്പിച്ച് വിദ്വേഷ പ്രചാരണം നടത്തി മുതലെടുക്കാൻ ശ്രമിക്കുകയാണ് അനിൽ ആൻ്റണി.
കേരളത്തിൽ ഇസ്‌ലാമിക ഭീകരർ അഴിഞ്ഞാടുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഇസ്‌ലാമിക ഭീകരരുടെ ഒരാൾക്കൂട്ടം ഒരു സൈനികനെ ആക്രമിക്കുകയും അയാളുടെ മുതുകിൽ പി എഫ് ഐ എന്ന് എഴുതുകയും ചെയ്തുവത്രേ. സംഭവത്തിൻ്റെ നിജസ്ഥിതി പുറത്ത് വന്നിട്ടും അദ്ദേഹത്തിന് യാതൊരു കുറ്റബോധവുമില്ല. ഇത്തരം വിഷവിത്തുകൾ മുളയിലേ നുള്ളിക്കളഞ്ഞില്ലെങ്കിൽ വലിയ അപകടമുണ്ടാക്കും. മലയാളിയുടെ അഭിമാനം കാക്കാൻ ഇദ്ദേഹത്തിനെതിരെ കേസെടുക്കണം, ശിക്ഷിക്കണം. ഇ.ഡി ഇവിടെ ചുറ്റിക്കറങ്ങുന്നത് അതിന് തടസ്സമാവരുത്.

പുറത്ത് പി.എഫ്.ഐ എന്ന് ചാപ്പകുത്തിയെന്ന പരാതി വ്യാജമാണെന്ന് കണ്ടെത്തിയ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് സൈനികനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കൽ സ്വദേശി ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കലാപശ്രമം, തെറ്റിദ്ധരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്.

സുഹൃത്തിന് പണം കൊടുക്കാൻ പോകുന്ന സമയത്ത് വഴിയിൽ കുറച്ചുപേരെ കാണുകയും അവർ തന്നെ മർദിക്കുകയും വസ്ത്രം വലിച്ചുകീറി മുതുകത്ത് എന്തോ ചാപ്പ കുത്തുകയും ചെയ്തുവെന്നായിരുന്നു സൈനികന്‍റെ പരാതി. സുഹൃത്തിനെ വിളിച്ചുവരുത്തിയപ്പോഴാണ് പി.എഫ്.ഐ എന്നാണ് എഴുതിയതെന്ന് മനസിലായതെന്നും പരാതിയിൽ പറഞ്ഞിരുന്നു.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സുഹൃത്ത് ജോഷി നൽകിയ മൊഴിയാണ് സൈനികനെ കുരുക്കിയത്. തന്നോട് ഷൈൻ മുതുകത്ത് പി.എഫ്.ഐ എന്ന എഴുതാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. മുതുകിൽ എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും പൊലീസ് കണ്ടെടുത്തു. പ്രശസ്തനാകാൻ വേണ്ടിയാണ് വ്യാജ പരാതി നൽകിയതെന്നും സുഹൃത്ത് പൊലീസിനോട് പറഞ്ഞു.

ചിറയിൻകീഴിൽനിന്നാണ് പെയിന്‍റും ബ്രഷും വാങ്ങിയതെന്നും തന്നെക്കൊണ്ട് ടീഷർട്ട് ബ്ലേഡ് ഉപയോഗിച്ച് കീറിച്ചെന്നും ജോഷി പൊലീസിനോട് പറഞ്ഞു. മർദിക്കാൻ ഷൈൻ ആവശ്യപ്പെട്ടെങ്കിലും അത് ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News