'അവര് 25ഓളം ആളുകൂടി, മൊബൈല്‍ പിടിച്ചുവാങ്ങി ഫോട്ടോസ് ഡിലീറ്റ് ചെയ്യിച്ചു': ശ്രീറാമിന്‍റെയും വഫയുടെയും ഫോട്ടോ എടുത്തതിന് മര്‍ദനമേറ്റ ഫോട്ടാഗ്രാഫര്‍ പറയുന്നു

സിറാജ് ഫോട്ടോഗ്രാഫർ ശിവജി, കെയുഡബ്ല്യുജെ ഭാരവാഹി സുരേഷ് വെള്ളിമങ്കലം എന്നിവർക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്

Update: 2021-08-09 10:07 GMT
Advertising

വഞ്ചിയൂർ കോടതി വളപ്പിൽ മാധ്യമ പ്രവർത്തകരെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തു. മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്‍റെയും വഫ ഫിറോസിന്‍റെയും ചിത്രം പകർത്തുന്നതിനിടെയാണ് കയ്യേറ്റം. സിറാജ് ഫോട്ടോഗ്രാഫർ ശിവജി, കെയുഡബ്ല്യുജെ ഭാരവാഹി സുരേഷ് വെള്ളിമങ്കലം എന്നിവർക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. പൊലീസിൽ പരാതി നൽകിയെന്ന് മാധ്യമപ്രവർത്തകർ അറിയിച്ചു.

'കോടതിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ ചിത്രമെടുത്തു. അതുകഴിഞ്ഞ് പുള്ളി കാറില്‍ കയറി പോയി. പിന്നെ വഫ വന്നപ്പോള്‍ വഫയുടെ ചിത്രമെടുത്തു. അതിനിടെ അവിടെ എന്തോ കോടതി ആവശ്യത്തിന് വന്ന പൊലീസ് ഓഫീസര്‍ ഇടപെട്ട് അവരുടെ അനുമതിയില്ലാതെ എന്തിന് ഫോട്ടോയെടുത്തെന്ന് ചോദിച്ചു. നിങ്ങടെ ഐഡി കാര്‍ഡ് എവിടെ എന്നൊക്കെ ചോദിച്ച് ഇഷ്യു ആക്കി എല്ലാവരെയും വിളിച്ചുകൂട്ടി. ഉടനെ തന്നെ ആള് കൂടി ഐഡി കാര്‍ഡ് പിടിച്ചുവാങ്ങി. അതിനുശേഷം മൊബൈലിലെ ഫോട്ടോസ് ഡിലീറ്റ് ചെയ്യിച്ചു. അവസാനം മൊബൈല്‍ പിടിച്ചെടുക്കാന്‍ നോക്കി. മൊബൈല്‍ പൊലീസുകാര് ഏറ്റെടുത്തുകൊണ്ടുപോയി. അപ്പോഴേക്കും ഇരുപത്തഞ്ചോളം ആളുകള്‍ കൂടി. ഉന്തും തള്ളുമായി. കൈവെയ്ക്കുമെന്ന അവസ്ഥയിലാണ് പൊലീസ് ഇടപെട്ടത്. പരാതി നല്‍കിയിട്ടുണ്ട്'- സിറാജ് ഫോട്ടോഗ്രാഫര്‍ ശിവജി പറഞ്ഞു.

കെ.എം.ബഷീര്‍ കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. ഇന്ന് പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. കേസ് അടുത്ത മാസം 29 നു വീണ്ടും പരിഗണിക്കും.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News