'കർണാടകയെ കണ്ടു പഠിക്കണം, പിണറായി സർക്കാർ ലോകായുക്തയെ വന്ധ്യംകരിച്ചു'; കേരള ലോകായുക്തക്ക് എതിരെ കെ സുധാകരൻ

സര്‍ക്കാരും ഗവര്‍ണറും ലോകായുക്തയും ചേര്‍ന്ന ത്രിമൂര്‍ത്തികള്‍ കേരളത്തിന്‍റെ അഴിമതി വിരുദ്ധ പോരാട്ടത്തെ ഇല്ലാതാക്കിയെന്ന് സുധാകരന്‍

Update: 2023-03-05 11:30 GMT
Editor : ijas | By : Web Desk
Kerala Lok Ayukta, K Sudhakaran, Pinarayi Vijayan, Lok Ayukta, ലോകായുക്ത, പിണറായി വിജയന്‍, കെ സുധാകരന്‍
AddThis Website Tools
Advertising

തിരുവനന്തപുരം: കേരള ലോകായുക്തയ്ക്കെതിരെ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരൻ. പിണറായി സർക്കാർ ലോകായുക്തയെ വന്ധ്യകരിച്ചതായും കേരളത്തിലെ ലോകായുക്ത കെട്ടുകാഴ്ചയായി മാറിയതായും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി പ്രതിസ്ഥാനത്തു നില്‍ക്കുന്ന ദുരിതാശ്വാസനിധി തട്ടിപ്പ് കേസില്‍ ഹിയറിംഗ് പൂര്‍ത്തിയായിട്ട് മാര്‍ച്ച് 18ന് ഒരു വര്‍ഷമാകുമ്പോള്‍ വിധി പറയാന്‍ ലോകായുക്ത തയാറാകുന്നില്ല. ഹിയറിംഗ് പൂര്‍ത്തിയായാല്‍ ആറുമാസത്തിനകം വിധി പറയണമെന്ന സൂപ്രീം കോടതി നിര്‍ദേശമൊന്നും കേരള ലോകായുക്തക്ക് ബാധകമല്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു.

കര്‍ണാടകത്തിലെ ലോകായുക്ത ഭരണകക്ഷി എം.എല്‍.എയുടെ വീട്ടില്‍ കയറിവരെ റെയ്ഡ് നടത്തി കോടികളുടെ കൈക്കൂലിപ്പണം പിടിച്ചെടുക്കുമ്പോള്‍, പിണറായി സര്‍ക്കാര്‍ വന്ധ്യംകരിച്ച കേരളത്തിലെ ലോകായുക്ത കെട്ടുകാഴ്ചയായി മാറി. ലോകായുക്തയുടെ ചിറകരിഞ്ഞ ബില്‍ ദീര്‍ഘകാലമായി ഗവര്‍ണറുടെ മുമ്പിലുണ്ടെങ്കിലും അദ്ദേഹവും അതിന്മേല്‍ അടയിരിക്കുകയാണ്. സര്‍ക്കാരും ഗവര്‍ണറും ലോകായുക്തയും ചേര്‍ന്ന ത്രിമൂര്‍ത്തികള്‍ കേരളത്തിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തെ ഇല്ലാതാക്കിയെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പൊലീസുകാരന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ ആനുകുല്യങ്ങള്‍ക്കു പുറമെ 20 ലക്ഷം രൂപയും ചെങ്ങന്നൂര്‍ എം.എല്‍.എ ആയിരുന്ന അന്തരിച്ച കെ.കെ രാമചന്ദ്രന്‍നായരുടെ മകന് എന്‍ജിനീയറായി ജോലിക്കു പുറമെ സ്വര്‍ണ, വാഹനവായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് 9 ലക്ഷം രൂപയും അന്തരിച്ച എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയന്‍റെ കുടുംബത്തിന് വിദ്യാഭ്യാസ ചെലവ് ഉള്‍പ്പെടെ 25 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി അനുവദിച്ച അഴിമതിയാണ് ലോകായുക്തയുടെ മുമ്പിലെത്തിയത്. രോഗം, അപകടങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയവയ്ക്കാണ് ദുരിതാശ്വാസനിധിയില്‍നിന്ന് ധനസഹായം. മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍.എസ് ശശികുമാറിന്‍റെ ഇതു സംബന്ധിച്ച ഹര്‍ജി പ്രസക്തമാണെന്ന് ലോകായുക്ത തുറന്നു സമ്മതിച്ചെങ്കിലും ഒരു വര്‍ഷമായിട്ടും വിധി പറയാത്തത് മുഖ്യമന്ത്രിയെ ഭയന്നാണോയെന്ന് വിമര്‍ശനമുണ്ട്. ലോകായുക്ത നീതിയുക്തമായ തീരുമാനമെടുത്താല്‍ അത് ഏറ്റവുമധികം ബാധിക്കാന്‍ പോകുന്നത് തന്നെയാണെന്നു തിരിച്ചറിഞ്ഞാണ് അമേരിക്കയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് അതിവേഗം ഓര്‍ഡിനന്‍സും പിന്നീട് ബില്ലും കൊണ്ടുവന്നത്. തുക അനുവദിച്ചത് ഒന്നാം പിണറായി സര്‍ക്കാരാണെങ്കിലും ഇപ്പോള്‍ പിണറായി വിജയന്‍ മാത്രമാണ് അധികാരത്തിലുള്ളതെന്നും സുധാകരന്‍ തുറന്നടിച്ചു.

Full View

ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം വിധിച്ചാല്‍ പൊതുസേവകന്‍റെ പദവി ആ നിമിഷം തെറിക്കുമെന്ന വ്യവസ്ഥ ഇല്ലാതാക്കി വിധിക്കെതിരേ അപലേറ്റ് അതോറിറ്റികളെ സമീപിക്കാം എന്ന ഭേദഗതി കൊണ്ടുവന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ്. മുഖ്യമന്ത്രിയുടെ അപലേറ്റ് അതോറിറ്റി നിയമസഭ ആയതിനാല്‍ സഭയിലെ ഭൂരിപക്ഷം വച്ച് അനായാസം ഊരിപ്പോരാം. മന്ത്രി കെടി ജലീലിന് രാജിവയ്‌ക്കേണ്ടി വന്നത് ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍, പുതിയ ബില്‍ പ്രകാരം മന്ത്രിമാരുടെ കേസുകളില്‍ മുഖ്യമന്ത്രിയാണ് അപലേറ്റ് അധികാരി. രാഷ്ട്രീയപാര്‍ട്ടികളുടെ സംസ്ഥാന ഭാരവാഹികള്‍ക്കെതിരേ ലോകായുക്തയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന വ്യവസ്ഥയും എടുത്തുകളഞ്ഞു. സംസ്ഥാനത്ത് അഴിമതിക്കെതിരേ പോരാടാനുള്ള അവസാന കച്ചിത്തുരുമ്പായിരുന്നു ലോകായുക്ത. വിജിലന്‍സിനെയും മറ്റും പിണറായി സര്‍ക്കാര്‍ വന്ധ്യംകരിച്ചപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന ഏക പ്രതീക്ഷയെയാണ് ഇല്ലാതാക്കിയത്. മുഖ്യമന്ത്രി ഇകെ നയനാര്‍ 1999ല്‍ തുടക്കമിട്ട ലോകായുക്തയെ പിണറായി വിജയന്‍ തന്നെ മുമ്പ് വാഴ്ത്തിപ്പാടിയിട്ടുണ്ട്. വാര്‍ഷിക ശമ്പളമായി 56.65 ലക്ഷം രൂപ കൈപ്പറ്റുന്ന ലോകായുക്തയും ഉപലോകായുക്തയും 4.08 കോടി രൂപ ചെലവാക്കുന്ന ലോകായുക്തയുടെ ഓഫീസും കേരളം കണ്ട വലിയ വെള്ളാനയാണിപ്പോള്‍. തൊട്ടടുത്ത കര്‍ണാടകത്തിലേക്ക് ഈ വെള്ളാനയും അവരുടെ തലതൊട്ടപ്പനായ മുഖ്യമന്ത്രിയും കണ്ണോടിക്കണമെന്ന് സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News