പണ്ട് രാഹുകാലം നോക്കിയായിരുന്നു ആളുകൾ പുറത്തിറങ്ങിയിരുന്നത്, ഇപ്പോൾ മുഖ്യമന്ത്രിയുടെ സമയം നോക്കിയും: രമേശ് ചെന്നിത്തല

'സ്വർണ്ണകള്ളക്കടത്തിന്റെ സൂത്രധാരൻ മുഖ്യമന്ത്രി,അതുകൊണ്ടാണ് സർക്കാരിനും സി.പി.എമ്മിനും ഇത്ര വെപ്രാളം'

Update: 2022-06-13 04:57 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: പണ്ട് രാഹുകാലം നോക്കിയായിരുന്നു ആളുകൾ പുറത്തിറങ്ങിയിരുന്നതെന്നും എന്നാൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ സമയം നോക്കിയാണ് പുറത്തേക്കിറങ്ങുന്നതെന്നും രമേശ് ചെന്നിത്തല. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് മുഖ്യമന്ത്രിയ്ക്ക് പ്രശ്‌നമല്ല. മുഖ്യമന്ത്രിക്ക് സുരക്ഷ വേണ്ട എന്നല്ല പറയുന്നത്. പക്ഷേ ഇതുപോലെ ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ ഉണ്ടാകരുത്. മുഖ്യമന്ത്രി യാത്ര ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വർണ്ണ കള്ളക്കടത്തിന്റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് തെളിഞ്ഞെന്നും കേസിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉന്നയിച്ച കാര്യങ്ങൾ എല്ലാം ശരിയാണെന്ന് തെളിഞ്ഞു. സ്വർണ്ണകള്ളക്കടത്തിന്റെ സൂത്രധാരൻ മുഖ്യമന്ത്രിയാണ്. അതുകൊണ്ടാണ് സർക്കാരിനും സി.പി.എമ്മിനും ഇത്ര വെപ്രാളമെന്നും അദ്ദേഹം പറഞ്ഞു.

'കേന്ദ്ര ഏജൻസികൾ കള്ളക്കളി കളിക്കുന്നു.സിപിഎമ്മും ബി.ജെ.പിയും തമ്മിൽ കള്ളക്കളി നടക്കുകയാണ്.എന്തിനാണ് സരിത്തിനെ വിജിലൻസ് പിടിച്ചതെന്നും എന്തുകൊണ്ടാണ് ഷാജ് കിരണിനെ അറസ്റ്റ് ചെയ്യാത്തത് ? വിജിലൻസ് ഡയറക്ടറെ മാറ്റിയിട്ടുണ്ട്. രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ പ്രതികളാണ്.അതിൽ ഒരാളെ മാറ്റി.മറ്റേ ആളെ മാറ്റാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു.

'സ്വർണ്ണക്കടത്തിൽ ഹൈക്കോടതിയുടെ നിയന്ത്രണത്തിലുള്ള അന്വേഷണം വേണം.കേന്ദ്ര ഏജൻസികൾ ശരിയായി അന്വേച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി സെൻട്രൽ ജയിലിൽ ആകുമായിരുന്നു. കെ.ടി ജലീൽ വിശുദ്ധനാണ്. അദ്ദേഹത്തെ കുറിച്ച് ആരും ഒന്നും പറയരുത് എന്നാണ്.അദ്ദേഹത്തിന് ആരെ കുറിച്ചും എന്തും പറയാം. ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തില്ല. നിയമനിർമ്മാണം കൊണ്ട് വരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News