കോൺസുലേറ്റിൽനിന്ന് വീട്ടിലേക്ക് 'ബിരിയാണിച്ചെമ്പ്' വരുന്ന ദിവസം ആരായാലും പുറത്തുപോവില്ല; കെ.ടി ജലീലിനെ പരിഹസിച്ച് പി.കെ ഫിറോസ്
മുഖ്യമന്ത്രി ദുബൈയിലേക്കു പോയപ്പോൾ മറന്നുവച്ച കറൻസിയടങ്ങുന്ന ബാഗ് താൻ ദുബൈയിലെത്തിച്ചിരുന്നുവെന്നും എം ശിവശങ്കറിന്റെ നിർദേശപ്രകാരമായിരുന്നു ഇതെന്നുമാണ് സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തൽ.
കോഴിക്കോട്: സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളോടുള്ള കെ.ടി ജലീലിന്റെ പ്രതികരണത്തെ പരിഹസിച്ച് യൂത്ത്‌ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ''സന്തോഷ്ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ടും മഞ്ചേരിയിലേക്ക് വാപ്പ കളി കാണാൻ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ...'' ഇതായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
''ബാപ്പാനെ കുറ്റം പറയാൻ പറ്റില്ല, സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒരുമിച്ച് വന്നാലും കോൺസുലേറ്റിൽനിന്ന് വീട്ടിലേക്ക് 'ബിരിയാണിച്ചെമ്പ്' വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല''- ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മുഖ്യമന്ത്രി ദുബൈയിലേക്കു പോയപ്പോൾ മറന്നുവച്ച കറൻസിയടങ്ങുന്ന ബാഗ് താൻ ദുബൈയിലെത്തിച്ചിരുന്നുവെന്നും എം ശിവശങ്കറിന്റെ നിർദേശപ്രകാരമായിരുന്നു ഇതെന്നുമാണ് സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തൽ. എറണാകുളം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് സ്വപ്ന മാധ്യമങ്ങളോട് പ്രതികരിച്ചത്.
''മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം രവീന്ദ്രൻ, മുൻമന്ത്രി കെ.ടി ജലീൽ, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവർ എന്തൊക്കെ ചെയ്‌തെന്നുമുള്ളത് രഹസ്യമൊഴിയിൽ നൽകിയിട്ടുണ്ട്. 2016ൽ മുഖ്യമന്ത്രി ദുബൈയിൽ സമയത്താണ് ശിവശങ്കർ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. കോൺസുലേറ്റിൽ സെക്രട്ടറിയെന്ന നിലയ്ക്ക്. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയിട്ടുണ്ട്, അത് എത്രയും പെട്ടെന്ന് ദുബൈയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു.''-സ്വപ്ന വെളിപ്പെടുത്തി.
അങ്ങനെ കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കൈവശമാണ് ഈ ബാഗ് കൊടുത്തുവിടുന്നത്. ആ ബാഗ് കോൺസുലേറ്റ് ഉദ്യോസ്ഥൻ കൊണ്ടുവന്നപ്പോഴാണ് അത് കറൻസിയാണെന്ന് മനസിലാക്കുന്നത്. സ്‌കാൻ ചെയ്തപ്പോഴാണ് കറൻസിയാണെന്ന് മനസിലായത്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നതെന്നും സ്വപ്ന പറഞ്ഞു.
ഇതോടൊപ്പം വലിയ ഭാരമുള്ള ബിരിയാണി ചെമ്പുകൾ ഒരുപാട് പ്രാവശ്യം ജവഹർ നഗറിലെ കോൺസുൽ ജനറലിന്റെ വസതിയിൽനിന്ന് ശിവശങ്കറിന്റെ നിർദേശപ്രകാരം ക്ലിഫ് ഹൗസിലേക്ക് കോൺസുലേറ്റ് വാഹനത്തിൽ കൊടുത്തുവിട്ടുണ്ട്. അതിൽ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു. ഇങ്ങനെയുള്ള എല്ലാ വിവരങ്ങളും ഓരോരുത്തരുടെ പങ്ക് സംബന്ധിച്ച വിവരങ്ങളെല്ലാം രഹസ്യമൊഴിയിൽ പറഞ്ഞിട്ടുണ്ട്. അതല്ലാം വെളിപ്പെടുത്താനാകില്ലെന്നും സ്വപ്ന കൂട്ടിച്ചേർത്തു.