നമ്പർ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെതിരായ പോക്സോ കേസിൽ അന്വേഷണം ഉടൻ
കേസിലെ പ്രതികളായ റോയിയും സൈജുവും അഞ്‌ജലിയും ഒളിവില്‍
ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെതിരായ പോക്സോ കേസിൽ, മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘം ഉടൻ വിശദമായ അന്വേഷണം തുടങ്ങും. കേസിലെ പ്രതികളായ റോയിയും സൈജുവും അഞ്‌ജലിയും ഒളിവിലാണെന്നാണ് വിവരം.
മോഡലുകളുടെ മരണത്തിൽ ജാമ്യത്തിൽ ഇറങ്ങിയ റോയ് വയലാട്ട് കഴിഞ്ഞ തിങ്കളാഴ്ച സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയിരുന്നില്ല. കോവിഡ് ആയതിനാൽ വരാനാകില്ലെന്നായിരുന്നു റോയിയുടെ വിശദീകരണം. നാളെയും ഹാജരായില്ലെങ്കിൽ ഇക്കാര്യം കോടതിയെ അറിയിക്കും. ബുധനാഴ്ച ആണ് പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിക്കുക.
കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നല്‍കിയ പരാതിയിലാണ് റോയ് വയലാട്ടിനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസ് പോക്സോ ചുമത്തിയത്. 2021 ഒക്ടോബറില്‍ ഹോട്ടലില്‍ വെച്ച് റോയി പീഡിപ്പിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിന് നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് മടങ്ങിയ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ചതിനു പിന്നാലെയാണ് റോയ് വയലാട്ടിനെ അറസ്റ്റ് ചെയ്തത്. ഹോട്ടലില്‍ നടന്ന പാര്‍ട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ച കേസിലായിരുന്നു റോയിയുടെ അറസ്റ്റ്. മോഡലുകള്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ റോയിയുടെ സുഹൃത്ത് സൈജു പിന്തുടര്‍ന്നിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.