'യൂത്ത് ലീഗ് ഊട്ടുപുര തടഞ്ഞ പൊലീസ് നടപടി പരിശോധിക്കണം'; മന്ത്രി മുഹമ്മദ് റിയാസ്

ഊട്ടുപുര നടത്തുന്നതിന് ഒരു തടസ്സവുമില്ല, സൈനികർക്ക് കൊടുക്കുന്ന ഭക്ഷണം പരിശോധിക്കണമെന്നേയുള്ളൂവെന്നും മന്ത്രി

Update: 2024-08-04 12:46 GMT
Advertising

മേപ്പാടി: ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിലുൾപ്പെടെ സൗജന്യ ഭക്ഷണം വിളമ്പാനായി മുസ്‌ലിം യൂത്ത് ലീ​ഗ് വൈറ്റ്​ഗാർഡ് നടത്തിവന്ന ഊട്ടുപുര പൂട്ടിച്ചതിൽ പൊലീസിനെതിരെ മന്ത്രി. യൂത്ത് ലീഗ് ഊട്ടുപുര തടഞ്ഞ പൊലീസ് നടപടി പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പൊലീസിൻറേത് അനാവശ്യ നടപടിയാണെന്ന അഭിപ്രായവും പരാതിയുമുണ്ടെന്നും പൊലീസ് സമീപനം ഉന്നത ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അവർ പരിശോധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

'വിഷയം സംഘാടകരുമായി സംസാരിച്ചപ്പോൾ അവർ പറഞ്ഞത് പൊലീസ് തങ്ങളോട് സ്വീകരിച്ച നിലപാട് ശരിയായില്ലെന്നാണ്, അങ്ങനെയൊരു സമീപനമാണ് സ്വീകരിച്ചിട്ടുളളതെങ്കിൽ അത് ശരിയല്ല, സർക്കാറിന്റെ നയത്തിന് വിരു​ദ്ധമായി ആരെങ്കിലും നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടണം'- മന്ത്രി കൂട്ടിച്ചേർത്തു. 'യൂത്ത് ലീഗ് നേതൃത്വവുമായി സംസാരിച്ചു, ഊട്ടുപുര നടത്തുന്നതിന് ഒരു തടസ്സവുമില്ല, സൈനികർക്ക് കൊടുക്കുന്ന ഭക്ഷണം പരിശോധിക്കണമെന്ന് മാത്രമേയുള്ളൂ, അതല്ലാത്തവക്ക് തടസ്സമില്ല', മന്ത്രി പറഞ്ഞു. ആശയക്കുഴപ്പമുണ്ടാക്കാൻ ആരോ ശ്രമിക്കുകകയാണെന്നും അത് വകവെക്കാതെ ഇതുവരെയുളള ഐക്യത്തോടെ എല്ലാവരും മുന്നോ‌ട്ടുപോക‌‌ണമെന്നും മുഹമ്മദ് റിയാസ് അഭ്യർത്ഥിച്ചു.

മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിലുൾപ്പെടെ പങ്കാളികളായവർക്ക് സൗജന്യ ഭക്ഷണം വിളമ്പാനായി മേപ്പാടിയിൽ മുസ്‌ലിം യൂത്ത് ലീ​ഗ് വൈറ്റ്​ഗാർഡ് നടത്തിവന്ന ഊട്ടുപുരയാണ് സർക്കാർ പൂട്ടിച്ചത്. ഡി.ഐ.ജി തോംസൺ ജോസിന്റെ നിർദേശപ്രകാരമായിരുന്നു ഊട്ടുപുരയുടെ സേവനം അവസാനിപ്പിക്കേണ്ടിവന്നതെന്ന് വൈറ്റ്​ഗാർഡ് അറിയിച്ചു. സർക്കാർ തീരുമാനമാണെന്നാണ് ഡി.ഐ.ജി അറിയിച്ചതെന്നും സംഘാടകർ പറഞ്ഞു. എന്നാൽ ഡി.ഐ.ജിയുടെ തള്ളപറയുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.

ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്ന സന്നദ്ധപ്രവർത്തകർ, സൈനികർ, പൊലീസുകാർ, വളണ്ടിയർമാർ, ആരോഗ്യപ്രവർത്തകർ, മൃതദേഹം തിരയുന്ന ബന്ധുക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങിയ എല്ലാവർക്കും നാലു ദിവസം ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്തിരുന്ന ഊട്ടുപുരയാണ് സർക്കാർ നിർദേശത്തെ തുടർന്ന് പൂട്ടേണ്ടിവന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘാടകർ ഊട്ടുപുരയ്ക്ക് മുന്നിൽ ഫ്ലക്സ് കെട്ടിയിതിനെതുടർന്ന് സംഭവം വാർത്തയാകുകയായിരുന്നു.

'പ്രിയ വയനാട് നിവാസികളെ, കഴിഞ്ഞ നാല് നാൾ നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരാനും നിങ്ങൾക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന നാനാവിഭാഗം സന്നദ്ധപ്രവർത്തകർക്ക് ആഹാരം നൽകാനും കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണ്. രക്ഷാദൗത്യം കഴിയുന്നതുവരെ സേവനം തുടരാനായിരുന്നു ഞങ്ങളുടെ നിയ്യത്ത്. ദൗർഭാഗ്യവശാൽ ഈ സേവനം അവസാനിപ്പിക്കാനും ഇനി ഞങ്ങളുടെ ഭക്ഷണവിതരണത്തിന്റെ ആവശ്യമില്ലെന്നും ബഹുമാനപ്പെട്ട ഡി.ഐ.ജി തോംസൺ ജോസ് അറിയിച്ചതുപ്രകാരം ഞങ്ങൾ ഈ സേവനം അവസാനിപ്പിക്കുകയാണ്'- നാദാപുരം നരിപ്പറ്റ വൈറ്റ്ഗാർഡ് പറഞ്ഞു. 

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News