തലവേദനയായി പൊലീസ്; അതിക്രമങ്ങളിൽ സി.പി.ഐക്ക് കടുത്ത അതൃപ്തി

മാധ്യമങ്ങളിൽ വലിയ വാർത്ത വന്നപ്പോഴാണ് തെറ്റ് ചെയ്ത ഉദ്യോഗസ്ഥർക്ക് എതിരെ കടുത്ത നടപടി സ്വീകരിച്ചത്.

Update: 2022-10-21 02:01 GMT
Advertising

തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങൾ രണ്ടാം പിണറായി സർക്കാരിന് വീണ്ടും തലവേദന ആകുന്നു. പൊതുജനത്തെ കായികമായി നേരിടുന്ന പൊലീസ് നടപടിയിൽ സി.പി.ഐയ്ക്ക് കടുത്ത എതിർപ്പുണ്ട്.

ആദ്യ പിണററായി സർക്കാരിന്റെ കാലം മുതൽ ഏറ്റവുമധികം വിമർശനം കേട്ട വകുപ്പാണ് ആഭ്യന്തരം. പൊലീസിന്റെ ക്രൂരമായ അക്രമങ്ങൾ പോലും ഒറ്റപ്പെട്ട സംഭവങ്ങളായി ലഘൂകരിച്ച് ഒഴിഞ്ഞുമാറുകയാണ് പാർട്ടിയും സർക്കാരും ചെയ്തത്. രണ്ടാം സർക്കാർ വന്നപ്പോഴും തലവേദന ഉണ്ടാക്കുന്ന വകുപ്പ് എന്ന് പേര് ആഭ്യന്തരം വിട്ടുകൊടുത്തില്ല.

ചീത്തപ്പേര് നഷ്ടമാവാതിരിക്കാൻ പൊലീസുകാർ മത്സരിച്ചപ്പോൾ അതിന്റെ കെടുതി മൊത്തം അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്. അക്രമം നടത്തുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇറങ്ങുമ്പോൾ പൊതുജനത്തിന് നീതി അകലെ തന്നെ ആയി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള പൊലീസ് ആക്രമങ്ങളിലും അവസ്ഥ ഇത് തന്നെ ആയിരുന്നു.

മാധ്യമങ്ങളിൽ വലിയ വാർത്ത വന്നപ്പോഴാണ് തെറ്റ് ചെയ്ത ഉദ്യോഗസ്ഥർക്ക് എതിരെ കടുത്ത നടപടി സ്വീകരിച്ചത്. ഇടത് നയത്തിൻ വിരുദ്ധമായിട്ടുള്ള പൊലീസിന്റെ ഈ ഇടപെടലിൽ സി.പി.ഐക്ക് കടുത്ത അതൃപ്തി ഉണ്ട്. സി.പി.എം നേതൃത്വത്തെ ഇക്കാര്യം സി.പി.ഐ അറിയിച്ചതായാണ് വിവരം.

ഒറ്റപ്പെട്ട സംഭവമെന്നു പറഞ്ഞു ലഘൂകരിക്കാതെ തെറ്റ് ചെയ്ത ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണം എന്നാണ് സി.പി.ഐയുടെ ആവശ്യം. പാർട്ടി സമ്മേളനങ്ങളിൽ പൊലീസിനെതിരെ കടുത്ത വിമർശനം ഉണ്ടായിട്ടും തിരുത്തൽ ഉണ്ടാവാത്തതിൽ അണികൾക്കിടയിലും അമർഷമുണ്ട്. സോഷ്യൽ മീഡിയയിലെ ഇടത് പ്രൊഫൈലുകളിലം ഇത് പ്രകമാണ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News