'പണിക്കാര്‍ക്ക് കുഴികുത്തി പഴങ്കഞ്ഞി നല്‍കി'; നടന്‍ കൃഷ്ണകുമാറിനെതിരെ പൊലീസില്‍ പരാതി
സാമൂഹ്യപ്രവര്‍ത്തകയാണ് ധന്യാ രാമനാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്
തിരുവനന്തപുരം: ജാതീയ പരാമര്‍ശത്തില്‍ നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിനെതിരെ പരാതി. സാമൂഹ്യപ്രവര്‍ത്തകയാണ് ധന്യാ രാമനാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ധന്യ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
ജാതിവ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിയിലുള്ളവര്‍ക്ക് മണ്ണില്‍ കുഴി കുത്തി അതില്‍ കഞ്ഞി ഒഴിച്ചു കൊടുത്തിരുന്ന സമ്പ്രാദയത്തെക്കുറിച്ച് നൊസ്റ്റാള്‍ജിയയോടെ ഓര്‍ക്കുന്ന കൃഷ്ണ കുമാറിന്‍റെ വീഡിയോയാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.
കൃഷ്ണകുമാറിന്‍റെ ഭാര്യ സിന്ധുവിന്‍റെ യുട്യൂബ് പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയിലാണ് കൃഷ്ണകുമാറിന്‍റെ ജാതീയത തുറന്നുകാട്ടുന്ന പരാമര്‍ശമുള്ളത്. ''ഞങ്ങള്‍ തൃപ്പൂണിത്തറയില്‍ താമസിക്കുന്ന കാലത്ത് പറമ്പ് ഒക്കെ വൃത്തിയാക്കാന്‍ ആളുകള്‍ വരും. അവര്‍ രാവിലെ വരുമ്പോള്‍ ഒരു കട്ടന്‍ ചായ കുടിച്ചിട്ടായിരിക്കും വരുന്നത്. ഒരു പതിനൊന്ന് മണിയാകുമ്പോള്‍ ഇവര്‍ക്ക് പഴഞ്ചോറ് മതി. അന്ന് അമ്മ കുറച്ച് പഴഞ്ചോറും കറികളും എടുത്ത് വച്ചിരിക്കും. പണി എടുത്ത പറമ്പില്‍ തന്നെ ചെറിയ കുഴി എടുത്ത് അതില്‍ വട്ടയില വയ്ക്കും. അതിലേക്ക് കഞ്ഞിയും കറിയും ഒഴിക്കും. ചേമ്പില വിളിച്ച വിരിച്ച കുഴിയില്‍ നിന്ന് പണിക്കാര്‍ പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കൊതി വരും''. കൊച്ചി മാരിയറ്റില്‍ താമസിക്കുമ്പോള്‍ പ്രഭാത ഭക്ഷണത്തിനായി പഴങ്കഞ്ഞി ഉണ്ടായിരുന്നു അതുകണ്ടപ്പോള്‍ ഉണ്ടായ ഓര്‍മ്മകളാണെന്നാണ് കൃഷ്ണ കുമാര്‍ വീഡിയോയില്‍ പറയുന്നത്.
ധന്യ രാമന്‍റെ കുറിപ്പ്
പരാതി നൽകി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക്.
ബഹുമാനപ്പെട്ട തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ മുൻപാകെ ധന്യ രാമൻ ബോധിപ്പിക്കുന്ന പരാതി. വിഷയം: ബിജെപി നേതാവും മുൻ തെരഞ്ഞെടുപ്പിലെ തിരുവനന്തപുരം നിയമസഭ മണ്ഡലo സ്ഥാനാർഥിയും ആയിരുന്ന കൃഷ്ണകുമാർ, ഇന്ത്യൻ ഭരണ ഘടന പ്രകാരവും രാജ്യത്ത് നിലവിലിരിക്കുന്ന നിയമ പ്രകാരവും നിരോധിച്ചതും കുറ്റകരമാക്കിയതുമായ തൊട്ടുകൂടായ്മയും ജാതീയ പരമായ വിലക്കും മനുഷ്യ അവകാശങ്ങളെ ലംഘിച്ചും നടത്തിയ കുറ്റകൃത്യങ്ങളെ പറ്റി സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിനെ കുറിച്ച് കേസ് എടുക്കുന്നത് സംബന്ധിച്ച്.
സർ, സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിക്കപ്പെട്ട വീഡിയോ യിൽ കൃഷ്ണ കുമാറിന്‍റെ മാതാവ് തറയിൽ കുഴി കുഴിച്ചു ആൾക്കാർക്ക് ആഹാരം കൊടുത്തതായി വെളിപ്പെടുത്തിയിരിക്കുന്നു. ആയത് ഇവിടുത്തെ പിന്നോക്ക വിഭാഗക്കാരെയും ഭരണ ഘടന നിലവിൽ വന്ന ശേഷവും 1955 ലെ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് ആക്ട് ഈ രാജ്യത്ത് നിലവിൽ വന്ന ശേഷവും ആണെന്ന് മനസിലാക്കാവുന്നതാണ്. നിയമപരമായി നിരോധിച്ചതും കുറ്റകരമാക്കിയതുമായ മേപ്പടി പ്രവർത്തി ശിക്ഷാർഹവുമാണ്. ഈ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി പിന്നോക്ക വിഭാഗക്കാരിയായ എനിക്ക് ഈ വെളിപ്പെടുത്തലിൽ അതീവ ദുഖവും ഞെട്ടലും ആയതിൽ മാനസിക വേദന ഉണ്ടായിട്ടുള്ളതും ടിയാനും ടിയാന്‍റെ ബന്ധുക്കളും നടത്തിയ മേപ്പടി കുറ്റകൃത്യത്തിൽ എനിക്ക് പരാതി ഉണ്ട്. ഈ സംഭവത്തിന് കാരണകാരായ മുഴുവൻ പേർക്കെതിരെയും കർശനമായ നിയമ നടപടി കൾ സ്വീകരിക്കുന്നതിനു ഈ പരാതി അങ്ങയുടെ മുൻപിൽ ബോധിപ്പിക്കുന്നു
എന്ന് ധന്യ രാമൻ