മൊബൈൽ ഫോൺ തോട്ടിൽ കളഞ്ഞെന്ന് നിഖില്‍; മൊഴി വിശ്വസത്തിലെടുക്കാതെ പൊലീസ്

രാഷ്ട്രീയ പശ്ചാത്തലമുള്ള കേസായതിനാൽ ആരെയും പ്രതിക്കൂട്ടിലാക്കാതെയുള്ള മൊഴിയാണ് നിഖിൽ പൊലീസിന് നൽകിയിരിക്കുന്നത്

Update: 2023-06-25 07:40 GMT
Editor : Lissy P | By : Web Desk

ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ മുൻ നേതാവ് നിഖിൽ തോമസിൻ്റെ മൊഴി വിശ്വാസത്തിലെടുക്കാതെ പൊലീസ്. മൊബൈൽ ഫോൺ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്ന മൊഴി വിശ്വസനീയമല്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നിഖിലിൻ്റെ വീട്ടിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. കേസിലെ രണ്ടാം പ്രതി അബിൻ രാജിനെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചു.

രാഷ്ട്രീയ പശ്ചാത്തലമുള്ള കേസായതിനാൽ ആരെയും പ്രതിക്കൂട്ടിലാക്കാതെയുള്ള മൊഴിയാണ് നിഖിൽ പൊലീസിന് നൽകിയിരിക്കുന്നത്. 19 - ാം തിയതി രാത്രി വീട്ടിൽ നിന്ന് ഒളിവിൽ പോകുന്നതിനിടെ മൊബൈൽ ഫോൺ കായംകുളത്തെ തോട്ടിലുപേക്ഷിച്ചു. തിരുവനന്തപുരം എറണാകുളം കോഴിക്കോട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു. ബസ് സ്റ്റാൻ്റിലും റെയിൽവേ സ്റ്റേഷനുകളിലുമായി താമസം. എന്നിങ്ങനെയായിരുന്നു നിഖിലിന്‍റെ മൊഴി. കോഴിക്കോട് നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കൊട്ടാരക്കരക്കുള്ള യാത്രക്കിടെ കോട്ടയത്ത് വെച്ച് പൊലീസ് പിടിയിലാകുന്നു. ഈ മൊഴികളിലെ പൊരുത്തക്കേടുകളാണ് പൊലീസിനെ വെട്ടിലാക്കുന്നത്.

Advertising
Advertising

മൊബൈൽ ഫോൺ തോട്ടിലുപേക്ഷിച്ചെന്ന് നിഖിൽ പറയുന്ന സമയത്തെ സി.സി.ടി.വി ദൃശ്യങ്ങളിലും നിഖിലിനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ നിഖിലിന് വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയ രണ്ടാം പ്രതി അബിൻരാജിനെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പൊലീസ് തുടങ്ങി. ഇൻറർപോളിൻ്റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് ഇറക്കാനാണ് നീക്കം. ഇതിനിടെ നിഖിലിനെ കായംകുളത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വരും ദിവസങ്ങളിൽ നിഖിൽ പഠിച്ച എം.എസ്.എം. കോളേജിലും എറണാകുളത്തെ ഏജൻസിയിലുമെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News