സംസ്ഥാനത്തെ ക്രമസമാധാനനില: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നത പൊലീസ് യോഗം

പോപുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട തുടർനടപടികളിൽ ആവേശം വേണ്ടെന്നും ആരെയും വേട്ടയാടുകയാണെന്ന തോന്നലുണ്ടാക്കരുതെന്നും കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു

Update: 2022-10-01 04:32 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്നു നടക്കും. എസ്.പിമാർ മുതൽ ഡി.ജി.പി വരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പോപുലർ ഫ്രണ്ട് നിരോധനം, ഗുണ്ടാ-ലഹരി വിരുദ്ധ നടപടികൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും.

പോപുലർ ഫ്രണ്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ബുധനാഴ്ച സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡി.ജി.പി അനിൽകാന്ത്, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എന്നിവരുമായായിരുന്നു കൂടിക്കാഴ്ച. നിരോധനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഇന്റലിജൻസ് വിഭാഗം ജാഗ്രതാ നിർദേശം നൽകിയിരുന്നു. നിലവിൽ സംസ്ഥാനത്ത് ക്രമസമാധാനനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.

പോപുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട തുടർനടപടികളിൽ ആവേശം വേണ്ടെന്ന് മുഖ്യമന്ത്രി കലക്ടർമാരെയും ജില്ലാ പൊലീസ് മേധാവിമാരെയും അറിയിച്ചിരുന്നു. തുടർനടപടികൾ നിയമപ്രകാരം മാത്രമേ പാടുള്ളൂ. ഇതിന്റെ പേരിൽ ആരെയും വേട്ടയാടുകയാണെന്ന തോന്നലുണ്ടാക്കരുതെന്നും മുഖ്യമന്ത്രിയുടെ കർശനനിർദേശമുണ്ടായിരുന്നു. കലക്ടർമാരും പൊലീസ് മേധാവിമാരും പങ്കെടുത്ത ഉന്നതതല യോഗത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Summary: A special meeting of top police officials called by the CM Pinarayi Vijayan to assess the law and order situation in the state will be held today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News