വെണ്ണല വിദ്വേഷ പ്രസംഗക്കേസ്: പി. സി ജോർജിന് ഹാജരാകാൻ പൊലീസ് നോട്ടീസ്

ഉച്ചക്ക് ശേഷം പി സി ജോർജ് ഹാജരായേക്കും

Update: 2022-05-25 04:34 GMT
Advertising

കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം പൊലീസ് പി.സി ജോർജിന് നോട്ടീസ് നൽകി. ഇന്ന് ഉച്ചക്ക് ശേഷം പി സി ജോർജ് ഹാജരായേക്കും. അറസ്റ്റു ചെയ്താൽ ജാമ്യം നൽകണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരുന്നു. കേസിൽ പി.സി ജോർജിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. പരസ്യ പ്രസ്താവന പാടില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യം നൽകിയത്. താൻ ഒളിവിൽ പോയിട്ടില്ലെന്നും മുപ്പത് വർഷം എംഎൽഎ ആയിരുന്ന തന്നെയും കുടുംബത്തേയും പൊലീസ് പീഡിപ്പിക്കുകയാണെന്നും പി.സി ജോർജ് കോടതിയിൽ പറഞ്ഞിരുന്നു.

പി സി ജോർജ് നാടുവിടാനുള്ള സാഹചര്യം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കായംകുളം സ്വദേശി ഷിഹാബുദ്ദീൻ ഹരജി നൽകിയിരുന്നു. മുമ്പ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളിയതിനെ തുടർന്ന് പി.സി ജോർജ് ഒളിവിലായിരുന്നു. തുടർന്ന് ജാമ്യം റദ്ദാക്കിയതിനെതിരെ ഹൈക്കോടതിയിൽ ഹരജി സമർപ്പിക്കുകയായിരുന്നു. പി സി ജോർജിൻറെ വെണ്ണലയിലെ പ്രസംഗം പ്രകോപനപരമെന്ന് എറണാകുളം സെഷൻസ് കോടതി നിരീക്ഷിച്ചിരുന്നു. പ്രസംഗം മതസ്പർധയുണ്ടാക്കാനും സാമുദായിക ഐക്യംതർക്കാനും കാരണമാകും. 153എ, 295 എ വകുപ്പുകൾ ചുമത്തിയത് അനാവശ്യമെന്ന് പറയാനാവില്ലെന്നും എറണാകുളം അഡിഷണൽ സെഷൻസ് കോടതി വിലയിരുത്തി. ജോർജിൻറെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലായിരുന്നു പരാമർശം.

പി.സി ജോർജ് ഒളിവിലല്ലെന്നും ഒരു കാരണവശാലും പിണറായിയുടെ പൊലീസിന് കീഴടങ്ങില്ലെന്നും മകൻ ഷോൺ ജോർജ് ജാമ്യം ലഭിക്കുന്നതിന് മുമ്പ് പൊലീസ് പരിശോധന നടന്ന സാഹചര്യത്തിൽ പ്രതികരിച്ചിരുന്നു. 'പി.സി ജോർജ് പിണറായിയുടെ പൊലീസിന് പിടികൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. നമ്മൾക്കെതിരെ പൊലീസാണ് വരുന്നതെങ്കിൽ കുഴപ്പമില്ല. പിണറായി വിജയന് തൃക്കാക്കരയിൽ നേട്ടമുണ്ടാക്കാൻ നിന്നുകൊടുക്കേണ്ട ആവശ്യം പി.സി ജോർജിനില്ലെന്നും ഷോൺ മീഡിയവണിനോട് പറഞ്ഞു. 'സർക്കാറിന്റെ മുന്നിലുള്ളത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പാണ്.ഇപ്പോൾ ഏതെങ്കിലും തരത്തിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്താൽ കുറേ ആളുകളെ പ്രീണിപ്പിക്കാൻ കഴിയും. ആ പ്രീണന രാഷ്ട്രീയമാണ് കേരളത്തിൽ നടക്കുന്നത്. ഇടതുപക്ഷവും വലതുപക്ഷവും കുറേ കാലമായി നടത്തുന്ന പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ പി.സി ജോർജ് നടത്തിയ പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ബി.ജെ.പി സംഘ്പരിവാർ നേതൃത്വം വലിയ എതിർപ്പുമായി രംഗത്ത് വന്നിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News