'വാതിലിൽ മുട്ടിയപ്പോൾ ഷൈൻ ജനാല വഴി ഇറങ്ങിയോടി, പിന്തുടർന്ന് പിടിക്കാനുള്ള പൊലീസ് ഒപ്പമുണ്ടായിരുന്നില്ല'; നർക്കോട്ടിക് എസിപി പി.കെ അബ്ദുസ്സലാം
ഓടിപ്പോയത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിന് പൊലീസ് ഇന്ന് നോട്ടീസ് നൽകും
കൊച്ചി: ലഹരി പരിശോധനക്കിടെ ഡാൻസാഫ് സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞ നടന്‍ ഷൈന്‍ ടോം ചാക്കോക്ക് പൊലീസ് ഇന്ന് നോട്ടീസ് അയക്കും. ഓടിപ്പോയത് എന്തിനെന്ന് വിശദീകരിക്കാനാണ് നോട്ടീസ് നൽകുന്നത്. ഇന്നലെ പുലർച്ചെ കേരളം വിട്ട ഷൈൻ തമിഴ്നാട്ടിലെന്നാണ് സൂചന.
കൊച്ചി നഗരത്തില്‍ പരിശോധനക്കെത്തിയെങ്കിലും ഷൈൻ ടോം ചാക്കോ ഓടി രക്ഷപ്പെട്ടെന്ന് നർക്കോട്ടിക് എസിപി പി.കെ അബ്ദുസ്സലാം മീഡിയവണിനോട് പറഞ്ഞു.ഹോട്ടൽ റജിസ്റ്റർ പരിശോധിച്ചപ്പോള്‍ ഷൈന്‍ മുറി എടുത്തതായി കണ്ടുവെന്നും മുട്ടിവിളിച്ചപ്പോള്‍ ഷൈന്‍ ജനാല വഴി ഇറങ്ങിയോടിയെന്നും എസിപി സ്ഥിരീകരിച്ചു.
ഷൈനെ പിന്തുടർന്ന് പിടിക്കാനുള്ള അത്രയും പൊലീസ് ഒപ്പമുണ്ടായിരുന്നില്ലെന്നും ഷൈന്‍റെ മുറിയില്‍ നിന്നും ഒന്നും കിട്ടാത്തത് കൊണ്ടാണ് പ്രതി ചേർക്കാത്തെതെന്നും നർക്കോട്ടിക്സ് എസിപി പറഞ്ഞു.
ഷൈൻ ടോം ചാക്കോയെ പിന്തുടർന്ന് പിടികൂടേണ്ടെന്ന നിലപാടിലാണ് പൊലീസ്. ഷൈൻ കേരളത്തിൽ തിരിച്ചെത്തുമ്പോൾ മൊഴിയെടുക്കാൻ പൊലീസ് വിളിപ്പിക്കും. ഷൈനിന്റെ മുറിയിലെത്തിയ രണ്ട് സുഹൃത്തുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് ലഹരി ഉപയോഗവുമായി ബന്ധമില്ലെന്നും ഷൈനുമായി സാമ്പത്തിക ഇടപാടുമാത്രമാണ് നടത്തിയതെന്നുമാണ് കണ്ടെത്തൽ.
അതിനിടെ ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കെയ്ൻ കേസിൽ അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ ആലോചന.ഹൈക്കോടതിയിലാണ് അപ്പീൽ നൽകുക.വിചാരണക്കോടതി ഉത്തരവ് വിശദമായി പരിശോധിച്ച ശേഷമാകും തീരുമാനമെടുക്കുക. കേസിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഷൈനിനെ കുറ്റവിമുക്തനാക്കിയിരുന്നു.
നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ മറ്റ് നിയമനടപടികളിലേക്കില്ലെന്ന് നടി വിന്‍ സി അലോഷ്യസിന്‍റെ കുടുംബം വ്യക്തമാക്കി.വിന്‍ സിയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാൻ എക്‌സൈസ് അനുമതി തേടിയിരുന്നു.എന്നാല്‍ സഹകരിക്കാന്‍ താല്‍പര്യമില്ലെന്ന് വിൻസിയുടെ അച്ഛന്‍ എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചു.
നടന്‍ ഷൈന്‍ ടോം ചാക്കോയെ കുറിച്ച് ഒരു അറിവുമില്ലെന്ന് താരസംഘടന 'അമ്മ'യുടെ അഡ്ഹോക് കമ്മിറ്റി അംഗം അൻസിബ ഹസ്സൻ. ഷൈനിന്‍റെ ഭാഗം കേൾക്കുമെന്നും അൻസിബ മീഡിയവണിനോട് പറഞ്ഞു. ഷൈനിനെ ഫോണില്‍ നിരവധി തവണ വിളിച്ചു.എന്നാല്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ല.ഫോണെടുക്കണമെന്നാവശ്യപ്പെട്ട് വാട്സ്ആപ്പിലും മെസേജ് അയച്ചിട്ടുണ്ട്. നടി വിന്‍സിയുടെ പരാതിയില്‍ രണ്ടുപേരുടെയും ഭാഗം കേട്ട ശേഷം മാത്രമേ നടപടികളിലേക്ക് കടക്കൂവെന്നും അന്‍സിബ പറഞ്ഞു.
അതേസമയം,നടിയുടെ വെളിപ്പെടുത്തലിൽ ഷൈനിനോട് വിശദീകരണം തേടുമെന്ന് കമ്മിറ്റി അംഗം വിനു മോഹനും പ്രതികരിച്ചു.'വിൻസിക്ക് പൂർണ പിന്തുണ നല്‍കും. എന്നാല്‍ പരാതി തന്നയാളുടെ അനുമതിയില്ലാതെ നിയമനടപടി സാധിക്കില്ല'.. വിനു മോഹൻ പറഞ്ഞു.