'നീയൊക്കെ യൂണിഫോം ഇടുന്നതിന് മുമ്പ് സമരം ചെയ്ത് തുടങ്ങിയതാണ്'; ശിശുക്ഷേമ സമിതി ഓഫീസിന് മുമ്പിൽ പൊലീസ്-യൂത്ത് കോൺഗ്രസ് സംഘർഷം

അറസ്റ്റു ചെയ്യാനുള്ള ശ്രമത്തെ പ്രതിരോധിച്ച പ്രവർത്തകനോട് ബലം പിടിക്കാൻ നിൽക്കല്ലേ എന്നായി പൊലീസ്.

Update: 2021-11-24 09:41 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതി ഓഫീസിന് മുമ്പിൽ യൂത്ത് കോൺഗ്രസിന്റെ വൻ പ്രതിഷേധം. സമിതി സെക്രട്ടറി ഷിജു ഖാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രവർത്തകരെത്തിയത്. ഓഫീസിന് മുമ്പിൽ ബാരിക്കേഡുകൾ വച്ചാണ് പൊലീസ് മാർച്ച് തടഞ്ഞത്.

ബാരിക്കേഡ് തകർത്തെത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. ആദ്യം ഉന്തും തള്ളുമായി. പിന്നീട് ഇത് സംഘർഷത്തിലേക്ക് നീങ്ങി. ഇരുവിഭാഗവും തമ്മിൽ വലിയ വാക്‌പോരുമുണ്ടായി.

ലാത്തിയേന്തി നിന്ന പൊലീസുകാരോട്, 'പൊലീസ് അടിക്കുമെന്ന് അറിയാലോ, പൊലീസിനെ ആദ്യമായിട്ടല്ലോ നമ്മള് കാണുന്നത്, ഞങ്ങളൊരുപാട് പൊലീസുകാരെ കണ്ടിട്ടുണ്ട്. നിങ്ങളടിക്ക്, പൊലീസ് പൊലീസിന്റെ ജോലി ചെയ്യും, ഞങ്ങള് ഞങ്ങടെ ജോലി ചെയ്യും' -എന്നിങ്ങനെയായിരുന്നു പ്രതിഷേധക്കാരുടെ പ്രതികരണം.

അടിക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കേണ്ട എന്ന് പറഞ്ഞ പ്രവർത്തകനോട് ആര് ആരെ പേടിപ്പിക്കാൻ എന്ന് പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ചു ചോദിച്ചു. പൊലീസുകാരനെ തള്ളി എന്ന് പൊലീസ് പരാതിപ്പെട്ട വേളയിൽ, സമരത്തിന് തള്ളി എന്ന് പറയാൻ നിങ്ങളെന്താ പള്ളീലച്ചനാണോ എന്നായിരുന്നു ഒരു പ്രതിഷേധക്കാരന്റെ ചോദ്യം. പിന്നെ കൂട്ടബഹളമായി. പിച്ചി, മാന്തി എന്നൊക്കെ പറയാൻ നിനക്ക് നാണമില്ലേടാ എന്നായി പിന്നീട് പ്രവർത്തകരുടെ പരിഹാസം. 

Full View

അതിനിടെ പൊലീസ് കുറച്ചു പിൻവലിഞ്ഞു. അറസ്റ്റു ചെയ്യാനുള്ള ശ്രമത്തെ പ്രതിരോധിച്ച പ്രവർത്തകനോട് ബലം പിടിക്കാൻ നിൽക്കല്ലേ എന്നായി പൊലീസ്. പ്രവർത്തകരെ പൊലീസ് വാനിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ ഞാൻ കയറാമെന്ന് പറഞ്ഞതല്ലേ എന്ന പരിവേദനവും വന്നു. അതിനിടെ ഉടുപ്പീന്നു വിടെടാ എന്ന ആക്രോശം കേട്ടു. നീ കൊണ്ടുപോ എന്ന വെല്ലുവിളിയും. ഒടുവിൽ കേട്ടതായിരുന്നു മാസ് ഡയലോഗ്. 'ഇന്നും ഇന്നലെയുമല്ല, നീയൊക്കെ യൂണിഫോം ഇടുന്നതിന് മുമ്പ് സമരം ചെയ്തു തുടങ്ങിയവരാ ഞങ്ങൾ'. ഒടുവിൽ എടാ പോടാ വിളികൾക്കിടെ പ്രതിഷേധക്കാരെയും വഹിച്ച് പൊലീസ് വാൻ സ്റ്റേഷനിലേക്ക്. 

summary: Massive protest by Youth Congress in front of the Child Welfare Committee office over the Dutt controversy. The activists demanded the resignation of committee secretary Shiju Khan.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News