ബില്ലിൽ കുടിശ്ശിക; എറണാകുളം കലക്ട്രേറ്റിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു
കുടിശ്ശിക കുന്നുകൂടുമ്പോഴും കലക്ടറേറ്റിലെ വൈദ്യുതിക്കായി സ്ഥാപിച്ച സോളാർ പാനലുകൾ ഉപയോഗിക്കാതെ നശിക്കുകയാണ്
കൊച്ചി: ബില്ലിൽ കുടിശ്ശിക വരുത്തിയതിന് തുടർന്ന് വിച്ഛേദിച്ച എറണാകുളം കലക്ട്രേറ്റിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും കലക്ടറുമായി നടത്തിയ ചർച്ചയെ തുടർന്ന് രാവിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തിയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത് . കുടിശ്ശിക കുന്നുകൂടുമ്പോഴും കലക്ടറേറ്റിലെ വൈദ്യുതിക്കായി സ്ഥാപിച്ച സോളാർ പാനലുകൾ ഉപയോഗിക്കാതെ നശിക്കുകയാണ്.
രാവിലെ 10 മണിയോടെയാണ് എറണാകുളം കലക്ട്രേറ്റിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഇന്നലെ ഊരിയ ഫ്യൂസുകൾ ഇന്ന് പുനസ്ഥാപിച്ചത്. 5 മാസത്തെ കുടിശ്ശിക തുകയായ 42 ലക്ഷം രൂപ മാർച്ച് 30നകം നൽകാമെന്നാണ് കെ.എസ്.ഇ.ബിയെ അറിയിച്ചിരിക്കുന്നത്.
മൈനർ ഇറിഗേഷനും ഇലക്ഷൻ ഓഫസും ഇന്നലെ തന്നെ ബില്ല് അടച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിരുന്നു. അതേസമയം കലക്ടറേറ്റിലെ വൈദ്യുതി ആവശ്യത്തിനായി സ്ഥാപിച്ച സോളാർ പാനലുകൾ ഉപയോഗശൂന്യമായി നശിക്കുകയാണ്. 2016ൽ 1.5 കോടി രൂപ മുടക്കിൽ നടപ്പാക്കിയ പദ്ധതിയിൽ നിന്ന് ഇതുവരെ വൈദ്യുതി ഉത്പാദിപ്പിച്ചിട്ടില്ല. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 200 സോളാർ പാനലുകളും ഇതിനോടകം നശിച്ചു. പദ്ധതിയെ കുറിച്ച് പരിശോധിക്കുമെന്ന് കലക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു.