ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി 29ന്; ഒരു പരിഗണനയും നല്‍കരുതെന്ന് നവീന്‍റെ കുടുംബം
മാധ്യമപ്രവർത്തകനെ വിളിച്ച് റെക്കോർഡ് ചെയ്യാൻ പറഞ്ഞത് ആസൂത്രിതമായായിരുന്നുവെന്നും ദിവ്യ ക്ഷണിച്ചുവെന്ന് മാധ്യമപ്രവർത്തകൻ മൊഴി നൽകിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി. ഒക്ടോബര്‍ 29നാണു വിധി പറയുക. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ ജഡ്ജി ജ. നിസാർ അഹമ്മദാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. രണ്ടു ദിവസം കൊണ്ട് അറിയുമെന്ന് ദിവ്യ ഭീഷണിപ്പെടുത്തിയതായി നവീൻ ബാബുവിന്റെ കുടുംബം കോടതിയില്‍ പറഞ്ഞു. പെട്രോൾ പമ്പിനു പിന്നിൽ ബിനാമി ബന്ധമുണ്ട്. അയാളെ കണ്ടെത്തണമെന്നും കുടുബം ആവശ്യപ്പെട്ടു.
വിജിലൻസിന് പ്രശാന്തൻ നൽകിയ പരാതി വ്യാജമാണെന്ന് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഒപ്പ് തെറ്റിയെന്നു പറഞ്ഞാൽ ചിലപ്പോൾ സംഭവിക്കാം. പക്ഷേ, സ്വന്തം പേര് ഒരിക്കലും തെറ്റില്ലല്ലോ. പരാതി ഉണ്ടെങ്കിൽ ദിവ്യയ്ക്ക് ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കാമായിരുന്നു. ദിവ്യ എന്തിനാണ് എഡിഎമ്മിനെ വിളിച്ചത്? പമ്പിന്റെ നിർദിഷ്ട സ്ഥലം പോയി പരിശോധിക്കാൻ എഡിഎമ്മിനോട് പറയാൻ ദിവ്യയ്ക്ക് എന്ത് അധികാരമാണുള്ളതെന്നും അഭിഭാഷകൻ ചോദിച്ചു.
പെട്രോൾ പമ്പിന് പിന്നിൽ ബിനാമി ബന്ധമുണ്ട്. ആരാണ് ആ ബിനാമി എന്ന് കണ്ടെത്തണം. ദിവ്യ സംസാരിച്ച് തുടങ്ങിയപ്പോൾ എഡിഎമ്മിന്റെ മുഖം മാറിയിരുന്നു. പത്തനംതിട്ടയിലേക്കു പോകുമ്പോൾ ഇങ്ങനെ ആകരുതെന്നു പറഞ്ഞാൽ എന്താണ് അതിന്റെ അർഥം? താൻ വിളിച്ചുപറഞ്ഞിട്ടും എഡിഎം സ്ഥലം പരിശോധിക്കാത്തതിന്റെ പക ദിവ്യയ്ക്ക് ഉണ്ടായിയുന്നു. അതുകൊണ്ട് ആസൂത്രിതമായി നടപ്പാക്കിയ അപമാനിക്കലായിരുന്നു ചടങ്ങിൽ നടന്നതെന്നും ദിവ്യയുടെ അഭിഭാഷകൻ പറഞ്ഞു.
പ്രാദേശിക ചാനലുകളെ വിളിച്ചുവരുത്തിയത് ആസൂത്രിതമായിരുന്നു. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയും നടന്നു. ആസൂത്രിതമായ കുറ്റകൃത്യമാണു നടന്നത്. യാദൃച്ഛികമായി വന്നുപോയ വാക്കല്ല. നവീന്‍റെ മകൾ അന്ത്യകർമങ്ങൾ ചെയ്യുന്ന ദൃശ്യങ്ങൾ കോടതിയും കണ്ടിട്ടുണ്ടാകും. എത്രത്തോളം ഹൃദയഭേദകമാണ് ആ ചിത്രം. ഇതിനാല്‍ ഒരു പരിഗണയും ദിവ്യ അർഹിക്കുന്നില്ലെന്നും ജാമ്യം നൽകരുതെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
അഴിമതിക്കെതിരായ സന്ദേശമായിരുന്നു തന്റെ പ്രസംഗമെന്നാണ് ദിവ്യ കോടതിയിൽ പറഞ്ഞത്. പ്രസംഗത്തിന്റെ ഉള്ളടക്കം ആത്മഹത്യയിലേക്ക് നയിക്കുന്നതല്ലെന്നും ദിവ്യയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. കെ. വിശ്വൻ വാദിച്ചു. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് ജില്ലാ കലക്ടർ അരുൺ കെ. വിജയനാണെന്നും ക്ഷണം അനൗപചാരികമായായിരുന്നുവെന്നും വാദത്തിൽ അവകാശപ്പെട്ടു.
പ്രസംഗത്തിന് ശേഷം നവീൻ ബാബുവിന് തന്നെ വിളിച്ചു സംസാരിക്കാമായിരുന്നു. ആരോപണം തെറ്റെങ്കിൽ പരാതി നൽകാമായിരുന്നു. ഇതൊന്നും ചെയ്തില്ലെന്നും സദുദ്ദേശ്യത്തോടെയാണ് മാധ്യമങ്ങൾക്ക് ദൃശ്യങ്ങൾ നൽകിയതെന്നും ദിവ്യ തലശ്ശേരി കോടതിയിൽ പറഞ്ഞു.
ജില്ലാ ഭരണകൂടത്തിലെ രണ്ടാമനാണു മരിച്ചതെന്നു ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ ഇതിനാൽ ദിവ്യയ്ക്കു ജാമ്യം നൽകരുതെന്നു കോടതിൽ ആവശ്യപ്പെട്ടു. വ്യക്തിഹത്യയാണ് മരണകാരണം. ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കലക്ടർ തന്നെ വ്യക്തമാക്കിയതാണ്. ദിവ്യ വെറുതെ പ്രസംഗിക്കുകയല്ല ചെയ്തത്. ഭീഷണിസ്വരം ഉണ്ടായിരുന്നു. മാധ്യമപ്രവർത്തകനെ വിളിച്ച് റെക്കോർഡ് ചെയ്യാൻ പറഞ്ഞത് ആസൂത്രിതമായായിരുന്നു. ആ ദൃശ്യങ്ങൾ ദിവ്യ ശേഖരിക്കുകയും ചെയ്തു. ദിവ്യ ക്ഷണിച്ചുവെന്ന് മാധ്യമപ്രവർത്തകൻ മൊഴി നൽകിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ സൂചിപ്പിച്ചു.
Summary: PP Divya anticipatory bail in Former Kannur ADM Naveen Babu death updates