'ഇനി അടുത്ത ഘട്ടം ബലിയാണ്'; വീണ്ടും പ്രകോപനവുമായി പ്രതീഷ് വിശ്വനാഥ്
സമൂഹമാധ്യമങ്ങളിൽ മാരകായുധങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തും ആയുധമെടുത്ത് പോരാടാൻ പരസ്യ ആഹ്വാനം നടത്തിയും പ്രകോപനം സൃഷ്ടിച്ച പ്രതീഷിനെതിരെ സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല
കൊച്ചി: സമൂഹമാധ്യമങ്ങളിൽ വീണ്ടും പ്രകോപനവുമായി അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത്(എ.എച്ച്.പി) മുൻ നേതാവും സംഘ്പരിവാർ പ്രവർത്തകനുമായ പ്രതീഷ് വിശ്വനാഥ്. ഫേസ്ബുക്കിലാണ് പ്രതീഷിന്റെ വിദ്വേഷകരവും പ്രകോപനപരവുമായ കുറിപ്പ്.
''അരിയും മലരും ഉഴിഞ്ഞുവച്ചു. ഇനി അടുത്ത ഘട്ടം ബലിയാണ്. കാളി മാതാവിനുള്ള ബലി.'' എന്നാണ് പ്രതീഷ് ഫേസ്ബുക്കിൽ കുറിച്ചത്. പ്രകോപനമുണ്ടാക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ സഹിതമാണ് കുറിപ്പ്. സോഷ്യൽ മീഡിയയിൽ നിരന്തരം പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്ന ഇയാൾക്കെതിരെ നിരവധി തവണ പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധം നിലനിൽക്കുമ്പോഴാണ് വീണ്ടും വിദ്വേഷ ഉള്ളടക്കമുള്ള കുറിപ്പ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി ബി.ജെ.പി ഉന്നത നേതാക്കളുമായി അടുപ്പം പുലർത്തുന്ന പ്രതീഷ് എറണാകുളം കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. മുൻപ് സമൂഹമാധ്യമങ്ങളിൽ മാരകായുധങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് പ്രകോപനം സൃഷ്ടിച്ചിരുന്നു ഇയാൾ. ഒരു ലക്ഷം ഹിന്ദു യുവാക്കൾക്ക് ത്രിശൂലം വിതരണം ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ആയുധമെടുത്ത് പോരാടാൻ പരസ്യ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരെയെല്ലാം നിരവധി തവണ സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
അതേസമയം, ആലപ്പുഴയിൽ നടന്ന ജനമഹാ സമ്മേളത്തിൽ പ്രകോപന മുദ്രാവാക്യം മുഴക്കിയതിന് പോപ്പുലർ ഫ്രണ്ട് ജില്ലാ നേതാക്കൾക്കെതിരെ കേസെടുത്തിരുന്നു. ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബ്, പ്രസിഡന്റ് നവാസ് വണ്ടാനം എന്നിവർ ഒന്നും രണ്ടും പ്രതികളായാണ് കുട്ടി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ കേസെടുത്തത്. കണ്ടാലറിയാവുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മതസ്പർധ വളർത്തണമെന്ന ലക്ഷ്യത്തോടെയാണ് കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതെന്നാണ് എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടിയത്.
Summary: Pratheesh Vishwanath, former leader of the International Vishwa Hindu Parishad (AHP) and Sangh Parivar activist, once again shares derogatory post in Facebook