പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനം: ഏഴ് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ; സംസ്ഥാനത്ത് ഏകാധിപത്യ ഭരണമാണെന്ന് പ്രതിപക്ഷ നേതാവ്

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും

Update: 2023-04-24 10:08 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദർശനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഡി.സി.സി സെക്രട്ടറി എൻ.ആർ ശ്രീകുമാർ, ഷെബിൻ ജോർജ്,അഷ്‌കർ ബാബു,ബഷീർ എന്നിവരാണ് കസ്റ്റഡിയിലെടുത്തത്.ഇന്ന് പുലർച്ചെയാണ് പ്രവർത്തകരുടെ വീടുകളിലെത്തി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അതേസമയം,കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയതിനെതിരെ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ രംഗത്തെത്തി. കേരളത്തിൽ ആർക്കും വഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് ഏകാധിപത്യ ഭരണമാണ് നടത്തുന്നത്. പൊലീസ് നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും സതീശൻ വാർത്താസമ്മേളത്തിൽ പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നാണ് കേരളത്തിലെത്തുന്നത്. വൈകിട്ട് 5 മണിക്ക് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയിലും യുവം കോൺക്ലേവിലും പങ്കെടുക്കും. വൈകിട്ട് 7 മണിക്ക് ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് അഞ്ച് മണിക്ക് വില്ലിങ്ടണ് ഐലൻഡിലെ നാവിക സേന വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുക.

സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പി.രാജീവ് പ്രധാനമന്ത്രിയെ സ്വീകരിക്കും. തുടർന്ന് 5.30 ക്ക് യുവമോർച്ചയുടെ റോഡ് ഷോയിൽ പങ്കെടുക്കും. വെണ്ടുരുത്തി പാലം മുതൽ തേവര വരെയുളള 1.8 കിലോമീറ്റർ ദൂരത്താണ് റോഡ് ഷോ നടക്കുക. ആറ് മണിക്ക് ആരംഭിക്കുന്ന യുവം കോണ്‍ക്ലേവില്‍ പ്രധാനമന്ത്രി യുവാക്കളുമായി സംവദിക്കും. ഒരു ലക്ഷത്തോളം പേരാണ് രജിസ്റ്റർ ചെയ്തിട്ടുളളത്. ഇതിൽ തെരഞ്ഞെടുക്കപ്പെട്ട 20,000 ഓളം പേരുമായാണ് പ്രധാനമന്ത്രി സംവദിക്കുക. കക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് നിരവധി പേർ പരിപാടിയിൽ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News