മുണ്ടക്കൈ ഉരുൾപൊട്ടൽ; ദുരന്തത്തിന്റെ ആഘാതം മോദി നേരിൽ കണ്ടിട്ടും സഹായം തടയുന്നുവെന്ന് പ്രിയങ്ക ഗാന്ധി
മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രനിലപാട് അനീതിയാണെന്നാണ് പ്രിയങ്ക എക്സിൽ കുറിച്ചത്.
ഡൽഹി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാടിനെതിരെ പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി ദുരന്തസ്ഥലം നേരിട്ട് കണ്ട് എല്ലാം മനസിലാക്കിയതാണ്, എന്നിട്ടും ബിജെപി സർക്കാർ രാഷ്ട്രീയം കളിക്കുന്നുവെന്നാണ് പ്രിയങ്കയുടെ പരാമർശം. ഇത് വെറും അശ്രദ്ധയല്ല അനീതിയാണെന്നും പ്രിയങ്ക എക്സിൽ കുറിച്ചു. ദുരിതമനുഭവിക്കുന്നവർക്ക് അവശ്യസഹായം നിഷേധിക്കുകയാണ് ബിജെപി. ദുരന്തസമയത്ത് ഹിമാചൽ പ്രദേശിലെ ജനങ്ങളോടും ഇതുതന്നെയാണ് ചെയ്തതെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ് പ്രധാനമന്ത്രിക്കയച്ച കത്തിനാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് മറുപടി നൽകിയത്.
ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചിരിക്കുന്നത്. എസ്ഡിആർഎഫ് ചട്ടം പ്രകാരം നോട്ടിഫൈ ചെയ്ത 12 ദുരന്തങ്ങളിൽ ഒന്നാണ് മിന്നൽ പ്രളയമെന്നും സംസ്ഥാനമാണ് ഇതിനാവശ്യമായ എല്ലാ സാമ്പത്തിക സഹായവും നൽകേണ്ടതെന്നും കത്തിലുണ്ട്.
2024- 25 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഇതിനോടകം കേന്ദ്രം കേരളത്തിന് കൈമാറിയിട്ടുണ്ട്. രണ്ടു തവണയായി 388 കോടി രൂപ നൽകി. ഇതിൽ 291 കോടി രൂപ നേരത്തേ തന്നെ നൽകി. ജൂലായ് 31ന് 145 കോടി രൂപയും ഒക്ടോബർ ഒന്നിന് ബാക്കി തുകയും മുൻകൂറായി തന്നെ കൈമാറി.
കേരളത്തിന്റെ അക്കൗണ്ടന്റ് ജനറൽ സംസ്ഥാനത്തിന്റെ കൈയിൽ ദുരന്തനിവാരണ ഫണ്ടിന്റെ നീക്കിയിരിപ്പായി 394.99 കോടി രൂപ ഉണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അതിനാൽ ആവശ്യത്തിന് ഫണ്ട് കേരളത്തിന്റെ പക്കലുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.
കേന്ദ്ര നിലപാട് കേരളത്തോടും കേരളീയരോടുമുള്ള വെല്ലുവിളിയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ദുരന്തത്തിന് ശേഷം കേന്ദ്രം ഇതുവരെ സഹായം നൽകിയിട്ടില്ല. ഇത് വയനാടിന് നേരെയുള്ള വധശ്രമമാണെന്നാണ് മന്ത്രിയുടെ പ്രസ്താവന.