പ്രിയങ്ക ഇന്ന് വയനാട്ടിൽ; സോണിയയും രാഹുലും ഒപ്പമുണ്ടാകും
നാളെ നാമനിർദേശ പത്രിക സമർപ്പിക്കും
വയനാട്: തെരഞ്ഞെടുപ്പിലെ കന്നിയങ്കത്തിനായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാത്രിയോടെ എത്തുന്ന പ്രിയങ്ക നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് പുറമെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും പ്രിയങ്കക്കൊപ്പമുണ്ടാകും. നാളെ രാവിലെ 11 മണിക്ക് കൽപ്പറ്റയിൽ റോഡ് ഷോ നടക്കും.തുടർന്നാണ് പത്രിക സമർപ്പിക്കുക.
അതേസമയം വയനാടിലെ കോൺഗ്രസ് സ്ഥാനാർഥിയായ പ്രിയങ്ക ഗാന്ധിക്കായി ഡൽഹിയിലും മലയാളം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വയനാടിന്റെ പ്രിയങ്കരി എന്ന് വിശേഷിപ്പിച്ചാണ് പോസ്റ്റർ. എഐസിസ , യൂത്ത് കോൺഗ്രസ് ആസ്ഥാനങ്ങൾക്ക് പുറമെ ഡൽഹിയിലെ വിവിധ ഇടങ്ങളിലാണ് മലയാളം പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്. വയനാട്ടിൽ പാർട്ടി ഇറക്കിയിട്ടുള്ള പോസ്റ്ററുകളാണ് ഡൽഹിയിലും പതിച്ചിട്ടുള്ളത്.