സ്വത്ത് കണ്ടുകെട്ടല്‍ മാർക്സിസ്റ്റ് ഭരണകൂടത്തിന്റെ തനിനിറം വെളിപ്പെടുത്തി: ഇ.ടി മുഹമ്മദ് ബഷീർ എം.പി

തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നു എന്ന യക്ഷി കഥകള്‍ ഉണ്ടാക്കി മുസ്‌ലിം ലീഗിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് സിപിഎം ചെയ്തതെന്നും അതിനെ പേടിച്ച് ലീഗ് പിന്മാറില്ലെന്നു ചരിത്രമറിയുന്നവര്‍ക്ക് അറിയാമെന്നും ഇ.ടി പറഞ്ഞു

Update: 2023-01-23 17:11 GMT
Advertising

കോഴിക്കോട്: പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്ത നടപടിയും ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യാപകമായ സ്വത്ത് കണ്ടു കെട്ടലും മാര്‍ക്‌സിസ്റ്റ് ഭരണകൂടത്തിന്റെ തനിനിറം മറയില്ലാതെ തെളിയിക്കുന്നതാണെന്ന് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ബി.ജെ.പിയോട് ചുവട് പിടിച്ച് ഒപ്പത്തിനൊപ്പം നീങ്ങുന്ന അവരുടെ പരിഹാസ്യമായ രാഷ്ട്രീയ സമീപനത്തിന്റെ കപട മുഖവുമാണ്. മുസ്‌ലിം ലീഗ് പാര്‍ട്ടി ഏതുകാലത്തും മാര്‍ക്‌സിസ്റ്റ്, ഫാസിസ്റ്റ് രഹസ്യ ബന്ധങ്ങളെ തുറന്നു കാണിച്ചിട്ടുണ്ട്. അതിന് എതിരെയായി ഭൗതികപരമായതും ഭരണഘടനപരമായതും ആയ പോരാട്ടം നടത്തികൊണ്ടിരിക്കുന്നുണ്ട്. പക്ഷേ ഇങ്ങനെ നീങ്ങുമ്പോള്‍ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നു എന്ന യക്ഷി കഥകള്‍ ഉണ്ടാക്കി മുസ്‌ലിം ലീഗിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് സിപിഎം ചെയ്തതെന്നും അതിനെ പേടിച്ച് ലീഗ് പിന്മാറില്ലെന്നു ചരിത്രമറിയുന്നവര്‍ക്ക് അറിയാമെന്നും ഇ.ടി പറഞ്ഞു.

നീതിക്കുവേണ്ടിയുള്ള മുസ്‌ലിം ലീഗ് നേതാക്കന്മാരുടെ ശബ്ദങ്ങള്‍ക്ക് ഇന്ത്യന്‍ പാര്‍ലമെന്റും കേരള അസംബ്ലിയും മുസ്‌ലിം ലീഗിനൊപ്പം അണിനിരന്ന അണികളും കാണിച്ചിട്ടുള്ള ശക്തമായ നിലപാടിനെ ഇകഴ്ത്തി കാണിക്കാനോ ക്ഷീണിപ്പിക്കാനോ ഈ രണ്ടു ഭരണകൂടങ്ങള്‍ക്കുമാകില്ല. പാര്‍ലമെന്റിലും അസംബ്ലിയിലും മുസ്‌ലിം ലീഗ് നടത്തിയിട്ടുള്ള പോരാട്ടങ്ങള്‍ ശക്തമായി ഇനിയും തുടരുമെന്നും പറഞ്ഞ ഇ.ടി പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് നേരെ കേസെടുക്കുന്നതില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വിചിത്രമായ നിലപാട് അവര്‍ കാണിക്കുന്ന ക്രൂരമായ രാഷ്ട്രീയമാണെന്നും യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ ശക്തി ഉപയോഗിച്ച് പൊതുമുതല്‍ നശിപ്പിക്കുക എന്നുള്ളത് അജണ്ടയായി എടുത്തിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം എന്നും കൂട്ടിച്ചേർത്തു.

കേരളത്തില്‍ പൊതുസ്വത്ത് നശിപ്പിച്ചതുമായി ബന്ധപ്പെട്ടിട്ടുള്ള കേസുകള്‍ എടുത്തു പരിശോധിച്ചാല്‍ അതില്‍ ഏറ്റവും പ്രധാന പ്രതികള്‍ സിപിഎമ്മുകാര്‍ തന്നെയാണെന്ന് പറയാന്‍ നമ്മുടെ നാട്ടില്‍ നിത്യവും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തന്നെ തെളിവാണെന്നും ഇ.ടി പറഞ്ഞു. പൊതുസ്വത്ത് നശിപ്പിക്കുന്നത് എങ്ങനെയെന്ന് അസംബ്ലിയില്‍ വളരെ നാണക്കേട് ഉണ്ടാക്കുന്ന വിധത്തില്‍ പരസ്യപ്രദര്‍ശനം നടത്തിയവരാണ് അവര്‍. ഇപ്പോള്‍ അവര്‍ ഈ വിധത്തില്‍ ഒന്നും ചെയ്തിട്ടില്ലാത്തവരുടെ പേരില്‍ കള്ളക്കേസുണ്ടാക്കി തങ്ങളുടെ പൊതുസ്വത്ത് നശിപ്പിക്കുന്നതിലുള്ളതായ കുടിലതന്ത്രം പ്രയോഗിച്ച് കാണുമ്പോള്‍ സംസ്ഥാനത്തിന് അത് പരിഹാസമായി തന്നെ തോന്നുമെന്നതില്‍ സംശയമില്ലെന്നും പി.എഫ്.ഐക്കാരുടെ പേരില്‍ എന്ന രീതിയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സ്വത്ത് കണ്ടുകട്ടല്‍ നടപടി വിചിത്രമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനപ്രമാണമാണ് തുല്യനീതി എന്നുള്ളത്,പാര്‍ട്ടികള്‍ ഏതായിരുന്നാലും സംഭവം എന്തുതന്നെയായിരന്നാലും നിയമത്തില്‍ തുല്യത 'ഇക്വാലിറ്റി ബിഫോര്‍ ദി ലോ' എന്നത് ഭരണഘടനയുടെ അടിസ്ഥാന പ്രമാണമാണ്. ഇതിനെതിരെയായി നീക്കങ്ങള്‍ വരുന്ന സമയത്ത് പാര്‍ട്ടി തിരിച്ച് വ്യക്തികളെ തിരിച്ച് നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന നടപടിക്കെതിരെ മൗനം ദീക്ഷിക്കാന്‍ മുസ്‌ലിം ലീഗിനാകില്ല.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തുന്ന വെല്ലുവിളികളെ എതിര്‍ക്കുന്ന സമയത്ത് അവര്‍ കാണിക്കുന്ന വ്യാജ വേഷങ്ങള്‍ ധാരാളം കണ്ടിട്ടുള്ള ആളുകളുടെ മുമ്പില്‍ ഇതൊന്നും വിലപ്പോകില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ ദുഷ്ടലാക്കിനേയും ലീഗ് ശക്തമായി എതിര്‍ക്കും. പാര്‍ലമെന്റില്‍ ബിജെപിക്കെതിരെയെ ന്നോണം കേരളത്തില്‍ സിപിഎമ്മിന്റെ നയങ്ങളെയും നഖശിഖാന്തം എതിര്‍ക്കുന്നതില്‍ നിന്ന് മുസ്ലിംലീഗിനെ പേടിപ്പിച്ചു നിര്‍ത്താമെന്ന് ആരും കരുതേണ്ടതില്ലെന്നും ഇ.ടി മുന്നറിയിപ്പ് നല്‍കി.

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് തന്‍റെ അറസ്റ്റ് എന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പ്രതികരിച്ചിരുന്നു. സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ശക്തമായി മുന്നോട്ട് പോവുമെന്നും ഫിറോസ് പറഞ്ഞു. അറസ്റ്റിന് ശേഷം വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ഫിറോസിന്‍റെ പ്രതികരണം.

പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്തത് സർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചിരുന്നു. അധികാരത്തിന്റെ ഹുങ്ക് കാട്ടി ജനകീയ സമരങ്ങളെ അടിച്ചമർത്താമെന്നും നേതാക്കളെ ജയിലിലടക്കാമെന്നും കരുതേണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.

പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്ത നടപടി ഭരണകൂട ഭീകരതയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യു ഡി എഫ് നിയമനടപടി സ്വീകരിക്കുമെന്നും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പി കെ ഫിറോസിന്റെ അറസ്റ്റിൽ പതറില്ലെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജാമ്യം കിട്ടാതിരിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. ജനകീയ സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്ക് ഫിറോസിനെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയുടേതാണ് നടപടി. തിരുവനന്തപുരം പാളയത്ത് വെച്ച് കന്റോൺമെന്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പൊലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ സ്വകാര്യ സ്വത്ത് നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

യൂത്ത് ലീഗ് സംഘടിപ്പിച്ച മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. മാർച്ച് അക്രമാസക്തമായതോടെ ഗ്രനേഡും കണ്ണീർ വാതകവും അടക്കം ഉപയോഗിച്ചാണ് പൊലീസ് പ്രവർത്തകരെ പിരിച്ചുവിട്ടത്. നിലവിൽ 28 യൂത്ത് ലീഗ് പ്രവർത്തകർ ഈ കേസിൽ റിമാൻഡിലാണ്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News