പണ്ടാര ഭൂമി ഏറ്റെടുക്കൽ: ലക്ഷദ്വീപിൽ പ്രതിഷേധം കനക്കുന്നു; ജനജീവിതത്തെ ബാധിക്കരുതെന്ന് എം.പി

കവരത്തി, ആന്ത്രോത്ത്, കൽപേനി തുടങ്ങിയ വിവിധ ദ്വീപുകളിലാണ് പണ്ടാര ഭൂമി തിരിച്ചുപിടിക്കാൻ സർവേ നടപടികളുമായി ഉദ്യോഗസ്ഥർ എത്തിയത്.

Update: 2024-07-03 13:58 GMT
Advertising

കൊച്ചി: പണ്ടാര ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ലക്ഷദ്വീപിൽ പ്രതിഷേധം കനക്കുന്നു. വിവിധ ദ്വീപുകളിൽ ഇന്ന് സർവേക്കെത്തിയ ഉദ്യോ​ഗസ്ഥർക്കെതിരെ ജനങ്ങളിൽ നിന്ന് വലിയ പ്രതിഷേധമാണ് ഉയർന്നത്.

കവരത്തി, ആന്ത്രോത്ത്, കൽപേനി തുടങ്ങിയ വിവിധ ദ്വീപുകളിലാണ് പണ്ടാര ഭൂമി തിരിച്ചുപിടിക്കാൻ സർവേ നടപടികളുമായി ഉദ്യോഗസ്ഥർ എത്തിയത്. വിവിധ പ്രദേശങ്ങളിൽ ജനങ്ങൾ ഒന്നടങ്കം ഉദ്യോഗസ്ഥരെ തടഞ്ഞു. എന്നാൽ ഉദ്യോഗസ്ഥർ പൊലീസ് സംരക്ഷണത്തിൽ സർവേ നടപടികളുമായി മുന്നോട്ടുപോയെങ്കിലും പ്രതിഷേധം ശക്തമായി.

സർവേ നടപടികൾ പുരോഗമിക്കുന്ന വിവിധ പ്രദേശങ്ങളിൽ നൂറുകണക്കിന് ജനങ്ങളാണ് ഒത്തുകൂടിയത്. ഇതിനിടെ ലക്ഷദീപ് എം.പി ഹംദുല്ല സഈദ് സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഭരണകൂട നടപടികളിൽ കടുത്ത എതിർപ്പ് രേഖപ്പെടുത്തിയ എം.പി, അഡ്മിനിസ്ട്രേഷന്റെ നടപടികൾ ലക്ഷദ്വീപിലെ ക്രമസമാധാനം തകർക്കുമെന്ന് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.

ഇത്തരം നടപടികളിൽ കടുത്ത എതിർപ്പും പ്രതിഷേധവും ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം, ജനജീവിതത്തെ ബാധിക്കരുതെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. ജൂൺ 29നാണ് പണ്ടാര ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ ആക്കണമെന്ന് കാട്ടി ലക്ഷദ്വീപ് ഭരണകൂടം ഡെപ്യൂട്ടി കലക്ടർമാർക്ക് നിർദേശം നൽകിയത്.

ഇതോടെ 3117 വീടുകളും നിരവധി ആരാധനാലയങ്ങളും ഉൾപ്പെടെ ഒട്ടേറെ കെട്ടിടങ്ങൾ ഒഴിപ്പിക്കപ്പെടും. ഒന്നരലക്ഷം തെങ്ങുകളും മുറിച്ചു മാറ്റേണ്ടിവരും. എന്നാൽ അർഹമായ നഷ്ടപരിഹാരം ലഭിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

കാർഷികാവശ്യങ്ങൾക്കായി ലീസിന് നൽകിയ പണ്ടാരം ഭൂമി തിരികെ അടിയന്തരമായി തിരിച്ചുപിടിക്കണമെന്നാണ് ലക്ഷദ്വീപ് ഭരണകൂടം ഡെപ്യൂട്ടി കലക്ടർമാർക്ക് നിർദേശം നൽകിയത്. വിവിധ ദ്വീപുകളിലായി 575.75 ഹെക്ടർ ഭൂമിയാണ് ദ്വീപ് ഭരണകൂടം തിരിച്ചുപിടിക്കാൻ ഒരുങ്ങുന്നത്. വികസന പ്രവർത്തനങ്ങൾക്ക് ഭൂമി കണ്ടെത്താൻ വേണ്ടി എന്നാണ് വിശദീകരണം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News