കോൺഗ്രസ് വിട്ടുവന്ന പി.എസ്. പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു പ്രശാന്ത്
Update: 2023-10-26 08:16 GMT
തിരുവനന്തപുരം: കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന പി.എസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം.
രണ്ടു വർഷത്തേക്കാണ് കാലാവധി. ദേവസ്വം പ്രസിഡൻ്റ് കെ.അനന്തഗോപൻ്റെ കാലാവധി അടുത്ത മാസം അവസാനിക്കും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു പ്രശാന്ത്.
ഡി.സി.സി പ്രസിഡൻ്റ് പാലോട് രവിയുടെ നേതൃത്വത്തിൽ തന്നെ കാലുവാരിയെന്ന് പരാതി ഉയർത്തിയിരുന്നു. തുടർന്ന് സസ്പെൻഷൻ ആയി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ വിമർശനം ഉന്നയിച്ചതോടെ പാർട്ടിയിൽ നിന്നും പുറത്തായി.
സിപിഎമ്മിൽ ചേർന്ന പ്രശാന്തിനെ കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റായി നിയമിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ സുപ്രധാന പദവി നൽകുന്നത്.