'കോൺഗ്രസുകാർ തന്നെ തള്ളിക്കളഞ്ഞ സ്ഥാനാർഥിയാണ് രമ്യ ഹരിദാസ്, അവരെ പിൻവലിക്കണം': പി.വി അൻവർ

രമ്യയെ പിൻവലിച്ച് എൻ.കെ സുധീറിനെ പിന്തുണക്കണമെന്ന് പി.വി അൻവർ

Update: 2024-10-20 14:36 GMT
Editor : ദിവ്യ വി | By : Web Desk
Advertising

പാലക്കാട്: ചേലക്കരയിൽ സ്ഥാനാർഥി രമ്യ ഹരിദാസിനെ കോൺഗ്രസ് പിൻവലിക്കണമെന്ന് പി.വി അൻവർ എംഎൽഎ. പാലക്കാടും ചേലക്കരയിലും പി.വി അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള(ഡിഎംകെ)യുടെ ടിക്കറ്റിൽ മത്സരിക്കുന്നവരെ പിൻവലിക്കണമെന്ന് യുഡിഎഫ് ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

രമ്യ ഹരിദാസിനെ അവരുടെ പാർട്ടിക്കാർ തന്നെ തള്ളിക്കളഞ്ഞതാണ്. ചേലക്കരയിൽ ഡിഎംകെ പിന്തുണയിൽ മത്സരിക്കുന്ന എൻ.കെ സുധീറിനെ യുഡിഎഫ് പിന്തുണയ്ക്കണം. നാമനിർദേശപത്രിക നൽകി പ്രവർത്തനം നടത്തി ഒരാഴ്ച മുന്നോട്ടു പോയ കോൺഗ്രസിന്റെ എത്രയോ സ്ഥാനാർഥികളെ പിൻവലിച്ച ചരിത്രമുണ്ട്. ചേലക്കരയിൽ കോൺഗ്രസ് രമ്യ ഹരിദാസിനെ പ്രഖ്യാപിക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. നാമനിർദേശ പത്രിക നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രമ്യയെ പിൻവലിച്ച് സുധീറിനെ പിന്തുണക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അവർ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ആലോചിച്ചിരുന്നാൽ കപ്പൽ പോകുമെന്നും അൻവർ പറഞ്ഞു. രമ്യയെ കോൺഗ്രസുകാർ തന്നെ തള്ളിക്കളഞ്ഞ നേതാവാണ്. അത് കോൺഗ്രസുകാരോട് ചോദിച്ചാൽ മനസിലാവുമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പാലക്കാടും ചേലക്കരയിലും സ്ഥാനാർഥികളെ പിൻവലിക്കണമെന്ന‌ യുഡിഎഫ് ആവശ്യം പി.വി അൻവർ തള്ളി. സ്ഥാനാർഥികളെ തത്കാലം പിൻവലിക്കില്ലെന്നും ആദ്യം ഞാനുന്നയിച്ച ആവശ്യം അംഗീകരിക്കട്ടെയെന്നുമാണ് അൻവറിന്റെ പ്രതികരണം. നേതാക്കളുമായി ഇപ്പോഴും ചർച്ച നടന്നുകൊണ്ടിരിക്കയാണെന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നിലവിലെ പോലെ മുന്നോട്ടുപോകുമെന്നും അൻവർ വ്യക്തമാക്കി.

ആർഎസ്എസ്- ബിജെപി വർഗീയതയും പിണറായിസവും തകർക്കുക എന്ന ലക്ഷ്യവുമായാണ് ഡിഎംകെ തെരഞ്ഞെടുപ്പിനെ നേരിടുന്നതും മുന്നോട്ടു പോകുന്നതും. ഇതിലാണ് യുഡിഎഫുമായി വ്യത്യസ്ത നിലപാടിലുള്ളതെന്നും അൻവർ പറഞ്ഞു.

മുൻ കോൺഗ്രസ് നേതാവ് എൻ.കെ സുധീറാണ് അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള(ഡിഎംകെ)യുടെ പാർട്ടി ടിക്കറ്റിൽ ചേലക്കരയിൽ നിന്ന് ജനവിധി തേടുന്നത്. ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജ് മെദാർ ആണ് പാലക്കാട് ഡിഎംകെ സ്ഥാനാർഥി. 

Full View


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News