ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് പി. ശശി; പൊളിറ്റിക്കൽ സെക്രട്ടറി മുഖ്യമന്ത്രിക്കും പ്രവർത്തകർക്കുമിടയിൽ മറയായി നിന്നു: പി.വി അൻവർ
ഷാജൻ സ്‌കറിയക്കെതിരായ നിയമപോരാട്ടത്തിന് തടയിട്ടത് പി. ശശിയും എം.ആർ അജിത്കുമാറും ചേർന്നാണെന്നും അൻവർ ആരോപിച്ചു.
മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ ആരോപണങ്ങൾ കടുപ്പിച്ച് പി.വി അൻവർ എംഎൽഎ. ശശിയുടെ നടപടികൾ മുന്നണിയെയും പാർട്ടിയെയും പ്രതിസന്ധിയിലാക്കി. ശശിക്ക് വേറെ താത്പര്യങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.
ഷാജൻ സ്‌കറിയക്കെതിരായ നിയമപോരാട്ടത്തിന് തടയിട്ടത് പി. ശശിയും എം.ആർ അജിത്കുമാറും ചേർന്നാണ്. അതിന് ശേഷം താൻ പി. ശശിയുമായി ബന്ധപ്പെട്ടിട്ടില്ല. ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് പി. ശശിയാണ്. പ്രവർത്തകരെ മുഖ്യമന്ത്രിയുടെ അടുത്തേക്ക് അടുപ്പിക്കുന്നില്ല. മുഖ്യമന്ത്രിക്കും പാർട്ടി പ്രവർത്തകർക്കുമിടയിൽ പൊളിറ്റിക്കൽ സെക്രട്ടറി ഒരു മറയായി നിൽക്കുകയാണെന്നും അൻവർ ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ 11 മണിക്ക് വാർത്താസമ്മേളനം നടത്താനിരിക്കെയാണ് അൻവർ ആരോപണങ്ങൾ കടുപ്പിച്ച് രംഗത്തെത്തിയത്. ശശിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കാത്ത തരത്തിലുള്ള ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. എഡിജിപി എം.ആർ അജിത്കുമാർ സോളാർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചു. അതിന് പ്രതികളിൽനിന്ന് പണം വാങ്ങി. കള്ളപ്പണം വെളുപ്പിക്കാൻ കവടിയാറിൽ ഫ്‌ളാറ്റ് വാങ്ങി മറിച്ചുവിറ്റു തുടങ്ങിയ ആരോപണങ്ങളും അൻവർ ഉന്നയിച്ചു.