മാമിയുടെ തിരോധാനക്കേസില്‍ നിർണായക നീക്കവുമായി പി.വി അൻവർ; മുൻ ക്രൈം ബ്രാഞ്ച് എസ്‍പി വിക്രമിനെ അന്വേഷണച്ചുമതല ഏൽപ്പിക്കണമെന്ന് ആവശ്യം
കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കടേഷിനെ കണ്ട പി.വി അൻവർ ആവശ്യമുയര്‍ത്തിയിട്ടുണ്ട്
കോഴിക്കോട്: വ്യവസായി മാമിയുടെ തിരോധാനത്തില്‍ നിർണായക നീക്കവുമായി പി.വി അൻവർ എംഎൽഎ. മലപ്പുറം മുൻ ക്രൈം ബ്രാഞ്ച് എസ്‍പി വിക്രമിനെ തന്നെ അന്വേഷണച്ചുമതല ഏൽപ്പിക്കണമെന്ന ആവശ്യമുയര്‍ത്തിയിരിക്കുകയാണ് അൻവർ. ആവശ്യവുമായി അദ്ദേഹം കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കടേഷിനെ കണ്ടു.
അഡിഷണൽ അന്വേഷണ ഉദ്യോഗസ്ഥനായി വിക്രമിനെ നിയമിക്കണമെന്ന ആവശ്യമാണ് അൻവർ ഉയർത്തിയത്. വിക്രമിനെ കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയിരുന്നു. കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരിയായ മാമി എന്ന ആട്ടൂർ മുഹമ്മദിന്റെ തിരോധാനത്തിലും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാറിന് പങ്കുണ്ടെന്ന ആരോപണം അൻവർ ഉയർത്തിയിരുന്നു.
മാമി കേസുൾപ്പെടെ 15 വിഷയങ്ങളിൽ അജിത് കുമാറിന്റെ പങ്ക് അന്വേഷിക്കണമെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. തുടർന്നാണ് മാമി കേസ് മാത്രം ക്രൈം ബ്രാഞ്ചിനു കൈമാറിയത്. താൻ നൽകിയ മറ്റു വിഷയങ്ങളിലെ പരാതികളുമായി ബന്ധപ്പെട്ട തെളിവുകൾ അൻവർ കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു.
Summary: PV Anvar MLA demands that Malappuram ex-crime branch SP Vikram should be handed over to probe the Mami missing case